കന്യാകുമാരി: ആറ് പതിറ്റാണ്ടിന് ശേഷം തീരദേശമേഖലയിൽ മത്സ്യത്തൊഴിലാളി നേതാവിനെ മത്സരത്തിനിറക്കി തമിഴ്നാട് കോൺഗ്രസ്.
മത്സ്യ തൊഴിലാളികൾ ഭൂരിപക്ഷമുള്ള കൊളച്ചൽ നിയോജകമണ്ഡലത്തിലാണ് കോൺഗ്രസ് ഇത്തവണ മത്സ്യത്തൊഴിലാളി നേതാവായ തരഹായ് കുത്ത്ബെർട്ടിനെ സ്ഥാനാർത്ഥിയാക്കിയത്.
മൂന്നുതവണ എം.എൽ.എ ആയ പി.ജെ പ്രിൻസിന് സ്ഥാനാർത്ഥിത്വം നൽകാതെയാണ് ഇത്തവണ തരഹായ് മത്സരിപ്പിക്കുന്നത്.
2024 ൽ വിളവൻകോട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ അവർ വിജയിച്ചിരുന്നു.
തെരഞ്ഞെടുക്കപ്പെട്ടാൽ, അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കും താൻ മുൻഗണന നൽകുകയെന്നും കൊളച്ചൽ മണ്ഡലത്തെ ഒന്നാമതാക്കാൻ പരിശ്രമിക്കുമെന്നും കുത്ത്ബെർട്ട് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
1957 ൽ മുതിർന്ന നേതാവ് ലൂർദ്ദമ്മാൾ സൈമൺ കൊളച്ചൽ നിന്ന് വിജയിക്കുകയും മുൻ മുഖ്യമന്ത്രി കെ. കാമരാജിന്റെ മന്ത്രിസഭയിലെ സംസ്ഥാനത്തെ ആദ്യ വനിതാ മന്ത്രിയായി മാറുകയും ചെയ്തിരുന്നു.
1962 ൽ അവർ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അതിനുശേഷം ഈ മണ്ഡലത്തിൽ മത്സരിക്കാൻ മത്സ്യത്തൊഴിലാളി സമൂഹത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ പാർട്ടി ഇതുവരെ രംഗത്തിറക്കിയിട്ടില്ല.
‘തരഹായ് കുത്ത്ബെർട്ട് തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ നിയമസഭയിൽ ഞങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ സാധിക്കും,’ സൗത്ത് ഏഷ്യൻ ഫിഷർമെൻ ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി എ. ചർച്ചിൽ പറഞ്ഞു.
കൊളച്ചൽ ഇക്കുറി ശക്തമായ ഒരു മത്സരമാണ് നടക്കുന്നത്. ബി.ജെ.പി ഹിന്ദു നാടാർ സമുദായത്തിൽ നിന്നുള്ള ടി. ശിവകുമാറിനെ രംഗത്തിറക്കിയപ്പോൾ, ടി.വി.കെ പ്രേം അലക്സ് ലോറൻസിനെയും എൻ.ടി.കെ ആൻസി ശോഭ റാണിയെയും സ്ഥാനാർത്ഥികളാക്കി. ഇവർ രണ്ടുപേരും ക്രിസ്ത്യൻ നാടാർ സമുദായത്തിൽ നിന്നുള്ളവരാണ്.
കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച കോൺഗ്രസിന്റെ ശക്തമായ കോട്ടയാണ് ഈ മണ്ഡലം. പലതവണ മത്സരിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പിക്ക് ഇവിടെ ഇതുവരെ വിജയിക്കാൻ കഴിഞ്ഞിട്ടില്ല.
Content Highlight: Tamil Nadu Congress fields fisherman leader for first time in Kolachal constituency since 1962