ചെന്നൈ: മുസ്‌ലിം ലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ലീഗ് തന്നെ ഇനിയും എത്രതവണ വിളിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍നിന്ന് വന്ന പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ വണക്കം.
ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി. കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്‌ലാമിക സമൂഹമാണ്.
മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. 2024 തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ജയിക്കാന്‍ നാം ഒരുമിച്ച് നില്‍ക്കണം. ഈ ആശയം ഇന്ത്യ മുഴുവന്‍ എത്തിക്കണം.
ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി ഖാഇദെ മില്ലത്തിന്റെ കാലം മുതലേ മുസ്ലിം ലീഗുണ്ടായിരുന്നു. ഖാഇദെ മില്ലത്ത് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം കലൈഞ്ജര്‍ മുസ്ലിം സമുദായത്തിന് വേണ്ടി നിറവേറ്റി നല്‍കി. ഈ സമ്മേളനം ചില രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചത് കേട്ടു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ആവുന്നതും ചെയ്യാന്‍ ശ്രമിക്കും. ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് ഞാന്‍ ഈ അവസരത്തില്‍ വാഗ്ദാനം ചെയ്യുകയാണ്,’ സ്റ്റാലിന്‍ പറഞ്ഞു.
അതിനിടെ, പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനം വേദിയില്‍ സ്റ്റാലിനെ ആദരിച്ചു. ദേശീയ നേതാക്കള്‍ സ്റ്റാലിന് ഉപഹാരം കൈമാറിയാണ് സമ്മേളനത്തിന്റെ ആദരവ് നല്‍കിയത്.
തമിഴകത്തിന്റെ നേതാവ് ഈ സമ്മേളനത്തിന് എത്തിയത് ഭാഗ്യമാണെന്ന് മുസ്‌ലിം
ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
‘ഇതുപോലൊരു നേതാവ് ഇന്ത്യക്കു വേണമെന്നാണ് എല്ലാവരും പറയുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തെപ്പറ്റിയും ലീഗിന്റെ വളര്‍ച്ചക്ക് വേണ്ടിയുമുള്ള ചര്‍ച്ചകള്‍ ഈ സമ്മേളനത്തില്‍ നടന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ആശങ്കകള്‍ രാഷ്ട്രീയ പ്രമേയത്തിലൂടെ അവതരിപ്പിച്ചു. തമിഴകത്തിന് നേതൃത്വം നല്‍കുന്ന പോലെ സ്റ്റാലിന്‍ ദല്‍ഹിയിലും മതേതര രാജ്യത്തിന് നേതൃത്വം നല്‍കണം
ജനം ആവശ്യപ്പെടുന്നതും അല്ലാത്തതുമായ എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്കായി ചെയ്യുന്ന നേതാവാണ് സ്റ്റാലിന്‍. സമുദായത്തിനു വേണ്ടി പറയുന്നതെല്ലാം അങ്ങ് കേള്‍ക്കുകയും ആവശ്യമായ കാര്യങ്ങള്‍ ചെയ്ത് തരികയും ചെയ്യുന്നു. നിങ്ങളാണ് യഥാര്‍ത്ഥ നേതാവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. തമിഴകത്തിന് കാലം തന്ന അനുഗ്രഹമാണ് സ്റ്റാലിന്‍. ഇന്ത്യക്ക് ഇങ്ങനെ ഒരു നേതാവ് വേണമെന്ന് ജനം പറയുന്നു. അങ്ങനെ സംഭവിക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. മുസ്‌ലിം ലീഗ് അതിന് വേണ്ടി എല്ലാ പിന്തുണയും നല്‍കുന്നതാണ്. ഈ സമ്മേളനത്തിന് എത്തിച്ചേര്‍ന്ന സ്റ്റാലിന് എല്ലാ നന്ദിയും അറിയിക്കുകയാണ്,’ ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.
Content Highlight: Tamil Nadu Chief Minister M.K. Stalin said that if the Muslim League calls him, he will not be able to attend the meeting