2026 ടി-20 ലോകകപ്പിലെ ആദ്യ വിജയവുമായാണ് പാകിസ്ഥാന്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചത്. കൊളംബോയിലെ സിംഹളീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്.
ഡച്ച് ആര്‍മി ഉയര്‍ത്തിയ 148 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ മൂന്ന് പന്ത് ശേഷിക്കെ, ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കി.
31 പന്തില്‍ 47 റണ്‍സ് നേടിയ സാഹിബ്‌സാദ ഫര്‍ഹാന്റെയും അവസാന ഓവറുകളില്‍ മികച്ച പ്രകടനവുമായി കളം നിറഞ്ഞ ഫഹീം അഷ്‌റഫിന്റെയും മികവിലാണ് പാകിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്. 11 പന്തില്‍ പുറത്താകാതെ 29 റണ്‍സാണ് ഫഹീം നേടിയത്.
View this post on Instagram
മത്സരത്തില്‍ സൂപ്പര്‍ താരം ബാബര്‍ അസം വീണ്ടും നിരാശപ്പെടുത്തിയിരുന്നു. ആറ് ഡോട്ട് ബോളുകള്‍ ഉള്‍പ്പടെ 18 പന്തില്‍ വെറും 15 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. ഒരു ഫോര്‍ മാത്രമടിച്ച ബാബറിന് 83.33 എന്ന സ്‌ട്രൈക് റേറ്റ് മാത്രമാണുള്ളത്.
സമീപ കാലങ്ങളില്‍ തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന ബാബര്‍ ലോകകപ്പിലും തന്റെ മോശം പ്രകടനം തുടരുകയാണ്. ബിഗ് ബാഷ് ലീഗില്‍ അടക്കം നാണംകെട്ട ബാബര്‍ ടി-20യില്‍ താളം കണ്ടെത്താന്‍ സാധിക്കാതെ വിഷമിക്കുകയാണ്.
ക്രീസില്‍ ഉറച്ചുനിന്ന് സ്‌കോര്‍ ഉയര്‍ത്താനോ വെടിക്കെട്ട് സ്‌ട്രൈക് റേറ്റില്‍ ബാറ്റ് വീശി ടീമിന് ഗുണകരമാകുന്ന ഇംപാക്ട്ഫുള്‍ ഇന്നിങ്‌സ് പുറത്തെടുക്കാനോ സാധിക്കാത്ത ബാബര്‍ ടീമിന് ബാധ്യതയായി തുടരുകയാണ്.
നെതര്‍ലന്‍ഡ്‌സിനെതിരെ ടി-20യില്‍ രണ്ടാം മത്സരത്തിനാണ് കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ താരം ഇതിലേറെ നിരാശപ്പെടുത്തിയിരുന്നു.
നെതര്‍ലന്‍ഡ്‌സിനെതിരെ ടി-20യില്‍ ബാബര്‍ അസം
ഇന്നിങ്‌സ്: 2
റണ്‍സ്: 19
ശരാശരി: 9.5
സ്‌ട്രൈക് റേറ്റ്: 82.60
മോശം പ്രകടനം ലോകകപ്പിലും തുടര്‍ക്കഥയായതോടെ ബാബറിനെതിരെ ട്രോളുകളും ഉയരുകയാണ്. ‘സാധാരണയായി ഒരു രാജ്യത്തെ വീഴ്ത്തണമെങ്കില്‍ രാജാവിനെ ആദ്യം വീഴ്ത്തണം, എന്നാല്‍ ബാബറിന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ്. പാകിസ്ഥാനെ വീഴ്ത്തണമെങ്കില്‍ ബാബറിനെ പുറത്താക്കാതിരുന്നാല്‍ മതി’, ‘ലോകകപ്പാണെന്ന ബോധമില്ലാതെ ടി-20യില്‍ ഏകദിനം കളിക്കുന്നു’, ‘എന്നാലും ബാബറേ ലോകകപ്പില്‍ ഇത് വേണ്ടായിരുന്നു’ തുടങ്ങിയ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്.
അതേസമയം, ആദ്യ മത്സരം വിജയിച്ച പാകിസ്ഥാന്‍ നിലവില്‍ ഗ്രൂപ്പ് എ-യില്‍ രണ്ട് പോയിന്റോടെ ഒന്നാമതാണ്. ഗ്രൂപ്പില്‍ ഇന്ത്യയും യു.എസ്.എയും തങ്ങളുടെ ആദ്യ മത്സരത്തിന് ഇന്നിറങ്ങുന്നുണ്ട്.
ഫെബ്രുവരി പത്തിനാണ് പാകിസ്ഥാന്റെ അടുത്ത മത്സരം. യു.എസ്.എയാണ് എതിരാളികള്‍.
Content highlight: T20 World Cup 2026: Babar Azam failed once again