| Friday, 14th November 2025, 9:53 am

എന്റെ സിനിമയില്‍ രാഷ്ട്രീയമുണ്ട്; അവനൊരു സപ്പോര്‍ട്ടായാണ് ഫെമിനിച്ചി ഫാത്തിമയില്‍ വന്നത്: താമര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലിയെ നായകനാക്കി താമര്‍ കെ.വി. രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് സര്‍ക്കീട്ട്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം എന്നാല്‍ തിയേറ്ററില്‍ വേണ്ടത്ര വിജയം നേടിയില്ല. കഴിഞ്ഞ ദിവസം
56മത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് സര്‍ക്കീട്ട് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ സര്‍ക്കീട്ട് സിനിമയെ കുറിച്ചും തന്റെ സിനിമകളിലെ രാഷ്ട്രിയത്തെ കുറിച്ചും സംസാരിക്കുകയാണ് താമര്‍. വെറുതെ ഒരു സിനിമ ചെയ്തുവയ്ക്കുക എന്നതിലുപരി പറയുന്ന സിനിമകളില്‍ കൃത്യമായ ഒരു കാര്യം സംസാരിക്കണമെന്ന് നിര്‍ബന്ധമുണ്ടെന്ന് അദ്ദേഹം പറയുന്നു. ആദ്യസിനിമയാണെങ്കിലും ക്രിട്ടിക്കലി ശ്രദ്ധേയമായ സിനിമയായിരുന്നുവെന്നും അല്ലാത്ത കൊമേഴ്‌സ്യല്‍ കണ്ടന്റ് സിനിമകളും താന്‍ ചെയ്യുമെന്നും താമര്‍ പറഞ്ഞു.

‘നാട്ടിന്‍ പുറങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ഒരു വാക്കാണ് സര്‍ക്കീട്ട്. ഈ സിനിമയിലേക്ക് വരുമ്പോള്‍ അത് നമുക്ക് രണ്ടുതരത്തില്‍ ഉപയോഗിക്കാം. ഒരുപാട് സ്വപ്നങ്ങള്‍ കണ്ടുവന്ന് ജോലിയൊന്നും കിട്ടാതെയുള്ള ആമിറിന്റെ അലച്ചിലിനെ വേണമെങ്കില്‍ നമുക്ക് ഈ ടൈറ്റിലിനോട് ഉപമിച്ച് പറയാം. അല്ലാതെ സന്തോഷം തരുന്ന ഒരു കറങ്ങിനടക്കലിനെയും നമുക്ക് പറയാം. ജപ്പുവും ആമിറുമൊത്തുള്ള രസകരമായ ഒരു സര്‍ക്കീട്ടെന്നും നമുക്ക് പറയാം,’ താമിര്‍ പറഞ്ഞു.

ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയുടെ നിര്‍മാതാവ് താമര്‍ ആയിരുന്നു. ആ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഫെമിനിച്ചി ഫാത്തിമ എഴുതി സംവിധാനം ചെയ്ത ഫാസില്‍ മുഹമ്മദ് തന്റെ ആയിരത്തൊന്ന് നുണകളുടെയും സര്‍ക്കീട്ടിന്റെയും സ്‌പോട്ട് എഡിറ്ററാണെന്നും ഫാസില്‍ കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്ടമായെന്നും താമര്‍ പറഞ്ഞു.

‘അതുകൊണ്ട് അവര്‍ക്ക് സപ്പോര്‍ട്ടായി, പ്രൊഡ്യൂസറായി കൂടെ നില്‍ക്കുകയാണ് ചെയ്തതത്. സംസ്ഥാന സര്‍ക്കാര്‍ തലത്തിലും ചിത്രം മികച്ച അംഗീകാരങ്ങള്‍ വാരിക്കൂട്ടിയല്ലോ? ഡോള്‍ബി ദിനേശനാണ് ഇനി നെക്സ്റ്റ് പ്രോജക്ട്,’ താമര്‍ പറഞ്ഞു.

Content highlight: Tamar  talks about sarkeet cinema and feminichi fathima

We use cookies to give you the best possible experience. Learn more