ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 500 മീറ്ററില്‍ കുറവ് ദൂരത്തിലുള്ള 717 മദ്യവില്‍പ്പന ശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി വിജയ്. മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റ് രണ്ട് ദിവസത്തിനുള്ളിലാണ് ഈ ഉത്തരവ്.
രണ്ടാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണം. ജനക്ഷേമം കണക്കിലെടുത്താണ് ഈ നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.
നിലവില്‍ തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ്ങ് കോര്‍പ്പറേഷന് (ടാസ്മാക്) കീഴിലുള്ള 4765 മദ്യവില്‍പന ശാലകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ നിന്ന് സ്‌കൂളുകളുടെയോ ആരാധനാലയങ്ങളുടെയോ ബസ് സ്റ്റാന്റുകളുടെയോ 500 മീറ്റര്‍ ദൂരപരിധിക്കുള്ളിലുള്ള വില്‍പന ശാലകളുടെ കണക്കെടുക്കാന്‍ വിജയ് നിര്‍ദേശം നല്‍കിയിരുന്നതായി സര്‍ക്കാര്‍ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഈ ഉത്തരവ് പ്രകാരം ഇത്തരത്തിലുള്ള 717 ടാസ്മാക് മദ്യശാലകള്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ 276 മദ്യശാലകള്‍ ആരാധനാലയങ്ങള്‍ക്ക് സമീപമാണ്. 255 എണ്ണം ബസ് സ്റ്റാന്റുകള്‍ക്കടുത്തും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കടുത്തും.
മദ്യവില്‍പന ശാലകളുടെ കാര്യത്തില്‍ കര്‍ശന നിയന്ത്രണം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപത്തെ മദ്യശാലകളെക്കുറിച്ച് ജനത്തിനിടയില്‍ നിന്ന് ആശങ്കകളുയര്‍ന്നിരുന്നുവെന്നും അവര്‍ പറയുന്നു.
മേയ് 10 നാണ് വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സത്യപ്രതിജ്ഞാ വേദിയില്‍ വച്ച് മൂന്ന് ജനപ്രിയ ഉത്തരവുകളില്‍ വിജയ് ഒപ്പുവച്ചിരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സത്രീ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക സേനയും ഹെല്‍പ് ലൈനും, മയക്കുമരുന്ന് കടത്ത് തടയാന്‍ പ്രത്യേക യൂണിറ്റുകളുടെ രൂപീകരണം എന്നിവയ്ക്കുള്ള ഉത്തരവുകളിലായിരുന്നു ഒപ്പുവച്ചത്.
സത്യപ്രതിജ്ഞാവേദിയില്‍ വച്ച് ഈ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയതോടെ ഭരണകക്ഷി ടി.വി.കെയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനങ്ങളാണ് പാലിക്കപ്പെട്ടത്. തമിഴ്‌നാടിനെ ലഹരി വിമുക്തമാക്കുമെന്നും പ്രകടന പത്രികയില്‍ ടി.വി.കെ പ്രഖ്യാപിച്ചിരുന്നു.
Content Highlight: Tamil Nadu CM Vijay orders closure of over 700 govt-run TASMAC liquor stores near schools, bus stops