| Sunday, 23rd August 2026, 8:24 am

ചർച്ച പരാജയം: യു.എസിനെതിരെ പകര തീരുവ പ്രഖ്യാപിച്ച് കാനഡ

കെ.എസ് ഷാബിന

വാഷിംഗ്ടൺ: കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ അമേരിക്കൻ ഉത്പ്പന്നങ്ങൾക്ക് പുതിയ തീരുവ ഏർപ്പെടുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.

അമേരിക്ക കാനഡയിൽ നിന്നുള്ള ചില ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായാണ് കാനഡയുടെ നടപടി. ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള കനേഡിയൻ കയറ്റുമതിയാണ് പുതിയ അമേരിക്കൻ തീരുവയുടെ പരിധിയിൽ വരുന്നത്.

മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷവും ഇരു രാജ്യങ്ങൾക്കും കരാറിലെത്താൻ കഴിഞ്ഞില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി ശനിയാഴ്ച അവസാനിച്ചതോടെയാണ് പുതിയ തീരുവ പ്രാബല്യത്തിൽ വന്നത്.

‘ഡോളറിന് ഡോളർ എന്ന രീതിയിൽ അമേരിക്കൻഉത്പ്പന്നങ്ങൾക്ക് തിരിച്ചടി നൽകുമെന്ന് കാർണി പറഞ്ഞു. അമേരിക്കൻ സ്റ്റീൽ,
പാലുത്പ്പന്നങ്ങൾ, ഉപകരണങ്ങൾ, കാർഷിക യന്ത്രങ്ങൾ, പേപ്പർ, ഇലക്ട്രോണിക്സ് എന്നിവയ്ക്കാണ് കാനഡയുടെ പുതിയ തീരുവ പ്രധാനമായും ബാധിക്കുക.

അമേരിക്ക മുന്നോട്ടുവച്ച അവസാന നിമിഷത്തെ ചില നിബന്ധനകൾ അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കാർണി പറഞ്ഞു. കാനഡയുടെ മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങളെ നിയന്ത്രിക്കുന്ന തരത്തിലുള്ള നിർദേശങ്ങളും അമേരിക്ക മുന്നോട്ടുവച്ചതായി അദ്ദേഹം ആരോപിച്ചു.

എന്നാൽ വ്യാപാര കരാർ പൂർത്തിയാക്കാൻ കാനഡ തയ്യാറായില്ലെന്നാണ് യുഎസ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറിന്റെ ആരോപണം. അമേരിക്ക നൽകിയ അവസരം കാനഡ നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അമേരിക്കൻ തീരുവ കാനഡയുടെ യു.എസിലേക്കുള്ള കയറ്റുമതിയുടെ ഏകദേശം അഞ്ച് ശതമാനത്തെ ബാധിക്കും. ഇലക്ട്രോണിക്സ്, വ്യാവസായിക യന്ത്രങ്ങൾ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെയാണ് ഇത് പ്രധാനമായും ബാധിക്കുക.

തീരുവ വർധിക്കുന്നത് കനേഡിയൻ കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാക്കാനും ചില ഉൽപ്പന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ മത്സരിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കാനും സാധ്യതയുണ്ട്. അതേസമയം, കനേഡിയൻ ഉൽപ്പന്നങ്ങളുടെ വില ഉയരുന്നത് അമേരിക്കൻ ഉപഭോക്താക്കളെയും ബാധിക്കാമെന്ന് വ്യാപാര വിദഗ്ധർ മുന്നറിയിപ്പ് നൽകി.

വ്യാപാര തർക്കം കൂടുതൽ രൂക്ഷമായാൽ ഇരു രാജ്യങ്ങളിലെയും ബിസിനസുകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സാമ്പത്തിക സമ്മർദം ഉണ്ടാകാനാണ് സാധ്യത.

Content Highlight: Talks Fail: Canada Announces Retaliatory Tariffs Against U.S

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more