| Thursday, 26th February 2026, 4:55 pm

വിന്‍ഡീസിന്റെ രക്ഷകരായി ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡും; വിജയപ്രതീക്ഷയുമായി പ്രോട്ടിയാസ്

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പ് 2026ലെ സൂപ്പര്‍ 8ല്‍ വെസ്റ്റ് ഇന്‍ഡീസും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള നിര്‍ണായക മത്സരം ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് വിന്‍ഡീസ് നേടിയത്.

വിജയപ്രതീക്ഷയുമായി കളത്തിലിറങ്ങിയ വിന്‍ഡീസിന് വമ്പന്‍ തിരിച്ചടി നല്‍കിയാണ് പ്രോട്ടിയാസ് തുടങ്ങിയത്. മത്സരത്തിലെ മൂന്നാം ഓവറില്‍ 16 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ പുറത്താക്കി കഗീസോ റബാദയാണ് പ്രോട്ടിയാസിന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്.

അതേ ഓവറിലെ അഞ്ചാം പന്തില്‍ സൂപ്പര്‍ താരം ഷിംറോണ്‍ ഹെറ്റ്‌മെയറെ രണ്ട് റണ്‍സിന് കൂടാരം കയറ്റാനും റബാദയ്ക്ക് സാധിച്ചു. പിന്നീട് ഓപ്പണര്‍ ബ്രണ്ടണ്‍ കിങ്ങിനെ 21 റണ്‍സിന് പുറത്താക്കി ലുംഗി എന്‍ഗിഡിയും വിക്കറ്റ് ടേക്കിങ്ങിന് എത്തി. വൈകാതെ എന്‍ഗിഡി റോവ് മാന്‍ പവലിനെയും (9) റോസ്റ്റണ്‍ ചെയ്‌സിനെയും (2) മടക്കി.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സായിരുന്നു ടീമിന്റെ സമ്പാദ്യം. എന്നാല്‍ ആ സമ്മര്‍ദ ഘട്ടത്തെ അതിജീവിച്ച് വെസ്റ്റ് ഇന്‍ഡീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് സൂപ്പര്‍ താരം ജെയ്‌സണ്‍ ഹോള്‍ഡറും റൊമാരിയോ ഷെപ്പേര്‍ഡുമാണ്.

ഹോള്‍ഡര്‍ 31 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടിയപ്പോള്‍ റൊമാരിയോ 37 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം നടത്തി. വളരെ ചെറിയ സ്‌കോറില്‍ വിന്‍ഡീസിനെ തളയ്ക്കാന്‍ സാധിക്കുമായിരുന്ന ഇടത്ത് നിന്നാണ് ഇരുവരും ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങുമ്പോള്‍ പ്രോട്ടിയാസ് വിന്നിങ് ഡോമിനേഷന്‍ തുടരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. മത്സരത്തില്‍ പ്രോട്ടിയാസ് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏതാണ്ട് പൂര്‍ണമായും മങ്ങും.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ബ്രാന്‍ഡന്‍ കിങ്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്സ്, ജ്േസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, മാചത്യൂ ഫോര്‍ഡ്, ഗുഡാകേഷ് മോട്ടി, ഷമര്‍ ജോസഫ്.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റണ്‍ സ്റ്റബ്സ്, മാര്‍കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എന്‍ഗിഡി.

Content Highlight: T20 World Cup 2026: West Indies VS South Africa Match Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more