കഴിഞ്ഞ ദിവസം നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ അമേരിക്കയെ പരാജയപ്പെടുത്തി ഇന്ത്യ ആദ്യ വിജയം സ്വന്തമാക്കിയിരുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ആതിഥേയര്‍ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എയ്ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചെറുത്തുനില്‍പാണ് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ആറ് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് രണ്ട് ഗോള്‍ഡന്‍ ഡക്ക് അടക്കം നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോഴും മധ്യനിരയില്‍ വെടിക്കെട്ട് നടത്തുമെന്ന് പ്രതീക്ഷിച്ച റിങ്കു സിങ്ങും ഹര്‍ദിക് പാണ്ഡ്യയും അമ്പേ പരാജയമായ സാഹചര്യത്തിലും സമ്മര്‍ദത്തെ അതിജീവിച്ച ക്യാപ്റ്റന്റെ മനസാന്നിധ്യം തന്നെയാണ് ഇന്ത്യയ്ക്ക് മോശമല്ലാത്ത സ്‌കോറും ഒപ്പം വിജയവും സമ്മാനിച്ചത്.
49 പന്ത് നേരിട്ട് പുറത്താകാതെ 84 റണ്‍സാണ് താരം സ്വന്തമാക്കിയത്. ആറ് സിക്‌സറും പത്ത് ഫോറും അടക്കം 171.43 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു സൂര്യയുടെ പ്രകടനം.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ക്യാപ്റ്റനെ തേടിയെത്തി. ഒരു ടി-20 ലോകകപ്പ് മാച്ചില്‍, ടീമിലെ മറ്റൊരാളും 30 റണ്‍സ് പോലും നേടാത്ത സാഹചര്യത്തില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ നേടിയ താരമെന്ന നേട്ടമാണ് സ്‌കൈ സ്വന്തമാക്കിയത്. വിരാട് കോഹ്‌ലിയെ മറികടന്നുകൊണ്ടായിരുന്നു സൂര്യയുടെ നേട്ടം.
(താരം – എതിരാളികള്‍ – സ്‌കോര്‍ – ടീമിലെ രണ്ടാമത് മികച്ച സ്‌കോര്‍ എന്നീ ക്രമത്തില്‍)
സൂര്യകുമാര്‍ യാദവ് – യു.എസ്.എ – 84* – 25
വിരാട് കോഹ്‌ലി – ഓസ്‌ട്രേലിയ – 82* – 21
രോഹിത് ശര്‍മ – ഓസ്‌ട്രേലിയ – 79* – 13
വിരാട് കോഹ്‌ലി – പാകിസ്ഥാന്‍ – 78* – 29
വിരാട് കോഹ്‌ലി – ശ്രീലങ്ക – 77 – 29
സൂര്യകുമാര്‍ യാദവ് – സൗത്ത് ആഫ്രിക്ക – 68 – 15
യുവരാജ് സിങ് – ഓസ്‌ട്രേലിയ – 60 – 24
ഇതിനൊപ്പം ടീമിലെ മറ്റൊരു താരവും 30 റണ്‍സ് സ്വന്തമാക്കാതിരുന്ന മത്സരങ്ങളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കിയ താരങ്ങളില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം രണ്ടാം സ്ഥാനത്തെത്താനും സൂര്യയ്ക്ക് സാധിച്ചു.
സൂര്യകുമാര്‍ യാദവ്. Photo: BCCI/x.com
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
വിരാട് കോഹ്‌ലി – ഏഴ് തവണ
സൂര്യകുമാര്‍ യാദവ് – നാല് തവണ*
രോഹിത് ശര്‍മ – നാല് തവണ
തിലക് വര്‍മ – മൂന്ന് തവണ
യുവരാജ് സിങ് – രണ്ട് – തവണ
ശ്രേയസ് അയ്യര്‍ – രണ്ട് തവണ
ശിഖര്‍ ധവാന്‍ – രണ്ട് തവണ
സഞ്ജു സാംസണ്‍ – ഒരു തവണ
അഭിഷേക് ശര്‍മ – ഒരു തവണ
ഹര്‍ദിക് പാണ്ഡ്യ – ഒരു തവണ
കെ.എല്‍. രാഹുല്‍ – ഒരു തവണ
സുരേഷ് റെയ്‌ന – ഒരു തവണ
ഗൗതം ഗംഭീര്‍ – ഒരു തവണ
കേദാര്‍ ജാദവ് – ഒരു തവണ
അതേസമയം, ആദ്യ മത്സരം വിജയിച്ച ഇന്ത്യ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ പാകിസ്ഥാനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. ആദ്യ മത്സരം വിജയിച്ച പാകിസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റോടെയാണ് ഇന്ത്യ ഒന്നാമതെത്തിയത്.
ഫെബ്രുവരി 12നാണ് ഇന്ത്യയുടെ അടുത്ത മത്സരം. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നമീബിയയാണ് എതിരാളികള്‍.
Content Highlight: T20 World Cup: Suryakumar Yadav set another record