| Thursday, 15th January 2026, 11:21 am

ഞാന്‍ ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്, നാല് വര്‍ഷമായി എന്റെ സിനിമ പെട്ടിയില്‍ കിടക്കുന്നു: ശരത്കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

രാഷ്ട്രീയ പ്രവേശനത്തോടെ സിനിമാജീവിതം അവസാനിപ്പിക്കുന്ന വിജയ്‌യുടെ അവസാന ചിത്രം ജന നായകന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനാല്‍ റിലീസ് ഡേറ്റ് മാറ്റിവെച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ സുധാ കൊങ്കര സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ പരാശക്തിയിലെ അഭിനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഡല്‍ഹിയില്‍ പൊങ്കല്‍ ആഘോഷിച്ച വാര്‍ത്തയും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാശക്തി ടീം പ്രധാനമന്ത്രിക്കൊപ്പം. Photo: Mid-day

പരാശക്തിക്കൊപ്പം ക്ലാഷ് റിലീസ് പ്രഖ്യപിച്ച ജന നായകന്റെ റിലീസ് മാറ്റിവെച്ചതോടെ തിയേറ്ററുകളില്‍ ഫ്രീറണ്ണാണ് ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രത്തിന് ലഭിച്ചത്. മറുഭാഗത്ത് ജനുവരി 9 ന് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം മാറ്റിവെച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് നിര്‍മാതാക്കള്‍ക്ക് നേരിടേണ്ടി വന്നത്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം 40 കോടിയിലധികം രൂപ ടിക്കറ്റ് പ്രീബുക്കിങ്ങിലൂടെ മാത്രം ചിത്രം നേടിയിരുന്നു.

ഇപ്പോഴിതാ കേന്ദ്ര സര്‍ക്കാരിനെ ന്യായീകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമാ താരം ശരത്കുമാര്‍. ബി.ജെ. പിയും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നിട്ടും തന്റെ ഒരു ചിത്രം നാല് വര്‍ഷത്തോളം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടാതെ വൈകിയിട്ടുണ്ടെന്ന് പറയുകയാണ് താരം.

‘പരാശക്തി 1960 കളില്‍ തമിഴ്‌നാട്ടില്‍ നടന്ന ഹിന്ദി അടിച്ചേല്പിക്കുന്നതിനെതിരെ നടന്ന സമരത്തിന്റെ കഥയാണ്. അന്ന് കോണ്‍ഗ്രസ് ഗവണ്‍മെന്റായിരുന്നു അധികാരത്തില്‍. ഹിന്ദി ഔദ്യോഗിക ഭാഷയാക്കി മാറ്റാന്‍ വേണ്ടിയായിരുന്നു അവരുടെ ശ്രമം. അതേസമയം ജന നായകനിലെ ഉള്ളടക്കത്തോട് സെന്‍സര്‍ ബോര്‍ഡിന് ചില ഒബ്ജക്ഷനുകളുണ്ട്.

Photo: screen grab/ kvn productions/ youtube.com

സെന്‍സര്‍ ബോര്‍ഡ് ഒരു ഇന്‍ഡിപെന്‍ഡന്റ് സ്ഥാപനമാണ്. എന്റെ കാര്യം നോക്കൂ, ബി.ജെ.പിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമാണ് ഞാന്‍ എന്നിട്ടും എന്റെ ഒരു ചിത്രം നാലു വര്‍ഷമായി റിലീസ് ചെയ്യാന്‍ പറ്റാതെ തടസ്സപ്പെട്ട് കിടക്കുകയാണ്. റിലീസ ചെയ്യാന്‍ യോഗ്യമല്ലാത്ത ഏത് ചിത്രവും തടയാന്‍ സെന്‍സര്‍ ബോര്‍ഡിന് സാധിക്കും. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല,’ ശരത് കുമാര്‍ പറഞ്ഞു.

തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വിജയ് ഇതിനോടകം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നേരത്തേ പുറത്തുവിട്ടിരുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയെ സൂചിപ്പിക്കുന്ന രംഗങ്ങളാലും ഡയലോഗുകളാലും സമ്പന്നമായിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് ചോദ്യം ചെയ്ത് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Content Highlight: Tamil Actor sarathkumar talks about censor board and jana nayagan Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more