| Sunday, 27th September 2026, 2:00 pm

ഞങ്ങള്‍ക്ക് വെറിത്തനവും സ്ലോ മോഷനും മതി, അന്‍പേ ശിവവും ഡൊറോത്തിയുമൊന്നും വേണ്ട; നല്ല സിനിമ അംഗീകരിക്കില്ലെന്ന് വീണ്ടും തെളിയിച്ച് തമിഴ് പ്രേക്ഷകര്‍

അമര്‍നാഥ് എം.

തമിഴ് സിനിമാപേജുകളിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാവിഷയമാണ് ഡൊറോത്തി. പ്രോമിസിങ് സംവിധായകനായ കാര്‍ത്തിക് സുബ്ബരാജ് അണിയിച്ചൊരുക്കിയ ചിത്രം ഭൂരിഭാഗം വരുന്ന ഓഡിയന്‍സിന്റെ വെറുപ്പ് സമ്പാദിച്ചിരിക്കുകയാണ്. ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് ധൈര്യത്തോടെ സംസാരിക്കുന്നതാണ് തമിഴ് ജനതയെ ചൊടിപ്പിച്ചത്.

തമിഴ് സംസ്‌കാരത്തെ അപമാനിച്ചെന്ന് ആരോപിച്ച് കേട്ടാലറക്കുന്ന ഭാഷയിലാണ് കാര്‍ത്തിക് സുബ്ബരാജിനെ പലരും തെറിവിളിക്കുന്നത്. LGBTQ അജണ്ട കുത്തിവെക്കുന്ന സിനിമയെന്നും പലരും ആരോപിക്കുന്നു. എന്നാല്‍ സമീപകാലത്ത് ഹോമോസെക്ഷ്വാലിറ്റിയെക്കുറിച്ച് സംസാരിച്ച സിനിമകളില്‍ ഏറ്റവും ധൈര്യപൂര്‍വമായ ശ്രമമാണ് ഡൊറോത്തി.

സമൂഹം അകറ്റിനിര്‍ത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഇമോഷനുകള്‍ കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ് ഡൊറോത്തി. സനന്ത്, റിഷികാന്ത് എന്നിവരുടെ പ്രകടനവും ചിത്രത്തെ കൂടുതല്‍ മികച്ചതാക്കി. ഇത്രയും ഗംഭീരമായ സിനിമയെ തമിഴിന് പുറത്തുള്ള ഓഡിയന്‍സ് സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം നാട്ടില്‍ വലിയ തിരിച്ചടിയാണ് നേരിടുന്നത്.

മലയാളത്തില്‍ ഇതേ പ്രമേയം സംസാരിച്ച മുംബൈ പൊലീസ്, മൂത്തോന്‍, കാതല്‍ എന്നീ സിനിമകളെ ഇരുകൈയും നീട്ടി സ്വീകരിച്ചവരാണ് ഇവിടുത്തെ പ്രേക്ഷകര്‍. ആ സിനിമകളൊരുക്കിയ സംവിധായകരെ തെറിവിളിക്കാനോ അതില്‍ അഭിനയിച്ചവരെ സൈബര്‍ അറ്റാക്ക് ചെയ്യാനോ ആരും മുതിര്‍ന്നില്ല. കരിയറിന്റെ ടോപ്പില്‍ നിന്ന സമയത്ത് പൃഥ്വിയും നിവിന്‍ പോളിയും ഹോമോസെക്ഷ്വലായിട്ടുള്ള വ്യക്തിയെ അവതരിപ്പിച്ചത് കൈയടി നേടിയിരുന്നു.

