| Monday, 9th February 2026, 11:58 am

കപ്പടിക്കുന്നത് ആരോ ആകട്ടെ, ഈ ലോകകപ്പ് അസോസിയേറ്റ് ടീമുകളുടേതായി അറിയപ്പെടും; ആദ്യ രണ്ട് ദിവസം അത് അടിവരയിടുന്നു

ആദര്‍ശ് എം.കെ.

‘ഐ.സി.സി ചെയ്ത ഏറ്റവും വലിയ കാര്യം ഈ ലോകകപ്പില്‍ കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കിയെന്നതാണ്’ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്നാണിത്. കേവലം എട്ടോ പത്തോ ടീമുകളെ മാത്രം ഉള്‍ക്കൊള്ളിച്ച് ‘ലോകകപ്പ്’ നടത്താതെ ക്രിക്കറ്റില്‍ വളര്‍ന്നുവരുന്ന ടീമുകളെ കൂടി ഉള്‍പ്പെടുത്തിയപ്പോള്‍ ടൂര്‍ണമെന്റിന്റെ ക്വാളിറ്റി നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടവര്‍ക്ക് മുമ്പില്‍ കരുത്ത് കാട്ടുകയാണ് അസോസിയേറ്റ് ടീമുകള്‍.

ക്രിക്കറ്റില്‍ പതിറ്റാണ്ടുകളുടെ പാരമ്പര്യവും ടെസ്റ്റ് പ്ലെയിങ് സ്റ്റാറ്റസുമുള്ള വമ്പന്‍മാരെ വിറപ്പിച്ച അസോസിയേറ്റ് ടീമുകള്‍ ക്രിക്കറ്റ് ലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ലോകകപ്പിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ തന്നെ ഇന്ത്യയും ഇംഗ്ലണ്ടും വിന്‍ഡീസുമടങ്ങുന്ന മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍ ടീമുകള്‍ കുഞ്ഞന്‍ ടീമുകളുടെ കരുത്തറിഞ്ഞു.

ലോകകപ്പിന്റെ ഓപ്പണിങ് മാച്ചില്‍ തന്നെ മിന്നോസ് വരവറിയിച്ചു. മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ വിറപ്പിച്ച് നെതര്‍ലന്‍ഡ്‌സ് കീഴടങ്ങി. ഡച്ച് പട ഉയര്‍ത്തിയ 148 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം അവസാന ഓവറിലെ മൂന്നാം പന്തില്‍ മാത്രമാണ് പാകിസ്ഥാന് മറികടക്കാന്‍ സാധിച്ചത്.

പാകിസ്ഥാനെതിരെ വിക്കറ്റ് നേട്ടം ആഘോഷിഷിക്കുന്ന നെതർലന്‍ഡ്സ് താരങ്ങള്‍. Photo: Cricket Netherlands

അവസാന ഓവറുകളില്‍ ഫഹീം അഷ്‌റഫിന്റെ ആളിക്കത്തലില്ലായിരുന്നെങ്കില്‍ കഴിഞ്ഞ ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരെ തോറ്റതുപോലെ ഇത്തവണ നെതര്‍ലന്‍ഡ്‌സിനോടും പാകിസ്ഥാന് പരാജയപ്പെടേണ്ടി വരുമായിരുന്നു.

ആദ്യ ദിവസത്തെ രണ്ടാം മത്സരത്തിലും കുഞ്ഞന്‍ ടീം കരുത്തുകാട്ടി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി കിരീടനേട്ടം ആവര്‍ത്തിച്ച വെസ്റ്റ് ഇന്‍ഡീസിനെ എളുപ്പത്തില്‍ വിജയിക്കാന്‍ അനുവദിക്കാതെയാണ് സ്‌കോട്‌ലാന്‍ഡ് പരാജയം സമ്മതിച്ചത്.

വിന്‍ഡീസിനെതിരെ ക്യാപ്റ്റന്‍ ടോം ബ്രൂസിന്‍റെ ബാറ്റിങ്. Photo: Cricket Scotland

സൂപ്പര്‍ താരങ്ങളെല്ലാം മിന്നുന്ന ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ടീമിന് യു.എസ്.എ ഒരു ഇരയാകില്ലെന്നാണ് ആദ്യ ദിവസത്തെ മൂന്നാം മത്സരത്തിന്റെ ടോസ് വരെ ക്രിക്കറ്റ് ആരാധകര്‍ ഒരുപോലെ വിചാരിച്ചത്. ടോസ് നേടിയ യു.എസ്.എ ബൗളിങ് തെരഞ്ഞെടുക്കുകയും ചെയ്തതോടെ അന്താരാഷ്ട്ര ടി-20യിലെ ആദ്യ 300 റണ്‍സ് ടോട്ടല്‍ പിറക്കുമെന്ന് പോലും ആരാധകര്‍ വിധിയെഴുതി. എന്നാല്‍ ക്രിക്കറ്റ് ദൈവങ്ങള്‍ കാത്തുവെച്ചത് മറ്റൊന്നായിരുന്നു.

രണ്ടാം ഓവറില്‍ വെടിക്കെട്ട് വീരന്‍ അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്ക്. പിന്നാലെയെത്തിയ തിലക് വര്‍മയും ക്രീസിലുണ്ടായിരുന്ന ഇഷാന്‍ കിഷനും കാര്യമായ ഇംപാക്ട് ഉണ്ടാക്കാതെ തിരിച്ചുനടന്നു. സിക്‌സറടികള്‍ക്ക് പേരുകേട്ട, ആറുച്ചാമിയെന്ന് ആരാധകര്‍ ആവേശപൂര്‍വം വിളിപ്പേര് നല്‍കിയ ശിവം ദുബെയും ഗോള്‍ഡന്‍ ഡക്കായതോടെ പവര്‍ പ്ലേ അവസാനിക്കും മുമ്പ് ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.

