| Sunday, 22nd February 2026, 5:02 pm

അമരനെക്കാള്‍ നല്ല സിനിമകള്‍ 2024ലുണ്ടായിരുന്നു കേട്ടോ, ഫിലിംഫെയര്‍ കമ്മിറ്റിക്കെതിരെ വിമര്‍ശനവുമായി തമിഴ് സിനിമാപേജുകള്‍

അമര്‍നാഥ് എം.

70ാമത് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡുകള്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. കൊച്ചിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സൗത്ത് ഇന്ത്യയിലെ വമ്പന്‍ താരങ്ങള്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടി, അല്ലു അര്‍ജുന്‍, ശിവകാര്‍ത്തികേയന്‍, സായ് പല്ലവി, അന്ന ബെന്‍ പൃഥ്വിരാജ് സുകുമാരന്‍, ആസിഫ് അലി തുടങ്ങിയവരെല്ലാം ചടങ്ങില്‍ ശ്രദ്ധ നേടി.

തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ 2024ല്‍ റിലീസായ സിനിമകള്‍ക്കുള്ള പുരസ്‌കാരമാണ് നല്‍കിയത്. മലയാളത്തില്‍ മികച്ച നടന്മാരായി മമ്മൂട്ടി, പൃഥ്വിരാജ് (ക്രിട്ടിക്‌സ്) എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ തെലുങ്കില്‍ അല്ലു അര്‍ജുനും തേജ സജ്ജയും (ക്രിട്ടിക്‌സ്) മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തില്‍ മികച്ച നടിയായി ഉര്‍വശി, സെറിന്‍ ഷിഹാബ് (ക്രിട്ടിക്‌സ്) എന്നിവരെയും തെരഞ്ഞെടുത്തു.

തമിഴില്‍ കൂടുതല്‍ അവാര്‍ഡുകളും നേടിയത് അമരനായിരുന്നു. മികച്ച ചിത്രം, നടന്‍, നടി എന്നിങ്ങനെ എട്ട് പുരസ്‌കാരങ്ങളാണ് അമരന് ലഭിച്ചത്. എന്നാല്‍ അമരനെക്കാള്‍ മികച്ച സിനിമകളും പെര്‍ഫോമന്‍സും 2024ല്‍ ഉണ്ടായിരുന്നു എന്ന് ഓര്‍മപ്പെടുത്തുകയാണ് തമിഴിലെ സിനിമാപേജുകള്‍. വിജയ് സേതുപതി, അട്ടക്കത്തി ദിനേശ് എന്നിവരെ അവാര്‍ഡ് കമ്മിറ്റി പൂര്‍ണമായും തഴഞ്ഞെന്നും ചില പേജുകള്‍ അഭിപ്രായപ്പെടുന്നുണ്ട്.

മഹാരാജ എന്ന സിനിമക്ക് ഒരു അവാര്‍ഡ് പോലും നല്‍കാത്തത് മോശമായെന്നാണ് പലരുടെയും കമന്റ്. 2024ല്‍ മഹാരാജക്ക് മുകളില്‍ നില്‍ക്കുന്ന സ്‌ക്രിപ്റ്റും സിനിമയും വേറെയുണ്ടായിരുന്നില്ലെന്നും കമന്റുകളുണ്ട്. വിജയ് സേതുപതിയുടെ 50ാമത്തെ ചിത്രമായി ഒരുങ്ങിയ മഹാരാജക്ക് ഒരു അവാര്‍ഡെങ്കിലും നല്‍കാമായിരുന്നെന്നും ചിലര്‍ അഭിപ്രായം പങ്കുവെച്ചു.

ലബ്ബര്‍ പന്തില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച അട്ടക്കത്തി ദിനേശിനെ തഴഞ്ഞതിലും ചിലര്‍ നിരാശ പങ്കുവെച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വാസികക്ക് ലഭിച്ചത് മാത്രമാണ് ലബ്ബര്‍ പന്തിന് ലഭിച്ച അവാര്‍ഡ്. അമരന്‍ മോശം സിനിമയല്ലെന്നും എന്നാല്‍ മറ്റുള്ള നല്ല സിനിമകളെ അവഗണിച്ചത് ശരിയായില്ലെന്നും കമന്റുകളുണ്ട്.

ചില പ്രത്യേക നിമിഷങ്ങള്‍ക്കും ഫിലിംഫെയര്‍ അവാര്‍ഡ് വേദി സാക്ഷ്യം വഹിച്ചു. മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട മമ്മൂട്ടി ആസിഫ് അലിയെയും ബേസില്‍ ജോസഫിനെയും വേദിയിലേക്ക് വിളിക്കുകയും അവാര്‍ഡ് പങ്കുവെക്കുകയും ചെയ്തു. കരിയറിലെ 16ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് ഭ്രമയുഗത്തിലൂടെ മമ്മൂട്ടി സ്വന്തമാക്കിയത്.

Content Highlight: Tamil Cinema pages criticizing Filmfare page for not giving award for Maharaja Movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more