2026 ടി-20 ലോകകപ്പില്‍ വിജയത്തുടക്കവുമായി മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നേപ്പാളിനെതിരെ നാല് റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
അവസാന പന്ത് വരെ ആവേശവും ടെന്‍ഷനും അലയടിച്ച മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 185 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ ഇന്നിങ്‌സ് 180ല്‍ അവസാനിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ത്രീ ലയണ്‍സ് ജേകബ് ബേഥലിന്റെയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. ബേഥല്‍ 35 പന്തില്‍ 55 റണ്‍സടിച്ചപ്പോള്‍ 32 പന്തില്‍ 53 റണ്‍സുമായാണ് ബ്രൂക് പുറത്തായത്.
18 പന്ത് നേരിട്ട് പുറത്താകാതെ 39 റണ്‍സ് നേടിയ വില്‍ ജാക്‌സിന്റെയും 17 പന്തില്‍ 26 റണ്‍സടിച്ച വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന്റെയും ഇന്നിങ്‌സുകള്‍ ഇംഗ്ലണ്ട് ടോട്ടലില്‍ കരുത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് 184ലെത്തി.
നേപ്പാളിനായി ദീപേന്ദ്ര സിങ് ഐറിയും നന്ദന്‍ യാദവും രണ്ട് വിക്കറ്റ് വീതവും സന്ദീപ് ലാമിഷാന്‍, ഷേര്‍ മല്ല എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ആസിഫ് ഷെയ്ഖും കുശാല്‍ ഭര്‍ട്ടലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ച്ചയായി രണ്ട് വിക്കറ്റ് വീഴ്ത്തി ഇംഗ്ലണ്ട് മത്സരം കൈവിടാതെ കാത്തു.
മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് പൗഡേലും ദീപേന്ദ്ര സിങ് ഐറിയും ചേര്‍ന്ന് 82 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 124ല്‍ നില്‍ക്കവെ ഐറിയും 126ല്‍ നില്‍ക്കവെ രോഹിത് പൗഡേലും പുറത്തായത് നേപ്പാള്‍ ആരാധകരെ ഒരുപോലെ ഞെട്ടിച്ചു. ഐറി 29 പന്തില്‍ 44 റണ്‍സും പൗഡേല്‍ 34 പന്തില്‍ 39 റണ്‍സും നേടിയാണ് മടങ്ങിയത്.
പ്രതീക്ഷകള്‍ അവസാനിച്ചു എന്ന് കരുതിയ നിമിഷം ലോകേഷ് ബാം അവതരിച്ചു. ജോഫ്രാ ആര്‍ച്ചറിനെ ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറിന് പറത്തി മത്സരം കൈവിടാതെ കാത്തു.
അവസാന ഓവറില്‍ പത്ത് റണ്‍സായിരുന്നു നേപ്പാളിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. റെഡ് ഹോട്ട് ഫോമില്‍ നില്‍ക്കുന്ന ലോകേഷ് ബാമിനെ പിടിച്ചുകെട്ടാന്‍ ഹാരി ബ്രൂക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സാം കറന് പന്ത് നല്‍കി. ഓവറിലെ ആദ്യ അഞ്ച് പന്തില്‍ നിന്നും വെറും നാല് റണ്‍സ് മാത്രമാണ് പിറന്നത്.
അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ വിജയിക്കാമെന്നിരിക്കെ ഒറ്റ റണ്‍സ് മാത്രമാണ് സാം കറന്‍ വിട്ടുകൊടുത്തത്. ഇതോടെ നാല് റണ്‍സിന്റെ വിജയവും ഇംഗ്ലണ്ടിന്റെ പേരില്‍ കുറിക്കപ്പെട്ടു.
20 പന്തില്‍ 39 റണ്‍സുമായി ലോകേഷ് ബാം പുറത്താകാതെ നിന്നു. രണ്ട് സിക്‌സറും സിക്‌സറിന്റെ ഇരട്ട ഫോറുമടക്കം 195.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ഉയര്‍ത്തിയത്.
ഇംഗ്ലണ്ടിനായി ലിയാം ഡോവ്‌സണ്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സാം കറന്‍, വില്‍ ജാക്‌സ്, ലൂക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Content Highlight: T20 World Cup: England defeated Nepal