ഹൈദരാബാദ്: രാജ്യത്തെ എല്ലാ ഹിന്ദു വീടുകളിലും തോക്ക് കരുതണമെന്ന ആഹ്വാനവുമായി തെലങ്കാനയിലെ ഗോഷാമഹല്‍ എം.എല്‍.എ ടി. രാജാ സിങ്. ഹിന്ദുക്കളുടെ സുരക്ഷ അപകടത്തിലാണെന്നും ഹിന്ദുക്കള്‍ തോക്കുകള്‍ സൂക്ഷിച്ചില്ലെങ്കില്‍ സ്വത്തിന്റെയോ സ്ത്രീകളുടേയോ സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ എം.എല്‍.എ പറഞ്ഞു. ഒരു കൂട്ടം സംഘ പരിവാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം തോക്കുമായി നില്‍ക്കുന്ന രാജ് സിങ്ങിന്റെ വീഡിയോ എ.എന്‍.ഐയും പങ്കുവെച്ചു.
‘നാം രണ്ട്, നമുക്ക് രണ്ട്’ നിയമം നടപ്പാക്കിയില്ലെങ്കില്‍ ഹിന്ദുക്കളുടെ സുരക്ഷയ്ക്കായി വീടുകളില്‍ ആയുധം സൂക്ഷിക്കേണ്ടത് അനിവാര്യമാണ്. ഹിന്ദുക്കള്‍ തോക്കുകള്‍ കൈവശം വച്ചില്ലെങ്കില്‍, സ്വത്തിനോ സഹോദരിമാര്‍ക്കോ പെണ്‍മക്കള്‍ക്കോ സുരക്ഷയുണ്ടാകില്ല. മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചാല്‍ പാകിസ്ഥാനിലേതിന് സമാനമായ അതിക്രമങ്ങള്‍ ഇന്ത്യയിലും ഉണ്ടാകും,’ രാജാ സിങ് പറഞ്ഞു.
ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ അടുത്ത 15 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ മൂന്ന് മടങ്ങ് വര്‍ധിക്കുമെന്ന് അവകാശപ്പെടുന്ന ഒരു പത്ര റിപ്പോര്‍ട്ടും സിങ് പരാമര്‍ശിച്ചു. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന ജനസംഖ്യാ കണക്കുകളുമായി തന്റെ ആശങ്കകളെ ബന്ധിപ്പിച്ചുകൊണ്ട്, ജനസംഖ്യ മൂന്ന് മടങ്ങ് വര്‍ധിച്ചാല്‍ ഹിന്ദുക്കള്‍ സുരക്ഷിതരായി തുടരില്ലെന്ന് സിങ് അവകാശപ്പെട്ടായി ദി ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനില്‍ നടക്കുന്നതായി അവകാശപ്പെട്ടതുപോലെയുള്ള ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍, മതപരിവര്‍ത്തനം, കൊലപാതകങ്ങള്‍, ബലാത്സംഗം എന്നിവ ഇന്ത്യയിലും ആരംഭിക്കാമെന്നും എം.എല്‍.എ ആരോപിച്ചു.
രാജ്യമെമ്പാടുമുള്ള ഹിന്ദുക്കളുടെ അനുഗ്രഹത്താല്‍ താന്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമര്‍ശിച്ച് സിങ് പറഞ്ഞു. പ്രധാനമന്ത്രി നേതൃത്വം ഏറ്റെടുത്താല്‍ എല്ലാം സാധ്യമാണെന്ന് വിശ്വസിക്കുന്നതായും സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ തോക്ക് സംസ്‌കാരത്തെ രാജ് സിങ് പ്രശംസിച്ചു. സംസ്ഥാനത്തെ എല്ലാ വീടുകളിലും
ലൈസന്‍സുള്ള തോക്ക് ഉണ്ടെന്നും ഉത്തര്‍പ്രദേശുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹിന്ദു വീടുകള്‍ക്കും രാജ്യമെമ്പാടും സമാനമായ ഒരു ക്രമീകരണം പാലിക്കണമെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.
‘ഉത്തര്‍പ്രദേശിലെ തോക്ക് സംസ്‌കാരം എനിക്ക് ഇഷ്ടമാണ്. എല്ലാ വീട്ടിലും ലൈസന്‍സുള്ള തോക്ക് ഉണ്ട്. അതുപോലെ, ഇന്ത്യയിലെ എല്ലാ ഹിന്ദു വീട്ടിലും ലൈസന്‍സുള്ള ഒരു തോക്ക് ഉണ്ടായിരിക്കണം,’ സിങ് പറഞ്ഞു.
2023ല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച രാജ സിങ് 2025ല്‍ പാര്‍ടി വിട്ടെങ്കിലും സംഘപരിവാറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനം. വര്‍ഗീയപ്രചാരണത്തില്‍ അദ്ദേഹത്തിന്റെ പേരില്‍ 18ഓളം കേസുകളുമുണ്ട്.
Content Highlight: T. Raja Singh, the MLA from Goshamahal in Telangana, has called for every Hindu household in the country to keep a gun