| Thursday, 18th September 2025, 10:10 pm

റോബോ ശങ്കര്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തമിഴ് നടന്‍ റോബോ ശങ്കര്‍ (46 വയസ്) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞദിവസം അസുഖബാധിതനായ ശങ്കറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ടി.വി ഷോയില്‍ പങ്കെടുക്കവെ കുഴഞ്ഞുവീണ ശങ്കറിനെ കൂടെയുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്.

കോമഡി ഷോയിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് റോബോ ശങ്കര്‍. കോമഡി ഷോകളില്‍ റോബോട്ടുകളെപ്പോലെ നൃത്തം ചെയ്തതിലൂടെയാണ് റോബോ ശങ്കര്‍ എന്ന പേര് ലഭിച്ചത്.

വിജയ് ടി.വിയിലെ കോമഡി ഷോയായ കലക്ക പോവത് യാര്‍ എന്ന പരിപാടിയിലൂടെയാണ് ശങ്കര്‍ ശ്രദ്ധേയനായത്. ഗോകുല്‍ സംവിധാനം ചെയ്ത രൗദ്രം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവരാന്‍ ശങ്കറിന് സാധിച്ചു. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകശ്രദ്ധ സ്വന്തമാക്കി.

ധനുഷ് നായകനായ മാരിയാണ് ശങ്കറിന്റെ കരിയര്‍ മാറ്റിമറിച്ചത്. ചിത്രത്തിലെ സനിക്കിഴമൈ എന്ന കഥാപാത്രം ഒരുപാട് പ്രശംസ നേടിയ ഒന്നായിരുന്നു. പിന്നീട് ഇരുമ്പു തിരൈ, സിങ്കം 3, വേലൈക്കാരന്‍, മാരി 2, ഹീറോ തുടങ്ങിയ ചിത്രങ്ങളില്‍ മുഴുനീളവേഷം ചെയ്യാന്‍ റോബോ ശങ്കറിന് സാധിച്ചു. സീരിയസ് റോളുകളും കോമഡി റോളുകളും ഒരുപോലെ ഇണങ്ങുന്ന നടനായാണ് ശങ്കറിനെ കണക്കാക്കിയത്.

ജോണ്ടിസ് ബാധിതനായി ദീര്‍ഘകാലം വിശ്രമത്തിലായിരുന്ന റോബോ ശങ്കര്‍ അടുത്തിടെയാണ് വീണ്ടും സിനിമയില്‍ സജീവമായത്. കിഡ്‌നി കരള്‍ എന്നിവ തകരാറിലായതാണ് കുഴഞ്ഞുവീഴാന്‍ കാരണമായതെന്നാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്. ശങ്കറിന്റെ നിര്യാണത്തില്‍ കമല്‍ ഹാസനടക്കം സിനിമാരംഗത്തെ പലരം അനുശോചനം രേഖപ്പെടുത്തി.

Content Highlight: Tamil Actor Robo Shankar passes away

We use cookies to give you the best possible experience. Learn more