സോഷ്യല്‍ മീഡിയയ്ക്ക് നിത്യജീവിതത്തില്‍ വലിയ പ്രാധാന്യമുള്ള കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. ലോകത്തിന്റെ ഏത് മുക്കിലുമുള്ള ആളുകളിലേക്ക് എത്തിച്ചേരാന്‍ സോഷ്യല്‍ മീഡിയയിലൂടെ സാധിക്കുമെന്നിരിക്കെ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും യൂട്യൂബ് വ്‌ളോഗര്‍മാര്‍ക്കും വലിയ സാധ്യതകളാണ് മുന്നിലുള്ളത്. എന്നാല്‍ താന്‍ ചെയ്ത ഒരു വീഡിയോയിലൂടെ ജീവിതം പൊറുതിമുട്ടിയ തമിഴ് ഇന്‍ഫ്‌ളുവന്‍സറാണ് ഇപ്പോള്‍ തരംഗമാകുന്നത്.
മധുര സ്വദേശിയായ വീരമണിയ്ക്കാണ് താന്‍ ചെയ്ത ഒരു വീഡിയോയുടെ പേരില്‍ ജീവിതം പൊറുതിമുട്ടിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ തനിക്ക് മധുര പലഹാരങ്ങള്‍ കഴിക്കാന്‍ തോന്നുന്നുവെന്നും ആരെങ്കിലും തനിക്ക് വാങ്ങിച്ച് നല്‍കുമോ എന്നും വീരമണി ഒരു വീഡിയയോയിലൂടെ ചോദിച്ചിരുന്നു. ഇതിനായി അദ്ദേഹം തന്റെ അഡ്രസും വീഡിയോയിലൂടെ പങ്കുവെച്ചു. ഇതാണ് വീരമണിയ്ക്ക് വിനയായിരിക്കുന്നത്.
പറഞ്ഞ അഡ്രസിലേക്ക് ചിലര്‍ മധുരപലഹാരങ്ങള്‍ അയച്ചുനല്‍കിയെങ്കിലും മറ്റുചിലര്‍ വീരമണിയെ പ്രാങ്ക് ചെയ്യാനായി വിലപിടിപ്പുള്ള സാധനങ്ങളാണ് ഇതേ അഡ്രസിലേക്ക് ഓര്‍ഡര്‍ ചെയ്യുന്നത്. ഇത് ഒരു ട്രെന്‍ഡായി മാറിയതോടെ നൂറുകണക്കിന് ഐറ്റംസാണ് ഇന്റഫ്‌ളുവന്‍സറുടെ വീട്ടിലേക്ക് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളില്‍ നിന്നും ഡെലിവെറിയായി എത്തുന്നത്. വരുന്ന ഓര്‍ഡറുകളെല്ലാം ക്യാഷ് ഓണ്‍ ഡെലിവെറി ആണെന്നതാണ് കഥയിലെ ട്വിസ്റ്റ്.
Photo: X.com
ലക്ഷകണക്കിന് രൂപ വിലമതിക്കുന്ന ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടി.വി തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും വീരമണിയുടെ വീട്ടിലേക്കെത്തുന്നുണ്ട്. ഡെലിവെറി ചെയ്യാനെത്തുന്നവരുടെ ശല്യം കാരണം വീടുമാറി ഒളിവില്‍ താമസിക്കേണ്ട അവസ്ഥയിലാണ് വീരമണി ഇപ്പോള്‍. ഒരല്പം സ്വീറ്റ്‌സ് ചോദിച്ചതിന് എന്തിനാണ് തന്നെ ഇങ്ങനെ പ്രശ്‌നത്തിലാക്കുന്നതെന്ന് ചോദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
തമിഴ്‌നാടിന് പുറത്ത് ഇന്ത്യയൊട്ടാകെ വിഷയം ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. അബദ്ധവശാല്‍ പോലും തങ്ങളുടെ അഡ്രസ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യരുതെന്ന് സംഭവത്തിന് പിന്നാലെ പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Content Highlight: Tamil Influencer veeramani goes viral on social media