ന്യൂദല്‍ഹി: ഇസ്രഈല്‍ പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഗസയിലെ വംശഹത്യയെക്കുറിച്ച് പരാമര്‍ശിക്കുമെന്നും അവര്‍ക്ക് നീതി ആവശ്യപ്പെടുമെന്നും പ്രത്യാശിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ പ്രിയങ്കാ ഗാന്ധി.
ലോകത്തിന് മുന്നില്‍ സത്യത്തിന്റെയും നീതിയുടെയും വെളിച്ചം ഇന്ത്യ തുടര്‍ന്നും കാണിക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രഈലിലേക്ക് പുറപ്പെടാനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പരമാമര്‍ശം.
‘ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ വരാനിരിക്കുന്ന ഇസ്രഈല്‍ സന്ദര്‍ശനത്തില്‍ കാബിനറ്റിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഗസയിലെ സ്ത്രീകളുടെയും പുരുഷന്മാരുടേയും കുട്ടികളുടെയും വംശഹത്യയെക്കുറിച്ച് പരാമര്‍ശിക്കുകയും അവര്‍ക്ക് നീതി ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ പ്രിയങ്കാ ഗാന്ധി എക്‌സ് പോസ്റ്റിലൂടെ പ്രതികരിച്ചു.
ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ ചരിത്രത്തിലുടനീളം ശരിയായ കാര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും സമാധാനത്തിന്റെയും നീതിയുടേയും വെളിച്ചം ലോകത്തിന് കാണിച്ച് കൊടുക്കുന്നത് ഇന്ത്യ തുടരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോദി സര്‍ക്കാര്‍ ഫലസ്തീനികളെ കൈവിട്ടുവെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പല പ്രസ്താവനകളും ഫലസ്തീനികളുടെ ലക്ഷ്യബോധത്തെ നിന്ദിക്കും വിധത്തിലുള്ളതാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
1988 നവംബര്‍ 18ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ച ആദ്യകാല രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം മോദി സര്‍ക്കാര്‍ മറന്നുപോകുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് വിമര്‍ശനം.
ഗസയില്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരെ യാതൊരു ദയയും കൂടാതെ ആക്രമണം തുടരുമ്പോഴും പ്രധാനമന്ത്രി ഇസ്രഈലിലേക്ക് യാത്രയാകാന്‍ തയ്യാറെടുക്കുകയാണെന്നും ജയറാം രമേശ് പറഞ്ഞു.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ആയിരക്കണക്കിന് ഫലസ്തീനികളെ ഇസ്രഈല്‍ നാടുകടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 25, 26 തീയതികളിലാണ് നരേന്ദ്ര മോദി ഇസ്രഈല്‍ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. ഇതിനുമുമ്പ് 2017ലാണ് മോദി ഇസ്രഈല്‍ സന്ദര്‍ശിച്ചത്. ഇസ്രഈല്‍ സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് അദ്ദേഹം.
Content Highlight: Talk about the genocide that killed innocent people in Gaza: Priyanka Gandhi to Modi, who is scheduled to address the Israeli parliament
ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അംഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