2026 ടി-20 ലോകകപ്പില്‍ ഇറ്റലിയെ പരാജയപ്പെടുത്തി സ്‌കോട്‌ലാന്‍ഡ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിന്റെ വിജയമാണ് സ്‌കോട്ടിഷ് ആര്‍മി സ്വന്തമാക്കിയത്.
സ്‌കോട്‌ലാന്‍ഡ് ഉയര്‍ത്തിയ 208 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇറ്റലിക്ക് 134 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ 2026 ടി-20 ലോകകപ്പില്‍ ആദ്യ വിജയം സ്വന്തമാക്കാനും സ്‌കോട്‌ലാന്‍ഡിനായി.
ഓപ്പണര്‍ ജോര്‍ജ് മന്‍സിയുടെ കരുത്തിലാണ് സ്‌കോട്‌ലാന്‍ഡ് മികച്ച സ്‌കോറിലെത്തിയത്. 54 പന്ത് നേരിട്ട താരം 84 റണ്‍സ് നേടി. 18 പന്തില്‍ പുറത്താകാതെ 41 റണ്‍സ് നേടിയ ബ്രാന്‍ഡന്‍ മാക്മുള്ളനും 30 പന്തില്‍ 37 റണ്‍സ് നേടിയ മൈക്കല്‍ ജോണ്‍സും ചേര്‍ന്ന് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207ലെത്തി.
ഇതോടെ ടി-20 ലോകകപ്പില്‍ 200+ റണ്‍സ് നേടുന്ന ടീമുകളുടെ എലീറ്റ് ലീസ്റ്റില്‍ ഇടം നേടാനും സ്‌കോട്‌ലാന്‍ഡിന് സാധിച്ചു. വിവിധ ലോകകപ്പുകളിലായി 25 ടീമുകള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായിട്ടുണ്ടെങ്കിലും ഒമ്പത് ടീമുകള്‍ മാത്രമാണ് 200+ സ്‌കോര്‍ സ്വന്തമാക്കിയത്.
അഞ്ച് തവണ ഇരുന്നൂറടിച്ച സൗത്ത് ആഫ്രിക്കയാണ് ലിസ്റ്റില്‍ ഒന്നാമത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍ എന്നിവര്‍ക്കൊപ്പമാണ് സ്‌കോട്‌ലാന്‍ഡിന്റെ സ്ഥാനം.
(ടീം – എത്ര തവണ എന്നീ ക്രമത്തില്‍)
സൗത്ത് ആഫ്രിക്ക – 5
ഇന്ത്യ – 3
വെസ്റ്റ് ഇന്‍ഡീസ് – 3
ഇംഗ്ലണ്ട് – 2
ശ്രീലങ്ക – 2
ഓസ്‌ട്രേലിയ – 1
ന്യൂസിലാന്‍ഡ് – 1
പാകിസ്ഥാന്‍ – 1
സ്‌കോട്‌ലാന്‍ഡ് – 1*
ടി-20 ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇറ്റലിക്ക് ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ജസ്റ്റിന്‍ മോസ്‌കയെ നഷ്ടപ്പെട്ടു. മൈക്കല്‍ ലീസ്‌ക്കിന്റെ പന്തില്‍ ജോര്‍ജ് മന്‍സിക്ക് ക്യാച്ച് നല്‍കിയായിരുന്നു മടക്കം.
വണ്‍ ഡൗണായെത്തിയ ജെ.ജെ. സ്മട്‌സ് 11 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. പിന്നാലെ ആന്തണി മോസ്‌കയും (12 പന്തില്‍ 13) തിരിച്ചുനടന്നു.
മൂന്നാം വിക്കറ്റില്‍ ഹാരി മനെന്റ്റിയും ബെഞ്ചമിന്‍ മനെന്റ്റിയും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഇറ്റാലിയന്‍ ആരാധകര്‍ക്ക് പ്രതീക്ഷയുടെ ഇത്തിരിവെളിച്ചം സമ്മാനിച്ചെങ്കിലും അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതോടെ അസൂറികളുടെ പോരാട്ടത്തിനും അവസാനമായി.
31 പന്തില്‍ 52 റണ്‍സ് നേടിയാണ് ബെഞ്ചമിന്‍ പുറത്തായത്. ഇതോടെ ടി-20 ലോകകപ്പ് ചരിത്രത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ ഇറ്റാലിയന്‍ താരമായും ബെഞ്ചമിന്‍ മനെന്റ്റി മാറി. 25 പന്തില്‍ 37 റണ്‍സ് നേടിയാണ് ഹാരി മടങ്ങിയത്.
പിന്നാലെയെത്തിയവര്‍ ഇരട്ടയക്കം കാണാതെയും പരിക്കേറ്റ ക്യാപ്റ്റന്‍ വെയ്ന്‍ മാഡ്‌സണ്‍ ആബ്‌സെന്റ് ഹര്‍ട്ടായും പുറത്തായതോടെ ഇറ്റലി 134ന് മത്സരം അടിയറവ് വെച്ചു.
സ്‌കോട്‌ലാന്‍ഡിനായി മൈക്കല്‍ ലീസ്‌ക് നാല് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി മാര്‍ക് വാട്ട് തിളങ്ങിയപ്പോള്‍ ബ്രാഡ്‌ലി കറി, ബ്രാഡ് വീല്‍, ഒലിവര്‍ ഡേവിഡ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മൈക്കല്‍ ലീസ്‌ക്കാണ് കളിയിലെ താരം.
Content Highlight: T20 World Cup 2026: Scotland becomes 9th team to score 200+ total in T20 World Cup