| Monday, 29th December 2025, 4:04 pm

ലഹരിമരുന്നുമായി അറസ്റ്റിലായ ലോകേഷ്, പ്രേതത്തെ ഒഴിപ്പിക്കുന്ന സുന്ദര്‍. സി, തമിഴ് സംവിധായകരുടെ പാരലല്‍ യൂണിവേഴ്‌സ് ട്രോള്‍ വൈറല്‍

അമര്‍നാഥ് എം.

എ.ഐയുടെ കടന്നുവരവിന് പിന്നാലെ ട്രോളുകളുടെ ക്രിയേറ്റിവിറ്റി അടുത്ത ലെവലിലേക്ക് കടന്നിരിക്കുകയാണ്. അത്തരത്തിലുള്ള എ.ഐ ട്രോളാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. തമിഴിലെ സംവിധായകരും അവരുടെ സിനിമകളിലെ പ്രധാന തീമും ആധാരമാക്കിക്കൊണ്ടുള്ള എ.ഐ ട്രോള്‍ വൈറലായിരിക്കുകയാണ്.

ഓരോ സംവിധായകരുടെയും സിനിമകളിലെ പ്രധാന തീം അവരുടെ ജോലിയാക്കിക്കൊണ്ടുള്ള ട്രോള്‍ ഇതിനോടകം പലരും ഏറ്റെടുത്തു. നിലവില്‍ തമിഴിലെ ബ്രാന്‍ഡ് സംവിധായകനായ ലോകേഷ് കനകരാജ് ലഹരിമരുന്ന് കടത്തുന്നതിനിടെ അറസ്റ്റിലായതിന്റെ എ.ഐ ഫോട്ടോയാണ് ആദ്യത്തേത്. ലോകേഷിന്റെ സിനിമകളിലെല്ലാം ലഹരിക്കെതിരെ ശക്തമായി സംസാരിക്കുന്നുണ്ട്. ലോകേഷ് കനകരാജിനൊപ്പം ആയുധക്കടത്തിന്റെ പേരില്‍ അരുണ്‍ മാതേശ്വരനെയും അറസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോ പലരിലും ചിരി പടര്‍ത്തുന്നുണ്ട്.

പ്രേതത്തെ ഒഴിപ്പിക്കുന്ന പൂജാരിയായിട്ടാണ് സുന്ദര്‍. സി പാരലല്‍ യൂണിവേഴ്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്‍പേ ശിവം, അരുണാചലം പോലുള്ള ക്ലാസിക് സിനിമകള്‍ ഒരുക്കിയ സുന്ദര്‍. സി ഇപ്പോള്‍ അരണ്മനൈ ഫ്രാഞ്ചൈസിയുടെ പേരില്‍ ട്രോളുകളേറ്റുവാങ്ങുകയാണ്. തമിഴിലെ വൈറ്റെറന്‍ സംവിധായകരെയും ട്രോളന്മാര്‍ വെറുതേവിട്ടിട്ടില്ല.

പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായാണ് മണിരത്‌നം പാരലല്‍ യൂണിവേഴ്‌സില്‍ തിളങ്ങുന്നത്. ഓരോ സിനിമയിലും ഗംഭീര ഫ്രെയിമുകള്‍ ഒരുക്കുന്ന മണിരത്‌നത്തിന് ചേരുന്ന ജോലി ഇതാണെന്ന് പലരും അഭിപ്രായപ്പെടുന്നത്. ഒരുകാലത്ത് തമിഴ് സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകനായിരുന്ന ഷങ്കര്‍ പാരലല്‍ യൂണിവേഴ്‌സില്‍ ഡെക്കറേഷന്‍ ഷോപ്പിലൂടെയാണ് ഉപജീവനം നടത്തുന്നത്.

സൈക്കോളജിസ്റ്റായാണ് സംവിധായകന്‍ ബാലയെ ചിത്രീകരിച്ചിരിക്കുന്നത്. തന്റെ സിനിമകള്‍ കാണുന്ന പ്രേക്ഷകരെ മാനസികമായി ട്രോമ സമ്മാനിക്കുന്ന സംവിധായകനാണ് ബാല. പാരലല്‍ യൂണിവേഴ്‌സില്‍ മാട്രിമോണി നടത്തുന്നയാളായാണ് ഗൗതം വാസുദേവ് മേനോനെ ചിത്രീകരിച്ചിരിക്കുന്നത്. പൊലീസ് സിനിമകളിലൂടെ ശ്രദ്ധ നേടിയ ഹരി ഇവിടെ പൊലീസാണ്.

എന്നാല്‍ കൂട്ടത്തില്‍ ഏറ്റവും ചിരിപ്പിച്ചത് അറ്റ്‌ലീയാണ്. ഫോട്ടോസ്റ്റാറ്റ് കട നടത്തിയാണ് പാരലല്‍ യൂണിവേഴ്‌സില്‍ അറ്റ്‌ലീ ജീവിക്കുന്നത്. ചെയ്തുവെച്ച സിനിമകളെല്ലാം മറ്റ് സിനിമകളുടെ കോപ്പിയെന്ന് ആരോപണം നേരിടുന്ന അറ്റ്‌ലീക്ക് ഈ ജോലി നന്നായി ചേരുന്നുവെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. അറ്റ്‌ലീ സെറോക്‌സ് എന്ന പേരാണ് ഷോപ്പിന് നല്‍കിയിരിക്കുന്നത്. ഈയടുത്ത് വന്നതില്‍ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ട്രോളാണിതെന്ന് സംശയമില്ലാതെ പറയാനാകും.

Content Highlight: Tamil Directors in Parallel Universe troll viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more