മിഡില്‍ ഓര്‍ഡറില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ പേരുകേട്ട ഹര്‍ദിക് പാണ്ഡ്യയെയും റിങ്കു സിങ്ങിനെയും ഒപ്പം വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും നിഷ്പ്രഭമാക്കിയ അമേരിക്കന്‍ ബൗളിങ് നിര പതറിയത് സാഹചര്യം മനസിലാക്കി ബാറ്റ് വീശിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മുമ്പില്‍ മാത്രമാണ്. സൂര്യയുടെ മനസാന്നിധ്യമൊന്ന് മാത്രമാണ് നൂറ്റാണ്ടിന്റെ അട്ടിമറിയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്.

ബൗളിങ്ങില്‍ മാത്രമല്ല, ബാറ്റിങ്ങിലും യു.എസ്.എ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. ഡി.എസ്.പി സിറാജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ യു.എസ് താരങ്ങളെ ‘അറസ്റ്റ് ചെയ്ത്’ പവലിയനിലേക്ക് മടക്കുമ്പോഴും ശുഭം രഞ്ജാനെ, സഞ്ജയ് കൃഷ്ണമൂര്‍ത്തി, മിലിന്ദ് കുമാര്‍ എന്നിവര്‍ പൊരുതി. ടി-20 ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ടീമിനോട് വീരോചിതമായി തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും ബാല്യകാലം വിട്ടുമാറാത്ത യു.എസ്.എ പരാജയം സമ്മതിച്ചത്.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന യു.എസ്.എ താരങ്ങള്‍. Photo: USA Cricket

അടുത്ത ഊഴം നേപ്പാളിന്റെതായിരുന്നു. വാംഖഡെ സ്റ്റേഡിയത്തെ കാഠ്മണ്ഡുവാക്കിയ ആരാധകരെ സാക്ഷിയാക്കി റൈനോസ് ഇംഗ്ലണ്ടിനെതിരെ ഒരു നിമിഷം വിജയം മുമ്പില്‍ കണ്ടു. 2026 ലോകകപ്പില്‍ ഇതുവരെയുണ്ടായിരുന്ന ഏറ്റവുമുയര്‍ന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ നേപ്പാള്‍ അവസാന പന്തില്‍ പരാജയപ്പെടുന്നത് വെറും നാല് റണ്‍സിനാണ്.

ജേകബ് ബേഥലിന്റെയും ഹാരി ബ്രൂക്കിന്റെയും അര്‍ധ സെഞ്ച്വറികളുടെ കരുത്തില്‍ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ ദീപേന്ദ്ര സിങ് ഐറി, ക്യാപ്റ്റന്‍ രോഹിത് പൗഡേല്‍, ലോകേഷ് ബാം എന്നിവരുടെ കരുത്തില്‍ മുന്നേറിയെങ്കിലും അവസാന ഓവറില്‍ സാം കറന് മുമ്പില്‍ ആ യാത്ര അവസാനിച്ചു.

ലോകേഷ് ബാമിന്‍റെ നിരാശ

സൂപ്പര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറെറിഞ്ഞ 18ാം ഓവറില്‍ മൂന്ന് സിക്‌സറടക്കം 22 റണ്‍സാണ് റൈനോസ് നേടിയത്. അടുത്ത ഓവറില്‍ 14 റണ്‍സും സ്വന്തമാക്കിയ റൈനോസിന് അവസാന ഓവറില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് വെറും പത്ത് റണ്‍സ് മാത്രമായിരുന്നു.

എന്നാല്‍ ക്യാപ്റ്റന്‍ തന്റെ മേല്‍ പുലര്‍ത്തിയ വിശ്വാസം സാം കറന്‍ കാത്തുസൂക്ഷിച്ചപ്പോള്‍ അവസാന ഓവറില്‍ പിറന്നത് വെറും അഞ്ച് റണ്‍സ് മാത്രം. ഇംഗ്ലണ്ട് നാല് റണ്‍സിന് രക്ഷപ്പെട്ടു.

ലോകമെമ്പാടമുള്ള ക്രിക്കറ്റ് ആരാധകരും ഇതിഹാസങ്ങളും നേപ്പാളിന്റെ പോരാട്ട വീര്യത്തിന് കയ്യടിച്ചു. പ്രോട്ടിയാസ് ലെജന്‍ഡ് തന്റെ സേവനം പോലും നേപ്പാളിന് വാഗ്ദാനം ചെയ്തു. ക്രിക്കറ്റ് ഭൂപടത്തില്‍ നേപ്പാള്‍ തങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുകയാണ്.

ഇറ്റലി, ഒമാന്‍, കാനഡ, യു.എ.ഇ, നമീബിയ തുടങ്ങി മറ്റ് അസോസിയേറ്റ് രാജ്യങ്ങളും ഇത്തവണ ലോകകപ്പിലുണ്ട്. കിരീടനേട്ടം സ്വപ്‌നം മാത്രമായി അവശേഷിക്കാനുള്ള സാധ്യതയാണ് ഇവര്‍ക്ക് മുമ്പിലുള്ളതെങ്കിലും ക്രിക്കറ്റില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ഇവര്‍ക്ക് തീര്‍ച്ചയായും സാധിക്കും.

Content Highlight: T20 World Cup 2026: Brilliant performance by associate teams

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more