| Thursday, 16th April 2026, 11:54 am

പ്രതിഷേധ ജ്വാല പടരട്ടെ; മണ്ഡല പുനര്‍നിര്‍ണയ ബില്‍ പകര്‍പ്പ് കത്തിച്ച് സ്റ്റാലിന്‍; പാര്‍ലമെന്റില്‍ പ്രമേയവുമായി കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കാനൊരുങ്ങുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെതിരെ തമിഴ്നാട്ടില്‍ കടുത്ത പ്രതിഷേധം.

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനിരിക്കെ, നാമക്കലില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കരിങ്കൊടി കാണിക്കുകയും ബില്ലിന്റെ പകര്‍പ്പ് കത്തിക്കുകയും ചെയ്തു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് ഡി.എം.കെ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് സ്റ്റാലിന്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. മണ്ഡല പുനര്‍നിര്‍ണ്ണയം നടപ്പിലാക്കുന്നതിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും പ്രത്യേകിച്ച് തമിഴ്നാടിനും പാര്‍ലമെന്റിലുള്ള പ്രാതിനിധ്യം ഗണ്യമായി കുറയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിഷേധത്തിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി കരിങ്കൊടി ഉയര്‍ത്താനും ബില്ലിന്റെ പകര്‍പ്പുകള്‍ കത്തിക്കാനും സ്റ്റാലിന്‍ ആഹ്വാനം ചെയ്തു.

ഇതിന്റെ തുടക്കമെന്നോണം മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയില്‍ കരിങ്കൊടി ഉയര്‍ത്തി. അടുത്ത മൂന്ന് ദിവസത്തേക്ക് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധം അറിയിക്കാനും മുഖ്യമന്ത്രി തമിഴ് ജനതയോട് ആവശ്യപ്പെട്ടു.

‘ഈ പ്രതിഷേധം ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കും. തമിഴ്നാട്ടിലുടനീളം പ്രതിരോധത്തിന്റെ ജ്വാല പടരട്ടെ. ഫാസിസ്റ്റ് ബി.ജെ.പിയുടെ അഹങ്കാരം കെട്ടടങ്ങട്ടെ,’ – എം.കെ. സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

1950കളിലെയും 60കളിലെയും ഹിന്ദി വിരുദ്ധ പ്രക്ഷോഭവുമായാണ് ഈ സമരത്തെ സ്റ്റാലിന്‍ താരതമ്യം ചെയ്തത്. അന്ന് തമിഴ്നാട്ടില്‍ നിന്നുണ്ടായ പ്രതിഷേധാഗ്‌നി ദല്‍ഹിയെ ചുട്ടുപൊള്ളിച്ചെന്നും കേന്ദ്രത്തിന് വഴങ്ങേണ്ടി വന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തമിഴരെ സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളാക്കാന്‍ ശ്രമിക്കുന്ന ഈ ‘കറുത്ത നിയമം’ ദ്രാവിഡ മണ്ണില്‍ ബി.ജെ.പിയുടെ അഹങ്കാരത്തെ മുട്ടുകുത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ ലോക്സഭയില്‍ ഡി.എം.കെ എം.പി കനിമൊഴി നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മൂന്ന് നിര്‍ണ്ണായക ബില്ലുകളെ എതിര്‍ത്തുകൊണ്ടാണ് കനിമൊഴി പ്രമേയത്തിന് നോട്ടീസ് നല്‍കിയത്:

2026ലെ ഭരണഘടന (131ാം ഭേദഗതി) ബില്ല്, 2026ലെ കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ (ഭേദഗതി) ബില്ല്, 2026ലെ മണ്ഡലപുനര്‍നിര്‍ണയ ബില്ല് എന്നീ ബില്ലുകളാണ് ഇന്ന് സഭയില്‍ അവതരിപ്പിക്കുന്നത്.

വനിതാ സംവരണവും മണ്ഡല പുനര്‍നിര്‍ണ്ണയവും തമ്മില്‍ ബന്ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ഇതിനകം തന്നെ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ശിക്ഷിക്കുന്ന രീതിയിലാണ് നിലവിലെ മണ്ഡല പുനര്‍നിര്‍ണ്ണയ മാനദണ്ഡങ്ങളെന്നാണ് ഡി.എം.കെയുടെ വാദം.

മണ്ഡല പുനര്‍നിര്‍ണ്ണയം നടപ്പിലാക്കുമ്പോള്‍ ജനസംഖ്യ അടിസ്ഥാനമാക്കിയാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലോക്സഭാ സീറ്റുകള്‍ വര്‍ദ്ധിക്കുകയും ദക്ഷിണേന്ത്യയില്‍ സീറ്റുകള്‍ കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യും. ഇത് രാജ്യത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ ദക്ഷിണേന്ത്യയുടെ ശബ്ദം ദുര്‍ബലമാക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

Content Highlight: Tamil Nadu CM MK Stalin burns copy of delimitation Bill

We use cookies to give you the best possible experience. Learn more