ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വിജയ് സര്‍ക്കാറിന്റെ ആദ്യ ബജറ്റിലാണ് അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്താനുള്ള ശ്രമം തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
നിലവിലുള്ള കരാറുകള്‍, ട്രൈബൂണല്‍ വിധികള്‍, നിയമനിര്‍ദ്ദേശങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജലനിരപ്പ് ഉയര്‍ത്തുക.
‘ദീര്‍ഘകാല ജലസുരക്ഷ ശക്തമാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതിയുടെ വേഗത്തിലുള്ള പൂര്‍ത്തീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുമെന്നും’ ധനമന്ത്രി ബജറ്റില്‍ പറഞ്ഞു.
1895-ല്‍ നിര്‍മ്മിച്ച അണക്കെട്ടിന് 130 വര്‍ഷത്തിലേറെ പഴക്കമുണ്ട്. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. മുല്ലപ്പെരിയാറിന് പുതിയ ഡാം അനുവദിക്കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടയില്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ കേന്ദ്രം മാറ്റിയതും വിവാദമായിരുന്നു.
അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേരളം ആശങ്കയിലാണ്. 2014 ലെ സുപ്രീം കോടതി വിധി പ്രകാരം മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടി വരെ ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി ലഭിച്ചിരുന്നു. എന്നാല്‍ 152 അടിവരെ ഉയര്‍ത്താന്‍ തമിഴ്‌നാട് മുന്‍പും ആവശ്യപ്പെട്ടിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
Content Highlights: Tamil Nadu announces plan to raise Mullaperiyar Dam water level.