| Saturday, 14th February 2026, 5:53 pm

'മൂന്ന് റണ്‍സില്‍ നാലായിരം'; രോഹിത്തിനെയും വിരാടിനെയും വെട്ടി ബട്‌ലര്‍

ഫസീഹ പി.സി.

2026 ടി – 20 ലോകക്കപ്പില്‍ സ്‌കോട്‌ലാന്‍ഡും ഇംഗ്ലണ്ടും തമ്മില്‍ പോരാടുകയാണ്. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ടീം 82 റണ്‍സെടുത്തിട്ടുണ്ട്.

22 പന്തില്‍ 36 റണ്‍സെടുത്ത ടോം ബാന്റണും ഒരു പന്തില്‍ ഒരു റണ്‍സെടുത്ത ഹാരി ബ്രൂക്കുമാണ് ക്രീസിലുള്ളത്. ജേക്കബ് ബേഥല്‍, ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ എന്നിവരുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. ബേഥല്‍ 27 പന്തില്‍ 32 റണ്‍സെടുത്ത് പുറത്തായപ്പോള്‍ സാള്‍ട്ട് മൂന്ന് പന്തില്‍ രണ്ട് റണ്‌സെടുത്താന്‍ തിരികെ നടന്നത്.

ജോസ് ബട്‌ലര്‍. Photo: Achyut Mishra/x.com

ബട്‌ലറാകട്ടെ നാല് പന്തില്‍ വെറും മൂന്ന് റണ്‍സാണ് എടുത്തത്. എന്നാല്‍, വലിയ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും അന്താരാഷ്ട്ര ടി – 20 യില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള നാലാമത്തെ താരമാകാന്‍ സാധിച്ചു. കൂടാതെ ഈ മൈല്‍സ്റ്റോണില്‍ ഏറ്റവും വേഗത്തില്‍ എത്തുന്ന താരമാണെന്ന പട്ടവും ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ സ്വന്തമാക്കി.

ബട്‌ലര്‍ വെറും 2690 പന്തുകള്‍ നേരിട്ടാണ് 4000 റണ്‍സ് പൂര്‍ത്തിയാക്കിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് താരത്തിന്റെ ഈ നേട്ടം. 2860 പന്തുകളില്‍ നിന്നായിരുന്നു രോഹിത് 4000 റണ്‍സ് അക്കൗണ്ടിലാക്കിയത്.

ടി – 20യില്‍ ഏറ്റവും വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(താരം – ടീം – പന്തുകള്‍ എന്നീ ക്രമത്തില്‍)

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 2690

രോഹിത് ശര്‍മ – ഇന്ത്യ – 2860

വിരാട് കോഹ്ലി – ഇന്ത്യ – 2900

ബാബര്‍ അസം – പാകിസ്ഥാന്‍ – 3081

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലാന്‍ഡ് 152 റണ്‍സിന് പുറത്തായിരുന്നു. ടീമിനായി ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ 32 പന്തില്‍ 49 റണ്‍സെടുത്ത് തിളങ്ങി. 20 പന്തില്‍ 33 റണ്‍സെടുത്ത മൈക്കല്‍ ജോണ്‍സും 18 പന്തില്‍ 24 റണ്‍സ് ടോം ബ്രൂസും ചേര്‍ത്തു. ഇവര്‍ക്കൊപ്പം ഒലിവര്‍ ഡേവിഡ്‌സണ്‍ 15 പന്തില്‍ 20 റണ്‍സെടുത്ത് പുറത്താവാതെ വന്നു.

ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചറും ലിയാം ഡോസണും രണ്ട് വിക്കറ്റുകളും ജെയ്മി ഒവേര്‍ട്ടണ്‍, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Content Highlight: T20 World Cup 2026: Jos Butler became fastest player to complete 4000 runs in T20I by surpassing Rohit Sharma and Virat Kohli

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more