| Tuesday, 26th August 2025, 9:29 am

ആഗോള അയ്യപ്പ സംഗമത്തില്‍ മുഖ്യാതിഥിയായി സ്റ്റാലിന്‍ പങ്കെടുക്കില്ല, പകരക്കാര്‍ മന്ത്രിസഭയിലെ രണ്ട് പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളില്‍ ഉള്ളതിനാലാണ് സ്റ്റാലിന്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം.

സ്റ്റാലിന് പകരം മറ്റ് രണ്ട് മന്ത്രിമാര്‍ പങ്കെടുക്കും. ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ബാബു, ഐ.ടി മന്ത്രി പഴനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് സ്റ്റാലിന്റെ അഭാവത്തില്‍ പരിപാടിയില്‍ പങ്കെടുക്കുക.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വിശ്വാസി സംഗമം എന്ന പേരില്‍ സെപ്റ്റംബര്‍ 20ന് പമ്പാ തീരത്ത് തിരുവിതാകൂര്‍ ദേവസ്വത്തിന്റെ നേതൃത്വത്തിലാണ് ആഗോള അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നത്. പരിപാടിയിലെ മുഖ്യാതിഥിയായാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ തീരുമാനിച്ചിരുന്നത്.

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ എം.കെ. സ്റ്റാലിനെ ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

അയ്യപ്പ സംഗമത്തിലേക്ക് മുഖ്യാതിഥിയായി എം.കെ. സ്റ്റാലിനെ ക്ഷണിച്ചതിനെതിരായ ബി.ജെ.പി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള സി.പി.ഐഎം സര്‍ക്കാരിന്റെ അയ്യപ്പ സംഗമം ഒരു നാടകവും ജനങ്ങളെ വിഡ്ഢികളാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗവുമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞിരുന്നു.

‘ഹിന്ദു വിശ്വാസികളോടും ശബരിമല അയ്യപ്പഭക്തരോടും മാപ്പ് പറഞ്ഞിട്ട് മാത്രമേ പിണറായിക്കും സ്റ്റാലിനും അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയുകയുള്ളു. അയ്യപ്പ ഭക്തര്‍ക്കെതിരെ കേസെടുത്ത് ജയിലടച്ചതിന് പിണറായി വിജയന്‍ സര്‍ക്കാര്‍ മാപ്പ് പറയണം.

സ്റ്റാലിനും മകന്‍ ഉദയനിധിയും കേരളത്തിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അവര്‍ ഹിന്ദുക്കളോട് മാപ്പ് പറഞ്ഞേ മതിയാവൂ. ഇതൊന്നും ചെയ്യാതെ, സ്റ്റാലിനോ പിണറായിയോ ശബരിമല ഭക്തരെയോ അവരുടെ വിശ്വാസത്തെയോ ദുരുപയോഗം ചെയ്യാനും ഈ പരിപാടിയില്‍ പങ്കെടുക്കാനും ശ്രമിച്ചാല്‍, ബി.ജെ.പിയുടെ ഓരോ പ്രവര്‍ത്തകനും ഇതിനെതിരെ തെരുവിലിറങ്ങും എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പമ്പാ തീരത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

Content Highlight: Tamil Nadu Chief Minister MK Stalin will not attend the global Ayyappa Sangam

We use cookies to give you the best possible experience. Learn more