| Monday, 17th March 2025, 12:42 pm

അനുമതിയില്ലാതെ പ്രതിഷേധം നടത്താനൊരുങ്ങി; തമിഴ്‍നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‍നാട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ അറസ്റ്റിൽ. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിങ് കോർപ്പറേഷനിൽ (ടാസ്മാക്) ക്രമക്കേടുകൾ നടന്നതായി ആരോപിച്ച് പ്രതിഷേധം നടത്തുന്നതിന് മുന്നോടിയായാണ് അറസ്റ്റ്. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയെക്കൂടാതെ മുൻ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ എന്നിവരുൾപ്പെടെ നിരവധി തമിഴ്‌നാട് ബി.ജെ.പി നേതാക്കളെ ചെന്നൈ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

മഹിളാ മോർച്ച നേതാവും കോയമ്പത്തൂർ സൗത്ത് എം.എൽ.എയുമായ വനതി ശ്രീനിവാസൻ, വിനോജ് പി. സെൽവം, അമർ പ്രസാദ് റെഡ്ഡി എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു.

തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി നേതാക്കളെ പൊലീസ് വീട്ടുതടങ്കലിൽ ആക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന മേധാവി സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിച്ചു. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷനിൽ (TASMAC) 1000 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി പ്രതിഷേധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാസ്മാക്കിന്റെ പ്രവർത്തനങ്ങളിൽ ഒന്നിലധികം ക്രമക്കേടുകൾ കണ്ടെത്തിയതായി ഇ.ഡി നേരത്തെ പറഞ്ഞിരുന്നു. ടെൻഡർ പ്രക്രിയകളിലെ കൃത്രിമത്വം, ഡിസ്റ്റിലറി കമ്പനികൾ വഴി 1,000 കോടി രൂപയുടെ കണക്കുകൂട്ടലിൽ പെടാത്ത പണമിടപാടുകൾ എന്നിവയായിരുന്നു ഇ.ഡി ചൂണ്ടിക്കാണിച്ചത്.

മാർച്ച് ആറിന് ടാസ്മാകിന്റെ ഡിസ്റ്റിലറികളുടെ കോർപ്പറേറ്റ് ഓഫീസുകൾ, പ്ലാന്റുകൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയതിന് ശേഷമാണ് ഈ അഴിമതികളെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചതെന്ന് ഇ.ഡി പറഞ്ഞു.

Content Highlight: Tamil Nadu: BJP leader Annamalai welcomes arrest of party cadres

We use cookies to give you the best possible experience. Learn more