ടി-20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ഓസ്‌ട്രേലിയ തങ്ങളുടെ അവസാന മത്സരം കളിക്കാനിറങ്ങുകയാണ്. പല്ലേക്കലെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒമാനാണ് എതിരാളികള്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ ശ്രീലങ്കയോടും സിംബാബ്‌വേയോടും തോറ്റതോടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ഓസ്‌ട്രേലിയ വിജയത്തോടെ തന്നെ പടിയിറങ്ങാനാണ് ഒരുങ്ങുന്നത്.
ഈ മത്സരത്തിന് മുന്നോടിയായി ഒമാന്‍ നായകന്‍ ജതീന്ദര്‍ സിങ് പറഞ്ഞ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. തങ്ങള്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തുമെന്നും ഇതാണ് അതിന് പറ്റിയ സമയമെന്നുമാണ് സിങ് പറഞ്ഞത്.
‘നൂറ് ശതമാനവും ഇതൊരു അവസരം തന്നെയാണ്, കൂടാതെ ഞങ്ങള്‍ ആ അവസരം മുതലാക്കാന്‍ തന്നെയാണ് ഒരുങ്ങുന്നതും. കാരണം ടി-20യെന്നത് മൊമെന്റത്തിന്റെയും മൊമന്റുകളുടെയും ഗെയ്മാണ്. നിങ്ങള്‍ ആ നിമിഷം കൃത്യമായി മുതലെടുക്കുകയാണെങ്കില്‍, പ്രത്യേക ദിവസം നിങ്ങള്‍ക്കെന്തും ചെയ്യാന്‍ സാധിക്കും.
ഓസ്‌ട്രേലിയ ഈ നിമിഷം അത്രകണ്ട് മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഇതാണ് അവരെ തകര്‍ക്കാന്‍ പറ്റിയ സമയം. ടീം തീര്‍ത്തും പോസിറ്റീവ് മനോഭാവത്തോടെയാണുള്ളത്. തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഓസീസിനെതിരായ മത്സരത്തിനായി കാത്തിരിക്കുകയാണ്,’ ജതീന്ദര്‍ സിങ് പറഞ്ഞു.
താരത്തിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെ ഒമാന്‍ നായകനെ വിമര്‍ശിച്ചും പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്.
ഓസ്‌ട്രേലിയയെ തകര്‍ക്കുമെന്ന് പറയാന്‍ മാത്രം ഒമാന്‍ എന്ന അസോസിയേറ്റ് രാജ്യം ആയോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. ലോകകപ്പില്‍ നിന്നും പുറത്തായെങ്കിലും ഐ.സി.സിയുടെ എല്ലാ കിരീടവും നേടിയ ഓസ്‌ട്രേലിയ എവിടെ കിടക്കുന്നുവെന്നും ഒമാന്‍ എവിടെ കിടക്കുന്നുവെന്നും ഇവര്‍ ചോദിക്കുന്നു.
ഈ ലോകകപ്പിലെ പ്രകടനം മാത്രം കണക്കിലെടുക്കുകയാണെങ്കില്‍ തന്നെ ഒമാന്‍ ഒറ്റ മത്സരം പോലും വിജയിച്ചിട്ടില്ലെന്നും എന്നാല്‍ ഒമാനെ തോല്‍പ്പിച്ച അയര്‍ലന്‍ഡിനെ കങ്കാരുക്കള്‍ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഒമാന്‍ നായകനെ പിന്തുണച്ചും ആരാധകരെത്തുന്നുണ്ട്.
ക്രിക്കറ്റ് എന്നാല്‍ അണ്‍പ്രെഡിക്ടബിലിറ്റിയുടെ ഗെയ്മാണെന്നും ആര്‍ക്കും ഒരു കാലത്തും ഒന്നാമതായി തുടരാന്‍ സാധിക്കില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു. ക്രിക്കറ്റില്‍ തങ്ങളുടെ മുദ്ര പതിപ്പിക്കാന്‍ ഒമാന് കൈവന്ന സുവര്‍ണാവസരമാണെന്നും അത് കൃത്യമായി വിനിയോഗിക്കണമെന്നും ആരാധകര്‍ ടീമിന് ആശംസയര്‍പ്പിക്കുന്നുണ്ട്.
ലോകകപ്പില്‍ നിന്നും ഇതിനോടകം തന്നെ പുറത്തായ രണ്ട് ടീമുകളും അവസാന മത്സരത്തില്‍ തങ്ങളുടെ നൂറ് ശതമാനവും പുറത്തെടുത്ത് തന്നെയാകും കളത്തിലിറങ്ങുക. ഒമാനെ സംബന്ധിച്ച് ഇതൊരു അവസരമാണെങ്കില്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് ഇത് അഭിമാനപ്പോരാട്ടവുമാണ്.
Content highlight: T20 World Cup: Fans support and criticize Oman captain who said he would defeat Australia