| Saturday, 13th June 2026, 3:04 pm

ലോക ചരിത്രത്തിലേക്ക് പന്തുതട്ടാന്‍ മലയാളി താരം; കണ്ണുംനട്ട് കേരളം

Sudev A

2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിനായി ഖത്തര്‍ ഒരുങ്ങി കഴിഞ്ഞു. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്‍ഡാണ് ഖത്തറിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം. ഖത്തറിനൊപ്പം മലയാളി ഫുട്ബാള്‍ പ്രേമികളും ഈ മത്സരത്തിന്റെ ആവേശത്തിലാണ്.

മലയാളി താരം തഹ്സീൻ മുഹമ്മദ് ഖത്തറിനായി കളത്തിലിറങ്ങുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോകകപ്പിന്റെ വിശ്വവേദിയില്‍ പന്തുതട്ടുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം പിറക്കുമോയെന്നറിയാനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്.

കണ്ണൂര്‍ തലശേരി സ്വദേശിയാണ് തഹ്‌സീന്‍ മുഹമ്മദ്. ഖത്തറില്‍ പ്രവാസിയായ തലശേരി ജംഷീദിന്റെയും വളപട്ടണം ഷൈമയുടെ രണ്ടാമത്തെ മകനാണ് തഹ്‌സീന്‍. ഇന്ത്യന്‍ യൂത്ത് ടീം ക്യാമ്പ് വരെ എത്തിയ പിതാവിന്റെ പാരമ്പര്യവുമായാണ് തഹ്‌സീന്‍ ലോകകപ്പില്‍ പന്തുതട്ടാന്‍ ഒരുങ്ങുന്നത്.

ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോള്‍ അക്കാദമിയായ അസ്പര്‍ അക്കാദമിയിലൂടെയാണ് തഹ്സീന്‍ തന്റെ ഫുട്ബോള്‍ കരിയര്‍ ആരംഭിക്കുന്നത്. അവിടെ മികച്ച പ്രകടനം നടത്തിയതോടെ ഖത്തറിന്റെ യൂത്ത് ടീമിലേക്ക് അവസരം തേടിയെത്തി. 2021ല്‍ ഖത്തറിന്റെ അണ്ടര്‍ 16 ടീമില്‍ ഇടം പിടിച്ച് ശ്രദ്ധേയനായി. പിന്നീട് തഹ്‌സീന്‍ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ക്ലബ്ബായ അല്‍ ദുഹൈലിലെത്തി.

ഖത്തറിന്റെ അണ്ടര്‍ 17, 19 ടീമുകള്‍ക്കായും തഹ്‌സീന്‍ പന്തുതട്ടി. പിന്നീട് തഹ്സീന്‍ അല്‍ ദുഹൈലിന്റെ സീനിയര്‍ ടീമിലെത്തുകയും മിന്നും പ്രകടനം നടത്തുന്നതിനിടെയാണ് താരത്തിന് ഖത്തര്‍ ദേശീയ സീനിയര്‍ ടീമിന്റെ വാതില്‍ തുറക്കപ്പെട്ടത്. 2024ല്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയാണ് മലയാളി താരം ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചത്.

തഹ്സീൻ മുഹമ്മദ്

ഖത്തറിന്റെ ജൂനിയര്‍ ടീമിലും ക്ലബ് തലത്തിലും പുറത്തെടുത്ത മികവാണ് തഹ്സീന് 2026 ലോകകപ്പ് ടീമിലേക്ക് വഴി ഒരുക്കിയത്. 19കാരന്റെ മിന്നും പ്രകടനങ്ങള്‍ സ്പാനിഷ് കോച്ച് യൂലന്‍ ലോപറ്റെഗുയിന്റെ ശ്രദ്ധ പിടിച്ചുപറ്റിയതോടെ ലോകകപ്പിനുള്ള ആദ്യ 35 അംഗ സംഘത്തില്‍ ഇടം പിടിച്ചു. ഈ സംഘത്തെ 28 പേരായി കുറച്ചപ്പോളും തഹ്‌സീന്‍ ടീമിലെ തന്റെ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

Content Highlight: Tahsin Mohammed set to become the first Kerala player to play in the FIFA World Cup

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more