വാഷിംഗ്ടൺ: യു.എസും കാനഡയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതോടെ കാനഡയിൽ നിന്നുള്ള ചില ഉൽപ്പന്നങ്ങൾക്ക് യു.എസ് 50 ശതമാനം വരെ പുതിയ തീരുവ ഏർപ്പെടുത്തി. ശനിയാഴ്ച മുതൽ പുതിയ തീരുവ പ്രാബല്യത്തിൽ വന്നു. ഇതോടെ ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ കയറ്റുമതിയെ ബാധിക്കും.
വ്യാപാര കരാറിൽ ധാരണയിലെത്താൻ കഴിയാത്തതാണ് പുതിയ നടപടിക്ക് കാരണം. ഈ ആഴ്ച ചർച്ചകളിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം കാനഡ കരാറിൽ ഒപ്പിടാൻ തയ്യാറായില്ലെന്ന് യു.എസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീർ പറഞ്ഞു.
സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, തടി തുടങ്ങിയ മേഖലകളിൽ തീരുവ കുറയ്ക്കാൻ യു.എസ് തയ്യാറായിരുന്നുവെന്നും, എന്നാൽ യുഎസ് നിർദേശങ്ങളിൽ അവസാന നിമിഷം വരുത്തിയ മാറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്നും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു.
യുഎസ് നടപടിക്ക് തുല്യമായ രീതിയിൽ കാനഡയും തിരിച്ചടിക്കും. കനേഡിയൻ തൊഴിലാളികളെയും ബിസിനസുകളെയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായതോടെ കാനഡയിൽ യു.എസ് മദ്യം, വീഞ്ഞ് തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെയും യുഎസ് പ്രതിഷേധം അറിയിച്ചിരുന്നു.
വടക്കേ അമേരിക്കൻ വ്യാപാര കരാറായ യു.എസ്.എം.സി.എ സംബന്ധിച്ച വിഷയങ്ങളിലും ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോഴും അഭിപ്രായവ്യത്യാസമുണ്ട്. കാനഡയുടെ കയറ്റുമതിയുടെ വലിയൊരു പങ്ക് യു.എസിനെ ആശ്രയിക്കുന്നതിനാൽ, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനാണ് ഇനി കാനഡയുടെ നീക്കം.
Content Highlight: Talks Fail: US Imposes 50% Tariff on Canadian Products