| Monday, 21st July 2025, 11:40 am

ഞങ്ങളുടെ സഹോദരന്റെ രക്തത്തിന്റെ പങ്ക് പറ്റാനാണ് സാമുവൽ ജെറോം ശ്രമിച്ചത്: തലാലിന്റെ സഹോദരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിമിഷ പ്രിയ കേസിൽ സാമുവൽ ജെറോമിന്റെ അവകാശവാദങ്ങൾ തള്ളിയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി. നിമി ഷപ്രിയ കേസിൽ സാമുവല്‍ ജെറോം ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും മധ്യസ്ഥതയുടെ പേരിൽ പണം കവർന്നുവെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.

മാധ്യമങ്ങൾ പറയുന്നത് പോലെ ജെറോം അഭിഭാഷകനല്ലെന്നും നിമിഷപ്രിയയുടെ കുടുംബത്തിന്റെ യമനിലെ പ്രതിനിധിയായി പവർ ഓഫ് അറ്റോർണി ഉള്ള ആൾ മാത്രമാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി പറയുന്നു. മാത്രമല്ല, സാമുവൽ ഈ കേസിൽ ഇതുവരെ കാര്യമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്നേവരെ ഒരു മധ്യസ്ഥ ചർച്ചക്ക് ഞങ്ങളെ ബന്ധപ്പെടുകയോ വിളിക്കുകയോ ഒരു ടെക്സ്റ്റ് മെസേജ് പോലും അയക്കുകയോ ഉണ്ടായിട്ടില്ലെന്നും മഹ്ദി പറയുന്നുണ്ട്.

മധ്യസ്ഥത എന്ന പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തിൽ സാമുവൽ ജെറോം വ്യാപാരം നടത്തുകയാണെന്നും അബ്ദുൽ ഫത്താഹ് മഹ്ദി ആരോപിച്ചു. നിമിഷ പ്രിയയ്ക്ക് വധശിക്ഷ അംഗീകരിച്ച ശേഷം സനയിൽ വെച്ച് സാമുവലിനെ കണ്ടുവെന്നും അപ്പോൾ സന്തോഷം നിറഞ്ഞ മുഖത്തോടുകൂടെ അയാൾ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു. ഏതാനും മണിക്കൂറുകൾക്ക് ശേഷം, കേരളത്തിലെ മാധ്യമങ്ങളില്‍ തലാലിന്റെ കുടുംബത്തിന് ദിയാദനമായി നല്‍കാന്‍ സാമുവല്‍ ഇരുപതിനായിരം ഡോളർ ആവശ്യപ്പെട്ടതായി കണ്ടതായും മഹ്ദി കൂട്ടിച്ചേർത്തു.

ഈ കേസുമായി ബന്ധപ്പെട്ട് സാമൂവൽ ഉന്നയിക്കുന്ന മറ്റെല്ലാ അവകാശവാദങ്ങളും കളവാണെന്നും മധ്യസ്ഥ ചർച്ചയ്ക്ക് എന്ന പേരിൽ അവസാനം കൈപ്പറ്റിയ നാല്പത്തിനായിരം ഡോളർ ഉൾപ്പെടെ ധാരാളം പണം സാമുവൽ തട്ടിയെടുത്തിട്ടുണ്ടെന്നും ഞങ്ങളുടെ സഹോദരന്റെ രക്തത്തിൽ അവൻ വ്യാപാരം നടത്തുകയാണെന്നും മഹ്ദി ആരോപിക്കുന്നു.

നേരത്തെ സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. സാമുവലിന് 44,000 ഡോളര്‍ നല്‍കിയെന്നും അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് നിമിഷ പ്രിയ. ജൂലൈ 16ന് നിമിഷ പ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കാന്തപുരം എ.പി അബുബക്കർ മുസ്‌ലിയാരുടെ ഇടപെടലിന് പിന്നാലെ വധശിക്ഷ നീട്ടിവെക്കുകയായിരുന്നു. കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്.

പോസ്റ്റിന്റെ പൂർണ രൂപം

അദ്ദേഹം അവകാശപ്പെടുന്നത് പോലെ സാമുവൽ ജെറോം ഒരു അഭിഭാഷകനല്ല. സാമുവൽ ജെറോം ഒരു മാധ്യമ പ്രവർത്തകനും കൊലയാളിയുടെ കുടുംബത്തിന്റെ പ്രതിനിധിയുമാണ്. ബി.ബി.സിയോട് അവകാശപ്പെട്ടതുപോലെ അദ്ദേഹം ഒരു അഭിഭാഷകനല്ല. ചർച്ചയുടെയും മധ്യസ്ഥതയുടെയും പേരിൽ അദ്ദേഹം പണം കവർന്നു. അവസാനമായി നാൽപ്പതിനായിരം ഡോളറെങ്കിലും കവർന്നിട്ടുണ്ട്.

ഈ വിഷയത്തിൽ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്‌തിട്ടില്ല. മറിച്ചാണെന്ന് തെളിയിക്കാൻ അദ്ദേഹത്തെ ഞാൻ വെല്ലുവിളിക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സനയിൽ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങൾ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളിൽ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുന്നതും തലാലിൻ്റെ കുടുംബവുമായി ചർച്ച ചെയ്യാൻ 20,000 ഡോളറിന് വേണ്ടി അഭ്യർഥിക്കുന്നതും ഞങ്ങൾ കണ്ടു. മധ്യസ്ഥത എന്ന പേരില്‍ തങ്ങളുടെ സഹോദരന്റെ രക്തത്തിൽ സാമുവൽ ജെറോം വ്യാപാരം നടത്തുകയാണ്. സത്യം ഞങ്ങൾക്കറിയാം. അദ്ദേഹം കള്ളം പറയുന്നത് അവസാനിച്ചില്ലെങ്കിൽ ഞങ്ങൾ സത്യം വെളിപ്പെടുത്തും.

Content Highlight: Talal’s brother accuses Samuel Jerome of stealing money in the name of mediation

We use cookies to give you the best possible experience. Learn more