2026 ടി-20 ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എസ്.എയ്‌ക്കെതിരെ 162 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് ഇന്ത്യ മോശമല്ലാത്ത സ്‌കോര്‍ സ്വന്തമാക്കിയത്.
പവര്‍പ്ലേയിലടക്കം വിക്കറ്റ് വീണ് വന്‍ സമ്മര്‍ദത്തിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ക്യാപ്റ്റന്‍ സൂര്യകുമാറിന്റെ ഇന്നിങ്‌സാണ് താങ്ങി നിര്‍ത്തിയത്.
സൂര്യയുടെ ചെറുത്തുനില്‍പ്പിനൊപ്പം സൂപ്പര്‍ താരം റിങ്കു സിങ്ങിന്റെ മോശം പ്രകടനവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. പവര്‍പ്ലേയില്‍ രണ്ട് ഗോള്‍ഡന്‍ ഡക്ക് അടക്കം 46 റണ്‍സിന് നാല് വിക്കറ്റ് വീണ സാഹചര്യത്തില്‍ ക്രീസിലെത്തുകയും 14 പന്തില്‍ വെറും ആറ് റണ്‍സ് നേടി പുറത്താവുകയും ചെയ്ത സാഹചര്യത്തിലാണ് താരത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നത്.
ഒറ്റ ബൗണ്ടറി പോലും നേടാതെ 42.86 എന്ന മോശം സ്‌ട്രൈക് റേറ്റിലാണ് റിങ്കു പുറത്തായത്. ടി-20 ഫോര്‍മാറ്റില്‍, അതും ലോകകപ്പ് വേദിയില്‍ ആരാധകര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത പ്രകടനമാണ് താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഫിനിഷറുടെ റോളില്‍ ടീമിലെത്തി സ്വന്തം ടീമിനെ ഫിനിഷ് ചെയ്യാന്‍ നോക്കുന്നോ എന്നാണ് ആരാധകര്‍ ഒരേ സ്വരത്തില്‍ ചോദിക്കുന്നത്. ടി-20 ലോകകപ്പില്‍ തന്നെ ടെസ്റ്റ് കളിച്ചല്ലോ എന്ന് ചോദിക്കുന്നവരും കുറവല്ല.
Photo: ട്രോള്‍ ക്രിക്കറ്റ് മലയാളം
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. അലി ഖാന്റെ പന്തില്‍ സഞ്ജയ് കൃഷ്ണമൂര്‍ത്തിക്ക് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
പിന്നാലെയെത്തിയ തിലക് വര്‍മയെ ഒപ്പം കൂട്ടി ഇഷാന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരുടെയും സ്വതസിദ്ധമായ വെടിക്കെട്ട് പിറന്നില്ലെങ്കിലും സാഹചര്യത്തിനനുസരിച്ച് ഇഷാനും തിലകും ബാറ്റ് വീശി. രണ്ട് ക്യാച്ച് ഡ്രോപ്പുകളും ഇന്ത്യയ്ക്ക് തുണയായി.
പവര്‍പ്ലേയിലെ അവസാന ഓവറില്‍ കിഷനെ മടക്കി ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് ഇന്ത്യയെ ഞെട്ടിച്ചു. മിലിന്ദ് കുമാറിന്റെ 16 പന്തില്‍ 20 റണ്‍സ് നേടിയാണ് ഇഷാന്‍ കിഷന്‍ പുറത്തായത്.
ഓവറിലെ അഞ്ചാം പന്തില്‍ തിലക് വര്‍മയും മടങ്ങി. മോനാങ്ക് പട്ടേലിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം. 16 പന്തില്‍ 256 റണ്‍സാണ് തിലക് സ്വന്തമാക്കിയത്. ശേഷമെത്തിയ വെടിക്കെട്ട് വീരന്‍ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴുന്ന സാഹചര്യത്തില്‍ പതിഞ്ഞാണ് സൂര്യ ബാറ്റ് വീശിയത്. നേരിട്ട 36ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ക്യാപ്റ്റന്‍ പിന്നാലെ ഗിയര്‍ ഷിഫ്റ്റ് ചെയ്തു.
ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളുമായി കളം നിറഞ്ഞാടിയ സ്‌കൈ അവസാന ഓവറില്‍ നേടിയ 21 റണ്‍സടക്കം 49 പന്തില്‍ 84 റണ്‍സ് സ്വന്തമാക്കി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 161 റണ്‍സിലെത്തി.
യു.എസ്.എയ്ക്കായി ഷാഡ്‌ലി വാന്‍ ഷാല്‍ക്‌വിക് നാല് വിക്കറ്റ് വീഴ്ത്തി. ഹര്‍മീത് സിങ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് മൊഹ്‌സീനും അലി ഖാനും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: T20 World Cup 2026: IND vs USA: Fans criticize Rinku Singh after his poor outings