| Sunday, 9th June 2024, 12:18 am

ജയിച്ചിട്ടും തലയുയര്‍ത്താന്‍ സാധിക്കാത്ത നാണക്കേട്; അസോസിയേറ്റ് രാജ്യത്തിന്റെ കരുത്തില്‍ വിറച്ച് സൗത്ത് ആഫ്രിക്ക

സ്പോര്‍ട്സ് ഡെസ്‌ക്

2024 ടി-20 ലോകകപ്പിലെ 16ാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയിച്ചിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തിയത്.

നെതര്‍ലന്‍ഡ്‌സ് ഉയര്‍ത്തിയ 104 റണ്‍സിന്റെ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

സൂപ്പര്‍ താരം സൈബ്രന്‍ഡ് എന്‍ഗല്‍ബ്രെക്ടിന്റെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 45 പന്ത് നേരിട്ട് ഒരു സിക്സറും രണ്ട് ബൗണ്ടറിയുമടക്കം 40 റണ്‍സാണ് താരം നേടിയത്. എട്ടാം നമ്പറില്‍ ഇറങ്ങി 22 പന്തില്‍ 23 റണ്‍സടിച്ച ലോഗന്‍ വാന്‍ ബീക്കാണ് മറ്റൊരു റണ്‍ സ്‌കോറര്‍.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റടക്കം നാല് വിക്കറ്റ് നേടിയ ഒട്‌നീല്‍ ബാര്‍ട്മാനാണ് നെതര്‍ലന്‍ഡ്‌സിനെ തടത്തുനിര്‍ത്തിയത്. ആന്‌റിക് നോര്‍ക്യയും മാര്‍കോ യാന്‍സെനും രണ്ട് വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് തുടക്കത്തിലേ പിഴച്ചു. സ്‌കോര്‍ ബോര്‍ഡില്‍ മൂന്ന് റണ്‍സ് മാത്രമുള്ളപ്പോള്‍ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ ടീമിന് നഷ്ടമായിരുന്നു.

ഇന്നിങ്സിന്റെ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് ഡയമണ്ട് ഡക്കായി പുറത്തായി. ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം ബ്രോണ്‍സ് ഡക്കായി മടങ്ങിയപ്പോള്‍ 10 പന്ത് നേരിട്ട് മൂന്ന് റണ്‍സ് നേടിയ റീസ ഹെന്‍ഡ്രിക്സിന്റെ വിക്കറ്റാണ് പ്രോട്ടിയാസിന് മൂന്നാമതായി നഷ്ടമായത്. ടീം സ്‌കോര്‍ 12ല്‍ നില്‍ക്കവെ വെടിക്കെട്ട് വീരന്‍ ക്ലാസനും കൂടാരം കയറി.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ വെറും 16 റണ്‍സ് മാത്രമാണ് സൗത്ത് ആഫ്രിക്കയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. ആദ്യ അഞ്ച് ഓവറിനിടെ രണ്ട് വിക്കറ്റ് മെയ്ഡനുകളുമായി ഡച്ച് ബൗളര്‍മാര്‍ പ്രോട്ടിയാസിനെ വരിഞ്ഞുമുറുക്കുകയായിരുന്നു.

ഇതോടെ ഒരു മോശം നേട്ടവും സൗത്ത് ആഫ്രിക്കയുടെ പേരില്‍ കുറിക്കപ്പെട്ടു. ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു ഫുള്‍ മെമ്പര്‍ ടീം അസോസിയേറ്റ് ടീമിനെതിരെ നേടുന്ന ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോറെന്ന മോശം റെക്കോഡാണ് സൗത്ത് ആഫ്രിക്കയുടെ പേരില്‍ കുറിക്കപ്പെട്ടത്.

ടി-20 ലോകകപ്പില്‍ ഒരു ഫുള്‍ മെമ്പര്‍ ടീം അസോസിയേറ്റ് ടീമിനെതിരെ നേടുന്ന ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോര്‍

(ടീം – സ്‌കോര്‍ – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

സൗത്ത് ആഫ്രിക്ക – 16 – നെതര്‍ലന്‍ഡ്‌സ് – 2024*

സിംബാബ്‌വേ – 20 – നെതര്‍ലന്‍ഡ്‌സ് – 2022

ബംഗ്ലാദേശ് – 25 – സ്‌കോട്‌ലാന്‍ഡ് – 2021

ഇംഗ്ലണ്ട് – 26 – നെതര്‍ലന്‍ഡ്‌സ് – 2014

ശ്രീലങ്ക – 28 – അയര്‍ലന്‍ഡ് – 2009

(സ്റ്റാറ്റുകള്‍: കൗസ്തുഭ് ഗുഡിപ്പാടി)

ടീമിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞെങ്കിലും അഞ്ചാം വിക്കറ്റില്‍ ഡേവിഡ് മില്ലറും ട്രിസ്റ്റണ്‍ സ്റ്റബ്‌സും ഒന്നിച്ചതോടെ സൗത്ത് ആഫ്രിക്ക മത്സരത്തിലേക്ക് മടങ്ങിയെത്തി. 65 റണ്‍സാണ് ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തത്.

ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെ സ്റ്റബ്‌സിനെ പുറത്താക്കി ബാസ് ഡി ലീഡ് ഓറഞ്ച് ആര്‍മിക്ക് അവശ്യമായിരുന്ന ബ്രേക് ത്രൂ നല്‍കി. 37 പന്തില്‍ 33 റണ്‍സാണ് താരം നേടിയത്. അധികം വൈകാതെ ലോഗന്‍ വാന്‍ ബീക്കിന്റെ പന്തില്‍ മാര്‍കോ യാന്‍സെനും തിരിച്ചുനടന്നു.

എന്നാല്‍ ഒരു വശത്ത് ഉറച്ചുനിന്ന ഡേവിഡ് മില്ലര്‍ വിജയം മാത്രം ലക്ഷ്യമിട്ടായിരുന്നു ബാറ്റ് വീശിയത്. ഒടുവില്‍ താരം ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 51 പന്ത് നേരിട്ട് പുറത്താകാതെ 59റണ്‍സ് നേടിയ മില്ലര്‍ സിക്‌സറടിച്ചാണ് സൗത്ത് ആഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചത്.

ഈ വിജയത്തോടെ ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനത്ത് തുടരാനും സൗത്ത് ആഫ്രിക്കക്കായി. രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണ് ടീമിനുള്ളത്.

ജൂണ്‍ പത്തിനാണ് പ്രോട്ടിയാസിന്റെ അടുത്ത മത്സരം. ന്യൂയോര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ബംഗ്ലാദേശാണ് എതിരാളികള്‍.

Content highlight: T20 World Cup: SA vs NED: South Africa registered a world record

Latest Stories

We use cookies to give you the best possible experience. Learn more