| Monday, 31st August 2026, 10:43 pm

തമിഴ് സിനിമ പ്രൊമോട്ട് ചെയ്യാതെ ദുല്‍ഖറിന്റെ പടത്തിന് പ്രൊമോഷന്‍ ചെയ്യാന്‍ പോയത് ശരിയായില്ല; കയദു ലോഹറിനെതിരെ തമിഴ് സിനിമാപേജുകള്‍

അമര്‍നാഥ് എം.

ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ശ്രദ്ധ നേടിയ നടിയാണ് കയദു ലോഹര്‍. വിനയന്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ടിലൂടെ ശ്രദ്ധ നേടിയ കയദു തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പ്രദീപ് രംഗനാഥന്റെ ഡ്രാഗണിലൂടെ തമിഴില്‍ താരം വലിയൊരു ഫാന്‍ബേസ് സ്വന്തമാക്കി.

കയദു നായികയാകുന്ന രണ്ട് സിനിമകള്‍ ഈ മാസം തിയേറ്ററുകളിലെത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഐ ആം ഗെയിമും ജി.വി. പ്രകാശിനൊപ്പമുള്ള ഇമ്മോര്‍ട്ടലും അടുത്തടുത്ത ദിവസങ്ങളിലാണ് റിലീസ് ചെയ്യുന്നത്. കഴിഞ്ഞദിവസം രണ്ട് സിനിമകളുടെയും പ്രീ റിലീസ് ഇവന്റുകള്‍ അരങ്ങേറിയിരുന്നു.

ഇമ്മോര്‍ട്ടലിന്റെ പ്രൊമോഷന് പോകാതെ ഐ ആം ഗെയിമിന്റെ ഇവന്റില്‍ പങ്കെടുത്ത കയദുവിനെ വിമര്‍ശിക്കുകയാണ് ചില തമിഴ് സിനിമാപേജുകള്‍. തമിഴ് സിനിമയെക്കാള്‍ മലയാളത്തിന് പ്രാധാന്യം നല്‍കിയതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്. കയദുവിനെ സ്റ്റാറാക്കിയ തമിഴ് ഇന്‍ഡസ്ട്രിയോട് നന്ദികേട് കാണിച്ചെന്നാണ് ചിലരുടെ വിമര്‍ശനം.

ഡ്രാഗണ് മുമ്പ് കയദു കമ്മിറ്റ് ചെയ്ത ചിത്രമാണ് ഇമ്മോര്‍ട്ടലെന്നും ആദ്യ തമിഴ് സിനിമയോട് താരം അനാദരവ് കാണിച്ചെന്നും ട്രെന്‍ഡ്‌സെറ്റര്‍ ബാല എന്ന പേജ് പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചു. അന്ന കയദു ഇത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും ഫെയിം വന്നപ്പോള്‍ തമിഴ് സിനിമയെ അവഗണിച്ച് മലയാളസിനിമയെ പ്രൊമോട്ട് ചെയ്യാന്‍ പോയെന്നും പോസ്റ്റില്‍ പരാതിപ്പെടുന്നുണ്ട്. കുറച്ചൊക്കെ പ്രൊഫഷണലിസം കാണിക്കണമെന്നും ഈ പോസ്റ്റില്‍ പറയുന്നു.

ഇമ്മോര്‍ട്ടലിനെക്കാള്‍ ബജറ്റും ഹൈപ്പുമുള്ള ചിത്രമാണ് ഐ ആം ഗെയിമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജി.വി പ്രകാശിനെപ്പോലെ അധികം സ്റ്റാര്‍ഡമില്ലാത്ത നടന്റെ സിനിമയെക്കാള്‍ ദുല്‍ഖറിന്റെ സിനിമ പ്രൊമോട്ട് ചെയ്യുന്നതാണ് നല്ലതെന്ന് കയദുവിന് തോന്നിയെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. ഇമ്മോര്‍ട്ടലിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ കയദുവിനെക്കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് ജി.വി പ്രകാശ് ഒഴിഞ്ഞുമാറുകയും ചെയ്തു.

മിസ്റ്ററി ഹൊറര്‍ ഴോണറിലൊരുങ്ങുന്ന ചിത്രമാണ് ഇമ്മോര്‍ട്ടല്‍. നായകനായെത്തിയതില്‍ വിരലിലെണ്ണാവുന്ന ഹിറ്റുകള്‍ മാത്രമുള്ള ജി.വി പ്രകാശിന്റെ ഇമ്മോര്‍ട്ടല്‍ അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ കരിയറിലെ വന്‍ വിജയമായി ഇമ്മോര്‍ട്ടല്‍ മാറിയേക്കുമെന്നാണ് ഇന്‍സൈഡ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Content Highlight: Tamil cinema pages criticizing Kayadu Lohar for not attending promotion event

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more