ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ നടന്ന ഇറാന്‍ -അമേരിക്ക സമാധാന ചര്‍ച്ചകള്‍ പരാജയം.
അമേരിക്കന്‍ പ്രതിനിധി സംഘം ഒരു കരാറുമില്ലാതെ ഇസ്‌ലാമാബാദ് വിടുകയാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു.
ഏകദേശം 21 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുപക്ഷവും ധാരണയിലെത്താതെ പിരിഞ്ഞതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
‘ഞങ്ങള്‍ ഒരു കരാറിലും എത്തിയിട്ടില്ല. കരാറിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കരുതെന്നടക്കമുള്ള വാഷിങ്ടണിന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ വിസമ്മതിച്ചു. ചര്‍ച്ചകളില്‍ ഇറാന്‍ ആത്മാര്‍ത്ഥത കാണിക്കുന്നില്ല,’ ജെ.ഡി വാന്‍സ് പറഞ്ഞു.
തങ്ങള്‍ സഹകരണത്തോടെയാണ് ചര്‍ച്ചകളില്‍ പങ്കെടുത്തതെന്നും എന്നാല്‍ ഇറാന്‍ അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേം പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ക്കിടെ നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലൂടെയായിരുന്നു വാന്‍സിന്റെ പ്രതികരണം.
ഹോര്‍മുസ് കടലിടുക്ക് സംബന്ധിച്ചാണ് ഇറാനും യു.എസും തമ്മില്‍ വലിയ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നതെന്ന് ഇറാന്‍ മാധ്യമമായ തസ്നീം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
യു.എസ് ഏകപക്ഷീയമായ വലിയ നിബന്ധനകളാണ് ഹോര്‍മുസുമായി ബന്ധപ്പെട്ട് മുന്നോട്ടുവെക്കുന്നതെന്നും അത് ഇറാന്‍ അംഗീകരിക്കില്ലെന്നും തസ്നീം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
യു.എസിന്റെ ‘അമിതമായ ആവശ്യങ്ങള്‍ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി’ ഇറാന്‍ അധികൃതര്‍ പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ ശാശ്വതമായ പരിഹാരങ്ങള്‍ക്കായിരുന്നു പാകിസ്ഥാന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നത്.
അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എന്നിവരാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
ലെബനനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടയക്കുകയും ചെയ്താല്‍ മാത്രമേ അമേരിക്കയുമായി ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളുവെന്ന് ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാക്കര്‍ ഖാലിബാഫ് നേരത്തെ അറിയിച്ചിരുന്നു.
ലെബനനില്‍ വെടിനിര്‍ത്തലും ഇറാന്റെ തടഞ്ഞുവെച്ച ആസ്തികള്‍ വിട്ടയക്കലും ഇരുപക്ഷവും അംഗീകരിച്ച നടപടികളാണെന്നും എന്നാല്‍ അവ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Talks with Iran fail; US team returns from Islamabad, says Vance