| Sunday, 22nd February 2026, 11:59 am

രണ്ട് ടീമിലുമായി 12 വെടിക്കെട്ട് വീരന്മാര്‍; അഹമ്മദാബാദില്‍ തീ പാറും!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ ഇന്ത്യയുടെ സൂപ്പര്‍ എട്ട് മത്സരത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇന്നാണ് (ഫെബ്രുവരി 22) സൗത്ത് ആഫ്രിക്കയുമായുള്ള ഈ മത്സരം അരങ്ങേറുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയമാണ് വേദി.

ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ ഇന്ത്യയുടെയും സൗത്ത് ആഫ്രിക്കയുടെയും താരങ്ങളുടെ വെടിക്കെട്ട് തന്നെ നടക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷകള്‍ക്ക് ബലം നല്‍കുന്നത് ഇരു ടീമിലെയും താരങ്ങളുടെ സമീപകാല പ്രകടനങ്ങളാണ്.

സൂര്യകുമാർ യാദവും ഏയ്ഡൻ മാർക്രമും. Photo: India Forums.com

ഇന്ത്യയുടെയും പ്രോട്ടിയാസിന്റെയും ടോപ് സിക്‌സ് താരങ്ങളുടെ 2024 ടി – 20 ലോകകപ്പിന് ശേഷമുള്ള സ്‌ട്രൈക്ക് റേറ്റ് തന്നെയാണ് ബാറ്റിങ് വിരുന്നാവും അഹമ്മദാബാദില്‍ ഉണ്ടാവുക എന്ന വിലയിരുത്തലുകള്‍ക്ക് കാരണം. മെന്‍ ഇന്‍ ബ്ലൂവിന്റെ ആദ്യ ആറ് ബാറ്റര്‍മാരില്‍ ഒരാളുടെ സ്‌ട്രൈക്ക് റേറ്റ് 200 + വരുമ്പോള്‍ നാല് പേരുടേത് 150+ ആണ്.

ബാക്കിയുള്ള ഒരാള്‍ക്ക് മാത്രം 140+ സ്‌ട്രൈക്ക് റേറ്റുമാണുള്ളത്. മറുവശത്ത് പ്രോട്ടിയാസ് നിരയിലെ ടോപ് സിക്സില്‍ നാല് പേരുടെ സ്‌ട്രൈക്ക് 150ന് മുകളിലാണ്. ബാക്കി രണ്ട് പേരുടേത് 135+മാണ്.

ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റുള്ളത് ഇന്ത്യന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനാണ്. 217.2 എന്ന ഉഗ്രന്‍ പ്രഹര ശേഷിയിലാണ് താരം ഈ രണ്ട് വര്‍ഷകാലം ബാറ്റേന്തുന്നത്.

ഇഷാൻ കിഷനും അഭിഷേക് ശർമയും. Photo: BCCI/x.com

താരത്തിന് പിന്നില്‍ 192. 4 സ്‌ട്രൈക്ക് റേറ്റുള്ള അഭിഷേക് ശര്‍മയും മൂന്നാമതായി 176.00 സ്‌ട്രൈക്ക് റേറ്റുള്ള ശിവം ദുബെയുമാണ്. ഹര്‍ദിക് പാണ്ഡ്യ (154.9), സൂര്യകുമാര്‍ യാദവ് (153.5), തിലക് വര്‍മ്മ (142.7) എന്നിങ്ങനെയാണ് ബാക്കിയുള്ളവരുടെ പ്രഹരശേഷി.

സൗത്ത് ആഫ്രിക്കന്‍ ടീമില്‍ സ്‌ട്രൈക്ക് റേറ്റില്‍ മുന്നിലുളത് ക്വിന്റണ്‍ ഡി കോക്കാണ്. 167.8 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. തൊട്ട് പിന്നില്‍ 165.00 സ്‌ട്രൈക്ക് റേറ്റുമായി ഡെവാള്‍ഡ് ബ്രെവിസാണുള്ളത്.

ക്യാപ്റ്റന്‍ ഏയ്ഡന്‍ മാര്‍ക്രമിന് 158.2 സ്‌ട്രൈക്ക് റേറ്റാണെങ്കില്‍ റയാന്‍ റിക്കില്‍ട്ടണ് 154.9 സ്‌ട്രൈക്ക് റേറ്റുമുണ്ട്. ടീമിലെ ഫിനിഷറായ ഡേവിഡ് മില്ലര്‍ 143.8 പ്രഹരശേഷിയില്‍ കളിക്കുമ്പോള്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് ബാറ്റേന്തുന്നത് 138.8 സ്‌ട്രൈക്ക് റേറ്റിലുമാണ്.

ക്വിന്റൺ ഡി കോക്ക്. Photo: Proteas Men/x.com

ഇന്ത്യയുടെയും പ്രോട്ടിയാസിന്റെയും താരങ്ങള്‍ സൂപ്പര്‍ ഏട്ടിലെ മത്സരത്തില്‍ തിളങ്ങിയാല്‍ അഹമ്മദാബാദില്‍ ആരാധകര്‍ക്ക് ബാറ്റിങ് പൂരം തന്നെ കാണാന്‍ സാധിക്കും. വിജയമെന്ന ഒറ്റ മന്ത്രത്തില്‍ ഇരു ടീമുകളും ഇറങ്ങുമ്പോള്‍ മത്സരം കുറച്ച് കടക്കുമെന്ന് ഉറപ്പാണ്.

Content Highlight: T20 World Cup 2026: There is nine players with 150+ strike both in India and  South Africa team

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more