| Tuesday, 27th January 2026, 9:52 am

2026 T20 ലോകകപ്പ്: മറ്റാര്‍ക്കുമില്ലാത്ത നേട്ടത്തില്‍ കണ്ണുവെച്ച് ഇന്ത്യ; സ്വന്തം മണ്ണില്‍ പുതു ചരിത്രം പിറക്കുമോ?

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിന് അരങ്ങുണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഫെബ്രുവരി ഏഴ് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് വിവിധ ടീമുകള്‍ മാറ്റുരക്കുന്ന ക്രിക്കറ്റ് മാമാങ്കം അരങ്ങേറുക. ടൂര്‍ണമെന്റില്‍ 20 ടീമുകളാണ് പരസ്പരം പോരടിക്കുന്നത്.

നാല് ഗ്രൂപ്പുകളില്‍ വേര്‍തിരിക്കപ്പെട്ട ഇന്ത്യയടക്കമുള്ള ടീമുകള്‍ ചാമ്പ്യന്‍പട്ടം മോഹിച്ചാണ് ടൂര്‍ണമെന്റിനായി തയ്യാറെടുക്കുന്നത്. ഓരോ ടീമുകളും ലോകകപ്പിനായി തങ്ങളുടെ മികച്ച താരങ്ങളെ തന്നെയാണ് രംഗത്ത് ഇറക്കിയിട്ടുള്ളത്. ഇന്ത്യയും ശക്തമായൊരു സ്‌ക്വാഡിറക്കിയാണ് ഹോം വേള്‍ഡ് കപ്പിന് കോപ്പുകൂട്ടുന്നത്.

2024 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീം. Photo: BCCI/x.com

സഞ്ജുവടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പിനിറങ്ങുന്നത് കിരീടം നിലനിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യത്തിലാണ്. ഈ സ്വപ്നവുമായി ടൂര്‍ണമെന്റിന് ഇറങ്ങുമ്പോള്‍ ചരിത്രം സൃഷ്ടിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഈ വര്‍ഷം ലോകകപ്പ് നേടാനായാല്‍ ഇന്ത്യയ്ക്ക് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി സ്വന്തമാക്കാം. ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇന്ത്യയടക്കം മൂന്ന് ടീമുകള്‍ മാത്രമാണ് രണ്ട് തവണ കിരീടം ഉയര്‍ത്തിയത്.

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടുമാണ് രണ്ട് തവണ ചാമ്പ്യന്മാരാവാന്‍ ഭാഗ്യം ലഭിച്ചവര്‍. അതിനാല്‍ ഇത്തവണ കപ്പുയര്‍ത്താനായാല്‍ മൂന്ന് കിരീടങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ഇന്ത്യയ്ക്ക് സ്വന്തം പേരിനൊപ്പം ചാര്‍ത്താം.

കൂടാതെ, ഈ വര്‍ഷത്തെ കിരീടം ഉയര്‍ത്താന്‍ സാധിച്ചാല്‍ സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ വിജയികളാവുന്ന ആദ്യ ടീമെന്ന നേട്ടവും സ്വന്തമാക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ഇതുവരെ ഒരു ടീമിനും സ്വന്തം നാട്ടില്‍ ലോകകപ്പ് ജേതാക്കളാവാന്‍ സാധിച്ചിട്ടില്ല.

ഇന്ത്യൻ ടീം. Photo: BCCI/x.com

2026 ലോകകപ്പില്‍ കിരീടം സ്വന്തമാക്കാനായാല്‍ ഇന്ത്യയ്ക്ക് ഈ നേട്ടങ്ങള്‍ എല്ലാം ഒറ്റയടിക്ക് സ്വന്തം പേരിലാകാം. സൂര്യകുമാര്‍ യാദവിന് കീഴില്‍ ലോക ചാമ്പ്യന്‍ പട്ടത്തിനൊപ്പം ഈ ചരിത്ര നേട്ടത്തിന് കൂടിയാണ് മെന്‍ ഇന്‍ ബ്ലൂ ഇറങ്ങുന്നത്.

ഓരോ എഡിഷനിലെയും ലോകകപ്പ് വിജയികള്‍

(വര്‍ഷം – ഹോസ്റ്റ് – വിജയികള്‍ എന്നീ ക്രമത്തില്‍)

2007/08 – സൗത്ത് ആഫ്രിക്ക – ഇന്ത്യ

2009 – ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍

2010 – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട്

2012/13 – ശ്രീലങ്ക – വെസ്റ്റ് ഇന്‍ഡീസ്

2013/14 – ബംഗ്ലാദേശ് – ശ്രീലങ്ക

2015/16 – ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ്

2021/22 – ഒമാന്‍/ യു.എ.ഇ – ഓസ്‌ട്രേലിയ

2022/23 – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട്

2024 – യു.എസ്.എ/ വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ

Content Highlight: T20 World Cup: can India became first team to lift successive world cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more