തമിഴിലെ സീനിയര്‍ സംവിധായകന്‍ മണിരത്‌നം സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ഹിസ്റ്റോറിക്കല്‍ ആക്ഷന്‍ ഡ്രാമയാണ് പൊന്നിയന്‍ സെല്‍വന്‍. തമിഴ്‌നാട്ടിലെ ചോള രാജവംശ ചരിത്രം ആസ്പദമാക്കി ഒരുക്കിയ ചിത്രം തമിഴില്‍ ഇതേവരെ നിര്‍മിക്കപ്പെട്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2023ല്‍ പുറത്തിറങ്ങുകയും ചെയ്തിരുന്നു.
വമ്പന്‍ താരനിരയായിരുന്നു രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ പൊന്നിയന്‍ സെല്‍വനില്‍ അണി നിരന്നത്. വിക്രം, ജയം രവി, കാര്‍ത്തി, ജയറാം, പ്രഭു, ഐശ്വര്യ റായി, തൃഷ കൃഷ്ണന്‍, ശരത് കുമാര്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങി ഒട്ടനവധി കഥാപാത്രങ്ങള്‍ അണിനിരന്ന ചിത്രം വലിയ കളക്ഷനായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.
പൊന്നിയന്‍ സെല്‍വന്‍. Photo: Gulte.com
എന്നാല്‍ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായി താനടക്കമുള്ള അഭിനേതാക്കളാണ് വേഷമിടേണ്ടിയിരുന്നതെന്ന് പറയുന്ന തമിഴ് നടന്‍ ആര്യയുടെ വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരില്‍ കൗതുകമുണര്‍ത്തുന്നത്. ആര്യ നായകനാകുന്ന പുതിയ മലയാള ചിത്രം അനന്തന്‍ കാടുമായി ബന്ധപ്പെട്ട് സില്ലിമോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആര്യ.
പൊന്നിയന്‍ സെല്‍വന്റെ ആദ്യത്തെ കാസ്റ്റ് വേറെയായിരുന്നുവെന്നും താനും തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവും തമിഴ് സൂപ്പര്‍ താരം വിജയ്‌യുമായിരുന്നു ചിത്രത്തിലേക്ക് ആദ്യ കാസ്റ്റിങ്ങില്‍ ഉണ്ടായിരുന്നതെന്ന് പറയുകയാണ് ആര്യ. എന്നാല്‍ ആ പ്രൊജക്ട് നടക്കാതെ പോകുകയായിരുന്നുവെന്നും പിന്നീട് മണിരത്‌നം പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ കാസ്റ്റുമായി പൊന്നിയന്‍ സെല്‍വന്‍ ചെയ്യുകയായിരുന്നുവെന്നും ആര്യ പറഞ്ഞു.
ആര്യ. Photo: Sillymonks Mollywood/ Youtube.com
മുരളി ഗോപി തിരക്കഥയൊരുക്കി ജിയന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന അനന്തന്‍ കാട് ജൂണ്‍ 25നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, മുരളി ഗോപി, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
Content Highlight: Tamil Actor Arya talks about the cast of Ponniyin selvan which changed later