ന്യൂദല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ വിലക്കിയത് സാങ്കേതിക പ്രശ്‌നം മാത്രമെന്ന് പ്രതികരിച്ച് അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി അമിര്‍ ഖാന്‍ മുത്തഖി.
ആറ് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ മുത്തഖി വെള്ളിയാഴ്ച വൈകുന്നേരം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നിന്നാണ് വനിതാ മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായും ഒഴിവാക്കിയത്.
ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും രാഷ്ട്രീയ നേതാക്കളും ഉയര്‍ത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രസ്താവന.
‘ഇതൊരു സാങ്കേതിക പ്രശ്‌നം മാത്രമാണെന്നും അല്ലാതെ മറ്റ് പ്രശ്‌നങ്ങളൊന്നുമില്ല’ എന്നായിരുന്നു മുത്തഖിയുടെ പ്രതികരണം. കൂടാതെ തന്റെ അടുത്ത പത്രസമ്മേളനത്തിലേക്ക് വനിതാ മാധ്യമപ്രവര്‍ത്തകരെ ക്ഷണിക്കുകയും ചെയ്തു.
മുത്തഖിയുടെ കൂടെയുള്ള താലിബാന്‍ ഉദ്യോഗസ്ഥരാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന റിപ്പോര്‍ട്ടുകളും പുറത്തെത്തിയിരുന്നു.
അതേസമയം, വനിതാ പത്രപ്രവര്‍ത്തകരെ ഒഴിവാക്കിയത് വിവേചനപരവും നീതീകരിക്കാനാകാത്തതുമാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്‍ വനിതാ പ്രസ് കോര്‍പ്‌സും (ഐ.ഡബ്ല്യു.പി.സി) വിമര്‍ശിച്ചിരുന്നു.
വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, അഫ്ഗാന്‍ മന്ത്രിയുടെ പത്രസമ്മേളനത്തിലെ വിവേചനം കേന്ദ്രസര്‍ക്കാര്‍ ചോദ്യം ചെയ്യാത്തതിനെ എഡിറ്റേഴ്‌സ് ഗില്‍ഡ് കുറ്റപ്പെടുത്തി.
സ്ത്രീകള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരാജയപ്പെട്ടെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
വിഷയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രധാനമന്ത്രി മോദിയുടെ പരസ്യപ്രതികരണം ആവശ്യപ്പെട്ടിരുന്നു. ഓരോ ഇന്ത്യന്‍ സ്ത്രീയെയും അപമാനിക്കുന്നതാണ് ഈ സംഭവമെന്നാണ് ടി.എം.സി എം.പി മഹുവ മൊയ്ത്രയുടെ പ്രതികരണം.
Content Highlight: Taliban minister downplays ban on female journalists as just a technical issue