മമ്മൂട്ടിയെ പോലെ ഇന്‍ഡസ്ട്രിയുടെ ടോപ്പില്‍ നില്‍ക്കുന്ന ഒരു സൂപ്പര്‍താരം കാതല്‍ ചെയ്തപ്പോള്‍ ഇന്ത്യന്‍ സിനിമ മുഴുവന്‍ അമ്പരന്നു. ഒരുപാട് പ്രശംസയാണ് കാതലിന് ശേഷം താരത്തിന് ലഭിച്ചത്. ഹോമോസെക്ഷ്വലാകുന്നത് നോര്‍മലാണെന്ന സ്‌റ്റേറ്റ്‌മെന്റായിരുന്നു ഇതിലൂടെ മമ്മൂട്ടി മുന്നോട്ടുവെച്ചത്. മലയാളസിനിമ LGBTQ സമൂഹത്തെ അംഗീകരിക്കുന്നതിന്റെ സൂചനയാണ് ഇതെല്ലാം.

എന്നാല്‍ തമിഴ് പ്രേക്ഷകര്‍ ഇപ്പോഴും പത്തുപതിനഞ്ച് വര്‍ഷം പിന്നിലാണെന്ന് ഡൊറോത്തിക്ക് ലഭിക്കുന്ന സൈബര്‍ അറ്റാക്ക് തെളിയിച്ചിരിക്കുകയാണ്. ജന നായകന്‍ പോലെ തട്ടിക്കൂട്ട് മാസ് മസാല സിനിമക്ക് 300 കോടി കളക്ഷന്‍ നല്‍കിയ അതേ പ്രേക്ഷകരാണ് ഡൊറോത്തിയെ തെറിവിളിക്കുന്നത്.

‘ഞങ്ങള്‍ക്ക് നായകന്റെ വെറിത്തനവും സ്ലോ മോഷനും മതി. ഇത്തരം ക്ലാസിക് സിനിമകള്‍ വേണ്ട’ എന്ന് പറയാതെ പറയുകയാണ് തമിഴ് ഓഡിയന്‍സ്. ഡൊറോത്തി മാത്രമല്ല, പല ക്ലാസിക് സിനിമകളും യാതൊരു ദാക്ഷിണ്യവുമില്ലാതെ പൊട്ടിച്ച് കൈയില്‍ കൊടുത്തവരാണ് ഇക്കൂട്ടര്‍. അന്‍പേ ശിവം, ഹേ റാം, ഗുണ തുടങ്ങി ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ ബ്ലാസ്റ്റ്, ഡി.സി എന്നിവക്ക് പോലും തമിഴ്‌നാട്ടില്‍ അര്‍ഹിച്ച കളക്ഷന്‍ ലഭിച്ചില്ല.

എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രിയില്‍ നല്ല സിനിമകള്‍ വരുമ്പോള്‍ അതിന്റെ ക്രെഡിറ്റ് എടുക്കാനും ചില തമിഴ്‌പേജുകള്‍ ശ്രദ്ധ നല്‍കാറുണ്ട്. റിലീസ് ചെയ്ത സമയത്ത് പരാജയപ്പെടുത്തിയ ഗുണയിലെ പാട്ട് മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഉപയോഗിച്ചിരുന്നു. ചിത്രം സെന്‍സേഷണല്‍ ഹിറ്റായപ്പോള്‍ തമിഴ് പാട്ടുള്ളതുകൊണ്ട് ഹിറ്റായി എന്നായിരുന്നു ചില തമിഴ് പേജുകളുടെ വാദം.

നല്ല സിനിമകളെ അംഗീകരിക്കാതെ മറ്റ് ഇന്‍ഡസ്ട്രികളിലെ ഹിറ്റുകളുടെ ക്രെഡിറ്റടിക്കുന്ന ഇത്തരം ട്രെന്‍ഡിനെ ട്രോള്‍ പേജുകള്‍ പരിഹസിക്കാറുണ്ട്. ഡൊറോത്തിയെ അതിലെ അവസാന എന്‍ട്രിയായാണ് പലരും കണക്കാക്കുന്നത്.

Content Highlight: Tamil audience rejected classics like Anbe Sivam and Dorothy

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more