| Thursday, 5th June 2025, 11:10 am

ഇത്തരം വിഷകലമാര്‍ കേരളത്തില്‍ ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ച്ചിത്രം; കെ.പി. ശശികലയുടെ കഞ്ചാവ് പരാമര്‍ശത്തില്‍ ടി.എസ്. ശ്യാം കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ബിരിയാണിക്ക് പകരം കഞ്ചാവ് ചോദിച്ചാല്‍ കൊടുക്കുമോയെന്ന ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ടി.എസ് ശ്യാം കുമാര്‍. ബിരിയാണി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന വിഷകലമാര്‍ മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ച്ചിത്രമാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ഒരു കൊച്ചുകുഞ്ഞ് അങ്കണവാടിയില്‍ ബിരിയാണി ആവശ്യപ്പെട്ടു… ബഹു. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അത് ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചു. ബിരിയാണി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഉറഞ്ഞുതുള്ളുന്ന വിഷകലമാര്‍ മനുഷ്യര്‍ എന്ത് കഴിക്കണമെന്ന തീരുമാനത്തില്‍ ഇടപെടുന്നു എന്നതിനപ്പുറം കേരളത്തില്‍ സാംസ്‌കാരികമായി ശക്തമാവുന്ന ഹിന്ദുത്വ ബ്രാഹ്‌മണ്യത്തിന്റെ നേര്‍ച്ചിത്രമാണ് വെളിവാക്കുന്നത്, ശ്യാം കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

‘ബിര്‍ണാണി’യുടെ കാര്യം തീരുമാനമായെന്നും നാളെ ഏതെങ്കിലും ഹൈസ്‌കൂള്‍ വിരുതന്‍ ദിവസത്തിലിത്തിരി കഞ്ചാവ് അല്ലെങ്കില്‍ രാസന്‍ സ്‌കൂളില്‍ നിന്ന് തന്നാലെന്താന്ന് ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു എന്നാണ് ശശികല ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ ശശികലയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

അങ്കണവാടിയില്‍ ബിരിയാണി വേണമെന്ന ശങ്കുവിന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. ഇതിന് പിന്നാലെ മെനു പരിഷ്‌കരിക്കുമെന്ന് അന്ന് തന്നെ മന്ത്രി വീണ ജോര്‍ജ് കുട്ടികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് അങ്കണവാടിയിലെ മെനു പരിഷ്‌ക്കരിച്ചത്.

Content Highlight: T.S. Shyam Kumar on K.P. Sasikala’s remarks against the decision to provide biryani in Anganwadi

Latest Stories

We use cookies to give you the best possible experience. Learn more