ന്യൂദല്‍ഹി: ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ സംസ്ഥാനത്തെവിടെയും പശുവിനേയോ കിടാവിനേയോ കശാപ്പ് ചെയ്യരുതെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി.
ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതി ഇടപെടല്‍. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് കൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലുടനീളം ഗോവധത്തിന് നിരോധനമേര്‍പ്പെടുത്തിയ ഹൈക്കോടതി വിധിയുടെ അവസാന ഖണ്ഡിക തിരുത്തല്‍ അര്‍ഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോക്ടര്‍ അഭിഷേക് മനു സിങ് വി ഹൈക്കോടതി വിധിക്കെതിരെ ശക്തമായ വാദങ്ങളാണ് ഉന്നയിച്ചത്.
1958ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമം അനുസരിച്ച് സംസ്ഥാനത്ത് പശുക്കളെ അറുക്കുന്നതിന് സമ്പൂര്‍ണ നിരോധനമില്ലെന്നും പ്രായം 10 വയസിന് മുകളിലുള്ളതും, പണികള്‍ക്കോ പ്രജനനത്തിനോ അനുയോജ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരി നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കശാപ്പ് ചെയ്യാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം വാദിച്ചു.
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം, 2001ലെ സ്ലോട്ടര്‍ ഹൗസ് ചട്ടങ്ങള്‍, 1998ലെ തമിഴ്നാട് അര്‍ബന്‍ ലോക്കല്‍ ബോഡീസ് ആക്ട് എന്നിവയെല്ലാം മൃഗങ്ങളെ കശാപ്പ് ചെയ്യാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്, അല്ലാതെ പൂര്‍ണമായി നിരോധിക്കുന്നില്ല.
നിലവിലുള്ള നിയമസംഹിതകളെ മറികടന്ന് പൂര്‍ണമായ ഗോവദ നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഹൈക്കോടതി യഥാര്‍ത്ഥത്തില്‍ നിയമനിര്‍മാണം നടത്തുകയാണ് ചെയ്തതെന്നും ഇത് നിയമസഭയുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും തമിഴ്നാട് സര്‍ക്കാര്‍ വാദിച്ചു.
Content Highlight: Tamil Nadu Cow Slaughter Ban Law: Supreme Court stays High Court order.