| Saturday, 18th July 2026, 5:34 pm

ഒരു നടനോടും ഇങ്ങനെ പെരുമാറരുത്, എന്നെ അഭിനയിപ്പിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വേറെ ആളെ വിളിക്കാന്‍ പൃഥ്വിരാജിനോട് പറഞ്ഞു: ബോസ് വെങ്കട്

അമര്‍നാഥ് എം.

നടന്‍, സംവിധായകന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധ നേടിയ തമിഴ് താരമാണ് ബോസ് വെങ്കട്. സീരിയലുകളിലൂടെ കരിയറാരംഭിച്ച ബോസ് വെങ്കട് പിന്നീട് ചെറുതും വലുതുമായ റോളുകള്‍ ചെയ്ത് തമിഴില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. സഹനടന്‍, വില്ലന്‍ റോളുകളാണ് പലപ്പോഴും ബോസ് വെങ്കടിനെ തേടിയെത്തിയിട്ടുണ്ട്.

തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ രാഷ്ട്രീയത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. ഡി.എം.കെ അനുകൂലിയായ ബോസ് വെങ്കട് വിജയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ ചിലത് വിവാദമായി മാറി. മലയാളസിനിമയിലെ തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് താരം ഇപ്പോള്‍.

ബോസ് വെങ്കട് Photo: Screen grab/ Touring Talkies

ജോഷി സംവിധാനം ചെയ്ത ലയണിലൂടെയാണ് താന്‍ മലയാളസിനിമയിലേക്ക് എത്തിയതെന്ന് ബോസ് വെങ്കട് പറഞ്ഞു. പിന്നീട് പന്തയക്കോഴി, കബഡി കബഡി, അണ്ണന്‍ തമ്പി തുടങ്ങി ഒരുപിടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൃഥ്വിരാജുമായി ചെയ്ത ഒരു സിനിമ ജീവിതത്തില്‍ മറക്കില്ലെന്നും ബോസ് വെങ്കട് പറയുന്നു.

‘ആ സിനിമയിലേക്ക് എന്നെ വിളിച്ചു, ആദ്യത്തെ ദിവസം മേക്കപ്പൊക്കെ ചെയ്ത് ഒരു സീന്‍ ഷൂട്ട് ചെയ്തു. പിന്നീട് പൃഥ്വിരാജ് വേറെ ഒരാളെ കൊണ്ടുവന്നിട്ട് എന്റെ റോളിലേക്ക് അയാള്‍ പോരെ എന്ന് ചോദിച്ചു. പ്രൊഡ്യൂസറും ഡയറക്ടറും അത് സമ്മതിച്ചു. ഇതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. അന്ന് രാത്രി എനിക്ക് ഒരു ട്രെയിന്‍ ടിക്കറ്റും കുറച്ച് പൈസയും തന്നിട്ട് തിരിച്ച് പൊയ്‌ക്കോളൂ എന്ന് പറഞ്ഞു. ആ ടിക്കറ്റ് അണ്‍റിസര്‍വ്ഡ് ആയിരുന്നെന്ന് ട്രെയിനില്‍ കയറിയപ്പോഴാണ് അറിഞ്ഞത്.

ബോസ് വെങ്കട് Photo: Screen grab/ Tamilnadu Now

ഒരുവിധത്തില്‍ എങ്ങനെയോ നാട്ടിലെത്തി. ആ സംഭവം എനിക്ക് വല്ലാതെ ഹര്‍ട്ടായി. കുറച്ചുദിവസം കഴിഞ്ഞ് അവര്‍ എന്നെ വീണ്ടും വിളിച്ചു. വേറൊരു റോളിലേക്കായിരുന്നു. ആ സമയത്ത് എന്റെ പേയ്‌മെന്റടക്കം പലതും ചോദിച്ചുവാങ്ങി. സെറ്റിലെത്തിയപ്പോള്‍ പൃഥ്വിരാജിനെ കണ്ടു. ‘ഞാന്‍ ആരാണെന്നറിയാമോ’ എന്ന് പൃഥ്വിയോട് ചോദിച്ചു.

‘അയാള്‍ക്ക് ആദ്യം ഒന്നും മനസിലായില്ല. ഞാന്‍ ആരാണെന്ന് തമിഴ്‌നാട്ടില്‍ അന്വേഷിക്ക്, ജോലിയും കൂലിയുമില്ലാതെ നടക്കുന്നയാളൊന്നുമല്ല. നിങ്ങള്‍ക്ക് എന്നെ അഭിനയിപ്പിക്കാന്‍ ഇഷ്ടമല്ലെങ്കില്‍ വേറെ ആളെ വിളിക്കണം. പക്ഷേ, ഇങ്ങനെ ഒരാളോടും പെരുമാറരുത്’ എന്ന് പറഞ്ഞു. ഇതേ കാര്യം ഡയറക്ടറോടും പറഞ്ഞിരുന്നു,’ ബോസ് വെങ്കട് പറഞ്ഞു.

prithviraj

സംവിധായകന്‍ ജോഷിയുമായി നല്ല ബന്ധമാണ് തനിക്കെന്നും അദ്ദേഹം പറയുന്നു. അണ്ണന്‍ തമ്പിക്ക് ശേഷം തന്നെ എവിടെവെച്ച് കണ്ടാലും ‘ബോസേ’ എന്നാണ് മമ്മൂട്ടി വിളിക്കാറുള്ളതെന്നും നല്ല ഓര്‍മകളാണ് അതെന്നും ബോസ് വെങ്കട് പറഞ്ഞു.

Content Highlight: Tamil Actor Bose Venkat shares a bad experience he faced in Malayalam cinema

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more