ആലപ്പുഴ: ‘സംവരണമല്ല സമയമാണ് ചോദിച്ചത്’ എന്ന വലത് നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെ പരാമര്‍ശത്തില്‍ വിശദമായ മറുപടിയുമായി അധ്യാപകനും സാമൂഹിക നിരീക്ഷകനുമായ ടി.എസ്. ശ്യാം കുമാര്‍. സംവരണത്തെ ആനുകൂല്യമായി കാണുന്ന മനോഭാവം അടിസ്ഥാനപരമായി ജനാധിപത്യ വിരുദ്ധമാണെന്ന് ശ്യാം കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ശ്യാം കുമാറിന്റെ പ്രതികരണം.
സ്ത്രീകള്‍ക്ക് ലഭിക്കുന്ന സംവരണാവകാശങ്ങള്‍ തുല്യനീതിയെ സ്ഥാപിക്കലാണ്. അല്ലാതെ അത് ആനുകൂല്യമല്ല. സംവരണത്തെ ജനാധിപത്യ അവകാശമായാണ് അംബേദ്കര്‍ കണ്ടതെന്നും ശ്യാം കുമാര്‍ പറയുന്നു.
മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ നടന്ന സംവാദത്തിനിടെയാണ് സമയമാണ് താന്‍ ചോദിച്ചതെന്നും സംവരണമല്ലെന്നും ശ്രീജിത്ത് പണിക്കര്‍ പറഞ്ഞത്. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ശ്രീജിത്തിനെതിരെ വേദിയില്‍ നിന്നും ഉയര്‍ന്നത്. സംസാരിക്കാന്‍ വേണ്ടത്ര സമയമില്ലെന്നും കാണികള്‍ അതിന് അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ശ്രീജിത്തിന്റെ പരാമര്‍ശം.
ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചിരുന്നു. ‘ഒരു ഭാഗത്ത് മൂന്ന് പേരും മറുഭാഗത്ത് ഒരാളുമുള്ളൊരു ചര്‍ച്ചയില്‍ കിട്ടേണ്ട മിനിമം സമയം പോലും അനുവദിക്കാതെ അനീതി നടക്കുമ്പോള്‍ ഞാന്‍ ചോദിക്കുന്നത് അവസരമാണ്, ആനുകൂല്യമല്ല എന്ന് സൂചിപ്പിച്ചാല്‍ അത് അംബേദ്കര്‍ വിരുദ്ധമാകുമത്രേ. അതെങ്ങനെയാണാവോ,’ എന്നായിരുന്നു ശ്രീജിത്തിന്റെ പോസ്റ്റ്. ഇതിന് മറുപടിയായാണ് ശ്യാം കുമാറിന്റെ പ്രതികരണം.
ബി.ആര്‍. അംബേദ്കറെ ആര്‍ക്ക് വേണമെങ്കിലും വിമര്‍ശിക്കാമെന്നും ശ്യാം കുമാര്‍ പ്രതികരിച്ചു. എന്നാല്‍ രാമനെ വിമര്‍ശിച്ചാല്‍ അതല്ല അവസ്ഥ. ബ്രാഹ്‌മണ്യമതത്തെ വിമര്‍ശിച്ചതിന്റെ പേരിലാണ് ഗോവിന്ദ് പന്‍സാരെയും ഗൗരി ലങ്കേഷും നിഷ്‌കരുണം ഹിന്ദുത്വത്താല്‍ ആക്രമിക്കപ്പെട്ടതെന്നും ശ്യാം കുമാര്‍ ചൂണ്ടിക്കാട്ടി.
‘സമയവാദികള്‍’ സംവരണത്തെ കേവലം ആനുകൂല്യമായി മാത്രം അവതരിപ്പിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. സംവരണത്തെ ആനുകൂല്യമായി കാണുന്നവര്‍ അംബേദ്കര്‍ അവതരിപ്പിച്ച പ്രാതിനിധ്യ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ലെന്ന് തന്നെയാണ് വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രാതിനിധ്യ ജനാധിപത്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ബി.ആര്‍. അംബേദ്കറുടെ ആശയങ്ങളെ തന്നെയാണ് ഹിന്ദുത്വ സമയവാദികള്‍ എതിര്‍ക്കുന്നതെന്നും ശ്യാം കുമാര്‍ കൂട്ടിച്ചേര്‍ത്തു. അംബേദ്കറെ സ്വാംശീകരിക്കാന്‍ വന്നവര്‍ അംബേദ്കര്‍ക്ക് മാത്രമായി വിമര്‍ശനാതീതമായ ഇന്‍സുലേഷന്‍ ഉണ്ടോയെന്നു ചോദ്യത്തിലേക്കുള്ള മാറ്റവും ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മറുപടി പോസ്റ്റിന് പിന്നാലെയും ശ്രീജിത്ത് പണിക്കര്‍ ശ്യാം കുമാറിനെ വെല്ലുവിളിച്ചുകൊണ്ട് പ്രതികരിച്ചു.
‘അംബേദ്കര്‍ ഇസ്‌ലാം, ഖുര്‍ആന്‍, പര്‍ദ, മുതാലാഖ്, മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്ര്യം, പള്ളിയില്‍ പോകാനുള്ള അവകാശം, ഇസ്‌ലാമിലെ ജാതിവ്യവസ്ഥ, ബഹുഭാര്യത്വം, മലബാര്‍ കലാപം, ബുദ്ധമതത്തെ ആക്രമിച്ചവര്‍, അവരുടെ ദേശസ്‌നേഹം, സാഹോദര്യം എന്നീ കാര്യങ്ങളെ കുറിച്ചുള്ള അംബേദ്കറുടെ നിലപാടുകളും പറയണമെന്നാണ് വെല്ലുവിളി.
Content Highlight: T.S.Syam Kumar’s reply to Sreejith Panicker