കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇന്ത്യ അഫ്ഗാന് നിര്‍മ്മിച്ചു നല്‍കിയ സെല്‍മ അണക്കെട്ട് ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തിയത്. താലിബാനാണ് ആക്രമണത്തിന് പിന്നില്‍.
അണക്കെട്ടിന് സമീപമുള്ള ചെക്ക് പോസ്റ്റിനു നേരെയാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട പത്ത് പേരും പൊലീസുകാരാണ്. ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടതായി പടിഞ്ഞാറന്‍ ഹിറാത് പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ജെലാനി ഫര്‍ഹാദ് പറഞ്ഞു. അമേരിക്കയുടെ ഉള്‍പ്പെടെയുള്ള സേനകള്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങാന്‍ തുടങ്ങിയതോടെ അഫ്ഗാനില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് താലിബാന്‍.
ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമാണ് സെല്‍മ അണക്കെട്ട്. യുദ്ധം തകര്‍ത്തു കളഞ്ഞ അഫ്ഗാനിസ്ഥാനെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 1,700 കോടിയോളം രൂപ മുടക്കി ഇന്ത്യ നിര്‍മിച്ച ഈ ഡാം, 2016 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും സംയുക്തമായാണ് ഉദ്ഘാടനം ചെയ്തത്.