| Tuesday, 18th August 2026, 1:39 pm

ശ്മശാനത്ത് ടേബിൾ ടെന്നിസ്; ഉത്തരാഖണ്ഡ് ബി.ജെ.പി സർക്കാരിനെതിരെ കോൺഗ്രസ്

ശ്രീലക്ഷ്മി പി.പി

ഡെറാഡൂൺ: അൽമോറയിലെ സോമേശ്വറിലെ ത്രിവേണി ഘട്ടിൽ അന്ത്യകർമങ്ങൾക്കായുള്ള ശ്മശാനത്ത് രണ്ട് സ്കൂൾ വിദ്യാർഥികൾ ടേബിൾ ടെന്നിസ് പരിശീലിക്കുന്ന ചിത്രം പുറത്തുവന്നതോടെ ഉത്തരാഖണ്ഡിലെ കായിക സൗകര്യങ്ങളുടെ അപര്യാപ്തത ചർച്ചയാവുന്നു. സംസ്ഥാന കായിക മന്ത്രി രേഖ ആര്യയുടെ മണ്ഡലത്തിലാണ് സംഭവം.

എട്ടാം ക്ലാസ് വിദ്യാർഥി കൃഷ്ണയും ഒൻപതാം ക്ലാസ് വിദ്യാർഥി യുവരാജ് ബോറയുമാണ് ചിത്രത്തിലുള്ളത്. സ്കൂളിലാണ് ഇരുവരും സാധാരണയായി ടേബിൾ ടെന്നിസ് പരിശീലിക്കുന്നത്.

ഞായറാഴ്ച സ്കൂൾ അവധിയായതിനാൽ പരിശീലനത്തിനായി പൊതുവായി ഉപയോഗിക്കാവുന്ന സൗകര്യം ലഭ്യമല്ലാതിരുന്നതോടെയാണ് ശ്മശാനത്തെ മേശ ഉപയോഗിച്ച് കുട്ടികൾ പരിശീലനം നടത്തിയത്.

അന്ത്യകർമങ്ങൾക്കിടെ മൃതദേഹങ്ങൾ കിടത്തുന്നതിനായി ഉപയോഗിക്കുന്ന തറയാണ് കുട്ടികൾ താത്ക്കാലിക പരിശീലന വേദിയാക്കിയതെന്ന് അൽമോറ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഭൂപേന്ദ്ര ഭോജ് പറഞ്ഞു.

ഈ സാഹചര്യം ‘നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്’ എന്ന് പറഞ്ഞ അദ്ദേഹം, കുട്ടികൾക്കായി സുരക്ഷിതവും ആവശ്യമായ സൗകര്യങ്ങളോടും കൂടിയ കളിസ്ഥലം ഉടൻ ഒരുക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.

ശവസംസ്കാരത്തിനായി ഉപയോഗിക്കുന്ന സ്ഥലത്ത് കുട്ടികൾക്ക് പരിശീലനം നടത്തേണ്ടിവരുന്നത് അധികൃതരുടെ വീഴ്ചയാണെന്നും അദ്ദേഹം വിമർശിച്ചു.

കുട്ടികൾക്ക് കളിക്കാൻ അടിസ്ഥാന സൗകര്യം പോലും ഒരുക്കാനാകാത്തത് സർക്കാരിന്റെ കായിക നയത്തിന്റെ പരാജയമാണെന്ന് ഭോജ് പറഞ്ഞു. കായിക മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇത്തരം സാഹചര്യമുണ്ടായത് സർക്കാരിന്റെ നയങ്ങളുടെ പരാജയമാണ്.

പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും മാത്രം കൊണ്ട് കായിക പ്രതിഭകളെ വളർത്താനാകില്ലെന്നും കളിസ്ഥലങ്ങൾ, ആവശ്യമായ ഉപകരണങ്ങൾ, വിദഗ്ധ പരിശീലനം എന്നിവ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമായി സർക്കാർ ഇതിനെ കാണണമെന്നും ഭോജ് പറഞ്ഞു. മലയോര മേഖലകളിലെ വിദ്യാർഥികൾക്ക് സ്കൂൾ സൗകര്യങ്ങളെ ആശ്രയിച്ചാണ് പലപ്പോഴും കായിക പരിശീലനം നടത്തേണ്ടിവരുന്നതെന്നും സംഭവം വ്യക്തമാക്കുന്നു.

സ്ഥിരമായ പരിശീലന കേന്ദ്രങ്ങൾ, ഇൻഡോർ സ്പോർട്സ് ഹാൾ, ആവശ്യമായ ഉപകരണങ്ങൾ, പരിശീലകർ എന്നിവ ഒരുക്കണമെന്ന ആവശ്യവും ഇതോടെ ശക്തമായി.

ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അൽമോറ ജില്ലാ മജിസ്‌ട്രേറ്റ് അൻഷുൽ സിങ് വിഷയത്തിൽ ഇടപെട്ടു. അവധി ദിവസങ്ങളിലും കുട്ടികൾക്ക് പരിശീലനം നടത്താൻ സ്കൂൾ സൗകര്യങ്ങൾ ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി.

Content Highlight:Table Tennis at Cremation Ground; Congress Slams Uttarakhand BJP Government.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more