മലയാള സിനിമയിൽ നമ്മുടെ സ്വന്തം ആളെന്ന് തോന്നിച്ച നടനാണ് നിവിൻ പോളി. ‘പ്രേമം’ പോലുള്ള സിനിമകളിലൂടെ പ്രണയവും സൗഹൃദവും ചിരിയും ഒരുമിച്ച് പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിച്ച നിവിൻ, വളരെ വേഗം തന്നെ പ്രേക്ഷകർക്ക് അവരുടെ വീട്ടിലെ സ്വന്തം പയ്യനായി മാറുകയും ചെയ്തു.
അഭിനയത്തിൽ കൃത്രിമമില്ലാതെ, സ്വാഭാവികതയും, കുറുമ്പും കൊണ്ട് കഥാപാത്രത്തെ കൂടുതൽ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്ന ശൈലിയാണ് നിവിന്. അതുകൊണ്ടുതന്നെ, കരിയറിൽ ഉയർച്ചയും താഴ്ചയും വന്നപ്പോഴും അദ്ദേഹത്തെ പൂർണമായി കൈവിടാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല.
മോശം സിനിമകളിൽ അഭിനയിച്ചപ്പോഴും, ഇനി മതി എന്ന് മനസ്സിൽ എഴുതിത്തള്ളാൻ നമുക്ക് തോന്നാത്ത ഒരു ഇഷ്ടമാണ് നിവിൻ പോളിയോടുള്ളത്. അടുത്തത് ശരിയാകും എന്ന പ്രതീക്ഷയോടെ വീണ്ടും കാത്തിരിക്കാൻ നമുക്ക് തോന്നിയതും അതുകൊണ്ടുതന്നെ.
നിവിൻ പോളി, അഖിൽ സത്യൻ, അജു വർഗ്ഗീസ്, Photo: Nivin Pauly/ Facebook
ഏത് നിവിൻ പോളിയെ കണ്ടുകണ്ടാണോ നമ്മൾ അദ്ദേഹത്തെ ഇഷ്ടപ്പെട്ടത്, ആ നിവിൻ പോളിയെ തന്നെയാണ് ‘സർവം മായ’ തിരികെ നൽകുന്നതും. അതുകൊണ്ട് തന്നെയാണ് സർവം മായയ്ക്ക് പിന്നാലെ ഇത് തങ്ങളുടെ യഥാർത്ഥ നിവിന്റെ തിരിച്ചു വരവാണെന്ന് പ്രേക്ഷകർ പറയുന്നതും.
‘ഏത് നിവിൻ പോളിയെ കണ്ടുകൊണ്ടാണോ നമ്മൾ അയാളെ ഇഷ്ടപ്പെട്ടത്, ആ നിവിൻ പോളിയെ മാത്രം കണ്ണുനിറയെ കാണാൻ കഴിയുന്ന സിനിമ. കണ്ണുകളിൽ പൊട്ടിച്ചിരി തുളുമ്പുന്ന, കൈനിറയെ കുറുമ്പും കുസൃതിയും മാത്രമുള്ള, ഇതുവരെയുള്ള ഇഷ്ടത്തെ പെരുത്ത് ഇഷ്ടമാക്കി മാറ്റുന്ന നിവിൻ പോളി’ സോഷ്യൽ മീഡിയയിൽ ചിലർ എഴുതുന്നു.
ഒരു ഘട്ടത്തിൽ നിവിൻ പോളിയുടെ കരിയറിനേക്കാൾ അധികം ചർച്ചയായത് അദ്ദേഹത്തിന്റെ ശാരീരിക മാറ്റങ്ങളായിരുന്നു.
നിവിൻ പോളി, Photo: Nivin Pauly,/Facebook
ഓം ശാന്തി ഓശാന, പ്രേമം, തട്ടത്തിൻ മറയത്ത് തുടങ്ങിയ സിനിമയിലുടെ കണ്ട നിവിനിൽ നിന്നും ശാരീരികമായി മാറ്റം വന്നപ്പോൾ പ്രേക്ഷകർക്ക് അത് പൂർണമായി ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഇതിനു പിന്നാലെ നിരവധി ബോഡി ഷെയിമിങ് കമന്റുകൾ നിവിന് നേരെ ഉയർന്നിരുന്നു.
എന്നാലിന്ന് ‘സർവ്വം മായ’യിൽ നമ്മൾ കാണുന്നത് വിമർശനങ്ങളെയെല്ലാം തരണം ചെയ്ത നിവിൻ പോളിയെയാണ്. കണ്ണുകളിൽ ആത്മവിശ്വാസവും, ചിരിയിൽ പഴയ കുറുമ്പും, നടനെന്ന നിലയിലെ ഉറപ്പും തരുന്ന നിവിൻ.
മോഹൻലാലിന്റെ ബോയ് നെക്സ്റ്റ് ഡോർ ഇമേജിന് മലയാളം ഇൻഡസ്ട്രിയിൽ ഒരു യഥാർത്ഥ റെപ്ലിക്ക ഉണ്ടെങ്കിൽ, അത് നിവിൻ പോളി മാത്രമാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. അതിന് അടിവരയിടുകയാണ് സർവം മായ.
Content Highlight: Talking about Actor Nivin Pauly’s comeback