2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് യാത്ര തിരിച്ച അഭിനേതാവാണ് നസ്ലെന്. ഗിരീഷ് എ.ഡി അവതരിപ്പിച്ച പുതുമുഖങ്ങളില്‍ ഇന്ന് വലിയ വിജയത്തിലെത്തി നില്ക്കുന്ന അഭിനേതാവും നസ്ലെന് തന്നെയെന്ന് നിസംശയം പറയാം. ഗിരീഷ് എ.ഡിയുടെ തന്നെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 2024 ചിത്രം പ്രേമലുവിലൂടെ നൂറ് കോടി ക്ലബില്‍ ഇടം പിടിക്കുന്ന ചുരുക്കം ചില മലയാളം അഭിനേതാക്കളില്‍ ഒരാളായി താരം മാറിയിരുന്നു.
പിന്നാലെ മികച്ച തിരക്കഥകള്‍ തെരഞ്ഞെടുത്തുകൊണ്ട് മലയാളത്തില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ നസ്ലെന് സാധിച്ചിരുന്നു. താരത്തിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മോളിവുഡ് ടൈംസ്. നവംബര്‍ മാസത്തില്‍ താരത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്നത് രണ്ട് വമ്പന്‍ പ്രൊജക്ടുകളാണ്. ജിത്തു മാധവന് സംവിധാനം ചെയ്യുന്ന സൂര്യ ചിത്രമായ സീനില്‍ സൂര്യയുടെ വില്ലനായാണ് താരം വേഷമിടുന്നത്. ഇതിനൊപ്പം അമല്‍ നീരദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ബാച്ച്ലര് പാര്‍ട്ടി ഡ്യൂസിലും താരം പ്രധാനവേഷത്തിലെത്തുന്നുണ്ട്.
നസ്ലെന്. Photo: Daily Celeb Magazine
ഇപ്പോഴിതാ നസ്ലെനെ കുറിച്ച് തമിഴിലെ മുന്‍നിര സംവിധായകനായ ആദിക് രവിചന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഗുഡ് ബാഡ് അഗ്ലി എന്ന അജിത് ചിത്രത്തിലേക്ക് താരത്തെ കാസ്റ്റ് ചെയ്യാന്‍ ആലോചിച്ചതിനെ കുറിച്ചും പിന്നീട് ഇത് നടക്കാതെ പോയതിനെ കുറിച്ചുമാണ് സംവിധായകന് സംസാരിച്ചത്.
‘മമിത മാം അന്ന് ഡ്യൂഡ് എന്ന ചിത്രത്തിലേക്ക് സൈന്‍ ചെയ്ത സമയമായിരുന്നു. പ്രേമലു റിലീസായിട്ടുണ്ടോ ഇല്ലയോ എന്ന് എനിക്കോര്‍മയില്ല. അന്ന് ഒരാള്‍ നസ്ലെനെ കുറിച്ച് എന്നോട് പറഞ്ഞു. ചെന്നൈയിലുണ്ട് ഒന്ന് പോയി കാണാന്‍ എന്നോട് പറഞ്ഞു. നസ്ലെനെ പോയി കണ്ടപ്പോള്‍ വളരെ എനര്‍ജറ്റിക്കായ, ക്യൂട്ടായ ഒരു പയ്യന്. അജിത് സാര്‍ ചിത്രമാണെന്നെല്ലാം പറഞ്ഞു. അദ്ദേഹത്തെ കണ്ട് തിരിച്ചുവന്നപ്പോള്‍ നസ്ലെന് ഓക്കെ ആണോ എന്ന് എന്നോട് ചോദിച്ചു.
ആദിക് രവിചന്ദ്രന്‍ അജിത്തിനൊപ്പം. Photo: X.com
അപ്കമിങ് ഹീറോ ആണെന്നും നമ്മുടെ ചിത്രത്തില്‍ അദ്ദേഹത്തിന് അനുയോജിച്ച സ്പേസ് ഉണ്ടോ എന്ന് എനിക്കറിയില്ലെന്നും ഞാന്‍ പറഞ്ഞു. പക്ഷേ ഒരു അച്ഛന്-മകന് പടത്തില്‍ നസ്ലെന് വന്നാല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,’ സംവിധായകന് പറഞ്ഞു.
Content Highlight: Tamil Director Adhik Ravichandran talks about Naslen and his plan to cast him on Good Bad Ugly