ചെന്നൈ: തമിഴ്‌നാട്ടില്‍ പത്തുരൂപ മാത്രം ഫീസ് വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോ. ടി.എ. കനകരത്‌നംപിള്ള (96) അന്തരിച്ചു. ശനിയാഴ്ചയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി അദ്ദേഹം കിടപ്പിലായിരുന്നു.
മദ്രാസ് മെഡിക്കല്‍ കോളേജിലായിരുന്നു വിദ്യാഭ്യാസം. 1950കളുടെ അവസാനത്തിലാണ് ഡോ. കനകരത്‌നംപിള്ള തന്റെ മെഡിക്കല്‍ ജീവിതം ആരംഭിച്ചത്. 59ല്‍ രോഗികളെ ചികിത്സിക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ട് രൂപയായിരുന്നു ഫീസ്. 20 വര്‍ഷത്തിന് ശേഷം ഇത് മൂന്ന് രൂപയാക്കി.
2007 മുതല്‍ 10 രൂപയാണ് അദ്ദേഹം പരിശോധനയ്ക്ക് ഫീസായി വാങ്ങുന്നത്. കണ്‍സള്‍ട്ടേഷന്‍ ഫീസായി പത്ത് രൂപ നല്‍കാന്‍ കഴിയാത്തവര്‍ക്ക് ഡോക്ടര്‍ സൗജന്യ കണ്‍സള്‍ട്ടേഷനും പാവപ്പെട്ടവര്‍ക്ക് സൗജന്യമായി മരുന്നും അദ്ദേഹം നല്‍കിയിരുന്നു.
ഡോ. കനകരത്‌നംപിള്ള 60,000ത്തോളം സ്ത്രീകളുടെ പ്രസവം കൈകാര്യം ചെയ്യുകയോ മേല്‍നോട്ടം വഹിക്കുകയോ ചെയ്തിട്ടുണ്ട്. 66 വര്‍ഷത്തെ മെഡിക്കല്‍ ജീവിതത്തില്‍ മ്യാന്മറിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കൊവിഡ് സമയത്ത് തന്റെ ആശുപത്രിയോട് ചേര്‍ന്നുള്ള അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള വാണിജ്യ കെട്ടിടത്തില്‍ കച്ചവടം നടത്തിയവരില്‍ നിന്ന് ഒമ്പത് ലക്ഷം രൂപയുടെ വാടക ഡോ. കനകരത്‌നംപിള്ള എഴുതിത്തള്ളിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു.
1929ല്‍ തിരുവാരൂര്‍ ജില്ലയിലാണ് ഡോ. കനകരത്‌നംപിള്ളയുടെ ജനനം. രാജലക്ഷ്മിയാണ് അദ്ദേഹത്തിന്റെ പങ്കാളി. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്. രാജലക്ഷ്മിയും മകനും ഡോക്ടര്‍മാരാണ്. വിരമിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകന്‍ എന്‍. സെല്‍വനാണ് ഡോക്ടറുടെ ജീവചരിത്രം എഴുതുന്നത്.
Content Highlight: TA Kanagarathinam known as 10 rupee doctor passed away