| Thursday, 11th September 2025, 8:56 pm

അസ്സല്‍ പാന്‍ ഇന്ത്യന്‍, ഡബ്ബ് വേര്‍ഷനിലും റെക്കോഡ് കളക്ഷനുമായി ലോകഃ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓണം റിലീസായി തിയേറ്ററുകളിലെത്തി ഇപ്പോഴും വന്‍ മുന്നേറ്റം നടത്തുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ നേടിക്കൊണ്ടിരിക്കുകയാണ്. ഒപ്പം റിലീസ് ചെയ്ത പല സിനിമകളെയും ബഹുദൂരം പിന്നിലാക്കിയാണ് ലോകഃയുടെ കുതിപ്പ്.

പാന്‍ ഇന്ത്യനായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി വേര്‍ഷനുകളും മികച്ച പ്രതികരണമാണ് ലോകഃക്ക് ലഭിക്കുന്നത്. തെലുങ്ക് ഡബ്ബ് വേര്‍ഷനെല്ലാം മികച്ച കളക്ഷനാണ് നേടിക്കൊണ്ടിരിക്കുന്നത്. ഒരു മലയാളം ഡബ്ബ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന കളക്ഷനാണ് തമിഴിലും തെലുങ്കിലും ലോകഃ നേടിയത്.

തെലുങ്ക് പതിപ്പ് 12 ദിവസം കൊണ്ട് 13.7 കോടിയും തമിഴ് വേര്‍ഷന്‍ 10 കോടിയുമാണ് ഇതുവരെ നേടിയത്. രണ്ട് ഡബ്ബ് വേര്‍ഷനിലും കക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ളത് ലോകഃ തന്നെയാണ്. പതിയെയാണെങ്കിലും ഹിന്ദി വേര്‍ഷനും മുന്നിലേക്ക് എത്തുന്നുണ്ട്. ആറ് ദിവസം കൊണ്ട് മൂന്ന് കോടിക്ക് മുകളിലാണ് ലോകഃയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്.

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോയാണ് ഹിന്ദി പതിപ്പില്‍ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയ മലയാള ചിത്രം. 13 കോടിയാണ് മാര്‍ക്കോയുടെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയത്. മികച്ച മുന്നേറ്റം നടത്താനായാല്‍ മാര്‍ക്കോയെ പിന്തള്ളാന്‍ ലോകഃക്ക് സാധിക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. വേള്‍ഡ്‌വൈഡ് കളക്ഷനില്‍ 210 കോടിക്കടുത്ത് ചിത്രം ഇതിനോടകം കളക്ട് ചെയ്തു.

രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര അവസാനിച്ചത്. ആദ്യ ഭാഗത്തില്‍ ചാത്തനായി വേഷമിട്ട ടൊവിനോയാണ് രണ്ടാം ഭാഗത്തില്‍ നായകന്‍. ചാപ്റ്റര്‍ വണ്ണില്‍ ടൊവിനോയുടെ സീനുകള്‍ക്ക് വന്‍ കൈയടിയായിരുന്നു ലഭിച്ചത്. ആദ്യ ഭാഗത്തെക്കാള്‍ വലിയ സ്‌കെയിലിലും ബജറ്റിലുമാണ് വരും ഭാഗങ്ങള്‍ ഒരുങ്ങുകയെന്നാണ് അണിയറപ്രവര്‍ത്തകര്‍ സൂചന നല്‍കിയത്.

അഞ്ച് ഭാഗങ്ങളുള്ള സിനിമാ പരമ്പരയാണ് ലോകഃയിലുള്ളതെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍ പറഞ്ഞിരുന്നു. കല്യാണി പ്രിയദര്‍ശന്‍, നസ്‌ലെന്‍, ടൊവിനോ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയും ലോകഃ സിരീസിന്റെ ഭാഗമാകും. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Content Highlight: Tamil and Telugu Dub version of Lokah movie got highest collection

We use cookies to give you the best possible experience. Learn more