| Tuesday, 25th November 2025, 8:57 pm

ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഒരേ ഗ്രൂപ്പില്‍; ലോകകപ്പിന് ഫെബ്രുവരി ഏഴിന് തിരിതെളിയും

സ്പോര്‍ട്സ് ഡെസ്‌ക്

2026 ടി – 20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമാവും. മാര്‍ച്ച് എട്ട് വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുക. മാര്‍ച്ച് നാലിന് ആദ്യ സെമി ഫൈനലും മാര്‍ച്ച് അഞ്ചിന് രണ്ടാം സെമി ഫൈനലിലും നടക്കും. മാര്‍ച്ച് എട്ടിനാണ് കലാശപോര് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമയാണ് ടൂർണമെന്റിന്റെ അംബാസിഡർ.

പതിവ് പോലെ തന്നെ ഇന്ത്യയും പാകിസ്ഥാനും ഈ ലോകകപ്പിലും ഒരേ ഗ്രൂപ്പിലാണ്. ഇരുവരും ഗ്രൂപ്പ് എയിലാണുള്ളത്. ടൂര്‍ണമെന്റില്‍ നാല് ഗ്രൂപ്പുകളിലായി 20 ടീമുകള്‍ മത്സരിക്കും. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകള്‍ വീതമാണുള്ളത്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസം തന്നെ മൂന്ന് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ആദ്യം ദിനം തന്നെ ആതിഥേയരായ ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, നെതര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവരാണ് കളത്തില്‍ ഇറങ്ങുക. ആദ്യ മത്സരത്തില്‍ പാകിസ്ഥാനും നെതര്‍ലാന്‍ഡ്സും ഏറ്റുമുട്ടും. അന്ന് തന്നെ വെസ്റ്റ് ഇന്‍ഡീസും ബംഗ്ലദേശും നേരിടുമ്പോള്‍ ഇന്ത്യക്ക് യു.എസ്.എയാണ് എതിരാളികള്‍.

ലോകകപ്പിലെ മത്സരങ്ങള്‍ എട്ട് വേദികളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ എട്ട് സ്റ്റേഡിയങ്ങള്‍ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ ശ്രീലങ്കയിലെ മൂന്ന് സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക.

നരേന്ദ്ര മോദി സ്റ്റേഡിയം (അഹമ്മദാബാദ്), എം.എ ചിദംബരം സ്റ്റേഡിയം (ചെന്നൈ), അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയം (ന്യൂദല്‍ഹി), വാംഖഡെ സ്റ്റേഡിയം (മുംബൈ), ഈഡന്‍ ഗാര്‍ഡന്‍സ് (കൊല്‍ക്കത്ത) എന്നിവയാണ് ഇന്ത്യയിലെ വേദികള്‍. ശ്രീലങ്കയില്‍ ആര്‍. പ്രേമദാസ സ്റ്റേഡിയം (കൊളംബോ), സിന്‍ഹലേസ് സ്‌പോര്‍ട്‌സ് ക്ലബ് ക്രിക്കറ്റ് ഗ്രൗണ്ട് (കൊളംബോ), പല്ലക്കേലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയം (കാന്‍ഡി) എന്നിവയിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

ഫെബ്രുവരി ഏഴ് മുതല്‍ 20 വരെ 40 മത്സരങ്ങളില്‍ ടീമുകള്‍ പരസ്പരം പോരിനിറങ്ങും. ഈ മത്സരങ്ങളില്‍ ജയിച്ച് ഓരോ ഗ്രൂപ്പിലും രണ്ട് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ സെമി ഫൈനലിലേക്ക് മുന്നേറും. ആദ്യ സെമി ഫൈനല്‍ പാകിസ്ഥാന്റെ ഫലമനുസരിച്ച് കൊല്‍ക്കത്തയിലോ കൊളംബോയിലോ നടക്കും.

രണ്ടാം സെമി ഫൈനലില്‍ വേദിയാവുക മുംബൈ വാംങ്കഡെ സ്റ്റേഡിയമാണ്. ഫൈനല്‍ അഹമ്മദാബാദിലോ കൊളംബോയിലോ ഏതെങ്കിലും ഒരു വേദിയിലാവും. പാകിസ്ഥാന്‍ ഫൈനലില്‍ എത്തുകയാണെങ്കില്‍ കൊളംബോയായിരിക്കും വേദി.

ഗ്രൂപ്പ് എ

ഇന്ത്യ

പാകിസ്ഥാന്‍

യു.എസ്.എ

നെതര്‍ലാന്‍ഡ്സ്

നമീബിയ

ഗ്രൂപ്പ് ബി

ഓസ്‌ട്രേലിയ

ശ്രീലങ്ക

അയര്‍ലാന്‍ഡ്

സിംബാബ്‌വെ

ഒമാന്‍

ഗ്രൂപ്പ് സി

ഇംഗ്ലണ്ട്

വെസ്റ്റ് ഇന്‍ഡീസ്

ബംഗ്ലാദേശ്

നേപ്പാള്‍

ഇറ്റലി

ഗ്രൂപ്പ് ഡി

ന്യൂസിലാന്‍ഡ്

സൗത്ത് ആഫ്രിക്ക

അഫ്ഗാനിസ്ഥാന്‍

കാനഡ

യു.എ.ഇ

ഇന്ത്യയുടെ മത്സരങ്ങള്‍

യു.എസ്.എ – ഫെബ്രുവരി 7 – മുംബൈ

നമീബിയ – ഫെബ്രുവരി 12 – ദല്‍ഹി

പാകിസ്ഥാന്‍ – ഫെബ്രുവരി 15 – കൊളംബോ

നെതര്‍ലാന്‍ഡ്സ് – ഫെബ്രുവരി 18 – അഹമ്മദാബാദ്

Content Highlight: T20 World Cup will start on February 7; India and Pakistan are placed in same group

We use cookies to give you the best possible experience. Learn more