2026 ടി – 20 ലോകകപ്പ് സെമി ഫൈനല്‍ പോരാട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ടൂര്‍ണമെന്റിലെ ആദ്യ സെമിയില്‍ ഇന്ന് (മാര്‍ച്ച് നാല്) ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ മത്സരം അരങ്ങേറുന്നത്.
ആദ്യ സെമി പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ കിവീസിന്റെയും പ്രോട്ടിയാസിന്റെയും ലക്ഷ്യം ഒന്ന് മാത്രമാണ്. വിജയിച്ച് കലാശ പോരിന് ടിക്കറ്റ് ഉറപ്പിക്കുക എന്നതാണ് അത്. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ മുന്നേറിയെത്തുന്ന ഏയ്ഡന്‍ മാര്‍ക്രമും സംഘവും ആ ആത്മവിശ്വാസത്തിലാവും കളത്തിലെത്തുക.
ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം. Photo: Black Caps/x.com
മറുവശത്ത് ഐ.സി.സി ടൂര്‍ണമെന്റ് നോക്ക് ഔട്ട് ഘട്ടത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ പരാജയപ്പെട്ടിട്ടില്ല എന്നത് കിവീസിന് ആത്മവിശ്വാസം നല്‍കുമെന്ന് ഉറപ്പാണ്. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ നോക്ക് ഔട്ടില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയത്. ഈ മത്സരങ്ങളിലെല്ലാം ബ്ലാക്ക് ക്യാപ്‌സ് തന്നെ വിജയം കരസ്ഥമാക്കി.
2011 ഏകദിന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലാണ് ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടുന്നത്. അന്ന് ഡാനിയേല്‍ വെറ്റോറിക്ക് കീഴിലെത്തിയ കിവീസ് പ്രോട്ടിയാസിനെ പരാജയപ്പെടുത്തി. ഗ്രെയാം സ്മിത്തിന്റെ പ്രോട്ടിയാസ് 49 റണ്‍സിനാണ് അന്ന് തോല്‍വി വഴങ്ങിയത്.
പിന്നീട് 2015 ഏകദിന ലോകകപ്പിലെ സെമി ഫൈനലിലാണ് ന്യൂസിലാന്‍ഡ് പ്രോട്ടിയാസിനെതിരെ ഇറങ്ങുന്നത്. അന്നും കിവീസ് തങ്ങളുടെ വിജയം ആവര്‍ത്തിച്ചു. നാല് വിക്കറ്റിനായിരുന്നു ഇത്തവണത്തെ വിജയം.
സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീം. Photo: Proteas Men/x.com
അതിന് ശേഷം മറ്റൊരു ന്യൂസിലാന്‍ഡ് – സൗത്ത് ആഫ്രിക്ക പോരിന് പത്ത് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. 2025ലെ ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലിലായിരുന്നു ഇത്. ഒരിക്കല്‍ കൂടി പ്രോട്ടിയാസ് കിവീസിന് മുമ്പില്‍ അടിയറവ് പറഞ്ഞു. 50 റണ്‍സിനായിരുന്നു ഈ തോല്‍വി.
ഇപ്പോള്‍ വീണ്ടുമിതാ മറ്റൊരു ഐ.സി.സി നോക്ക് ഔട്ടില്‍ സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും നേര്‍ക്കുനേര്‍ പോരിനിറങ്ങുകയാണ്. എന്നാല്‍ ഈ മത്സരത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് ആദ്യമായാണ് ടി – 20 ലോകകപ്പില്‍ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. അപ്പോഴും കിവീസ് തങ്ങളുടെ ആധിപത്യം ഉറപ്പിക്കാന്‍ എത്തുമ്പോള്‍ ചരിത്രം തിരുത്താനാണ് പ്രോട്ടിയാസ് ലക്ഷ്യമിടുന്നത്.
Content Highlight: T20 World Cup: New Zealand have won three out of three knock out matches against South Africa in ICC Tournaments