| Sunday, 22nd February 2026, 6:46 am

ഇതുവരെ ഒറ്റ റണ്‍സില്ല, അവനെതിരെ കളിക്കുന്ന ടീമുകളെ ഓര്‍ത്താണ് സങ്കടം; അഭിഷേകിന് വീണ്ടും സൂര്യയുടെ പിന്തുണ

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് തങ്ങളുടെ ആദ്യ സൂപ്പര്‍ 8 മത്സരത്തിനിറങ്ങുകയാണ്. ഗ്രൂപ്പ് എ-യില്‍ നിന്നും അപരാജിതരായി മുമ്പോട്ട് കുതിച്ച ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഡി-യില്‍ പരാജയമറിയാതെ മുന്നേറിയെത്തിയ സൗത്ത് ആഫ്രിക്കയാണ് ആദ്യ എതിരാളികള്‍. അഹമ്മദാബാദാണ് വേദി.

ഗ്രൂപ്പിലെ മറ്റ് ടീമുകളായ വെസ്റ്റ് ഇന്‍ഡീസും സിംബാബ്‌വേയും ലോകകപ്പില്‍ ഇതുവരെ ഒരു തവണ പോലും തോറ്റിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ചുള്ള ചര്‍ച്ചകളാണ് ആരാധകര്‍ക്കിടയില്‍ സജീവമാകുന്നത്. ഓപ്പണറായി ഫോം ഔട്ടില്‍ നില്‍ക്കുന്ന അഭിഷേക് ശര്‍മ തുടരുമോ അതോ സഞ്ജു സാംസണ് അവസരം ലഭിക്കുമോ എന്നാണ് ആരാധകരുടെ പ്രധാന ചര്‍ച്ച.

സഞ്ജു സാംസണും അഭിഷേക് ശര്‍മയും. Photo: BCCI

കളിച്ച മൂന്ന് മത്സരത്തിലും പൂജ്യത്തിന് പുറത്തായ അഭിഷേക് ശര്‍മയെ പിന്തുണയ്ക്കാന്‍ തന്നെയാണ് ഇന്ത്യന്‍ ടീം ഒരുങ്ങുന്നത് എന്ന് വ്യക്തമാക്കുകയാണ് നായകന്‍ സൂര്യകുമാര്‍ യാദവ്.

‘അഭിഷേക് ശര്‍മയുടെ ഫോമിനെ കുറിച്ചാലോചിച്ച് ആശങ്കപ്പെടുന്നവരെ കുറിച്ചാണ് എന്റെ ആശങ്ക. അത്തരക്കാരെ കുറിച്ച് എനിക്ക് നല്ല ആശങ്കയുണ്ട്. എന്തിനാണ് അവര്‍ അഭിഷേക് ശര്‍മയുടെ കാര്യത്തില്‍ ഇത്രത്തോളം ആശങ്കപ്പെടുന്നത്?

അവനെതിരെ കളിക്കുന്ന ടീമുകളെ കുറിച്ചാണ് ഞാനിപ്പോള്‍ ഓര്‍ക്കുന്നത്. അവന്‍ ഇതുവരെ ഒറ്റ റണ്‍സ് പോലും നേടിയിട്ടില്ല. എന്നാല്‍ അവന്‍ റണ്‍സ് നേടാന്‍ ആരംഭിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്കെല്ലാം വ്യക്തമായി അറിവുള്ളതാണ്.

അഭിഷേക് ശര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മത്സരത്തിനിടെ. Photo: BCCI

അഭിഷേക് അവന്റേതായ രീതിയില്‍, സ്വന്തം ഐഡന്‍ഡിറ്റിയില്‍ കളിക്കണമെന്നാണ് ടീം ആഗ്രഹിക്കുന്നത്. അവന്‍ അതിന് ശ്രമിക്കുന്നുമുണ്ട്.

അങ്ങനെ കളിക്കാന്‍ അവന് സാധിക്കുകയാണെങ്കില്‍ അത് വളരെ മികച്ചതാണ്. ഇനി ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍, ബാക്കി നോക്കാന്‍ ഞങ്ങളവിടെയുണ്ട്. കഴിഞ്ഞ വര്‍ഷം അവന്‍ ടീമിനെയൊന്നാകെ പിന്തുണച്ചു. ഇപ്പോള്‍ അവനെ പിന്തുണയ്ക്കാനുള്ള ഊഴം ടീമിനാണ്,’സൂര്യ പറഞ്ഞു.

അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവും. Photo: BCCI

ലോകകപ്പില്‍ അഭിഷേകിന് ഇനിയും താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. യു.എസ്.എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ അഭിഷേക് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. അനാരോഗ്യം കാരണം രണ്ടാം മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന അഭിഷേക്, പാകിസ്ഥാനെതിരായ മത്സരത്തില്‍ ടീമില്‍ തിരിച്ചെത്തി.

എന്നാല്‍ ആ തിരിച്ചുവരവില്‍ ഒരിക്കല്‍ക്കൂടി ‘സംപൂജ്യനായി’ മടങ്ങാനായിരുന്നു അഭിഷേകിന്റെ വിധി. നാല് പന്ത് നേരിട്ടാണ് സൂപ്പര്‍ ഓപ്പണര്‍ തിരികെ നടന്നത്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. ബ്രോണ്‍സ് ഡക്കായി അഭിഷേക് പവലിയനിലേക്ക് തിരിച്ചുനടന്നു.

ഈ പരിതസ്ഥിതിയില്‍ നിന്നും അഭിഷേക് കരകയറിയാല്‍ അത് ഇന്ത്യന്‍ ടീമിനുണ്ടാക്കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. സൂപ്പര്‍ 8ല്‍ അഭിഷേക് മികച്ച പ്രകടനവുമായി തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content highlight: T20 World Cup 2026: Suryakumar Yadav backs Abhishek Sharma

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more