| Tuesday, 3rd March 2026, 6:04 pm

ഇഷയെ മലയാളികളുടെ ആയിഷയാക്കിയത് ദിനേഷ് പ്രഭാകറായിരുന്നോ? ചര്‍ച്ചയായി പോസ്റ്റ്

ഐറിന്‍ മരിയ ആന്റണി

നടന്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ് ദിനേഷ് പ്രഭാകര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ദിനേഷ് പിന്നീട് സ്വപ്‌നക്കൂട്, രസികന്‍, തസ്‌കരവീരന്‍, കറുത്തപക്ഷികള്‍, കുഞ്ഞിരാമായണം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ സ്പായിലും നടന്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

നിരവധി ജനപ്രിയ പരസ്യ ചിത്രങ്ങളുടെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായാണ് പ്രഭാകര്‍ തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍ എന്നിവര്‍ അഭിനയിച്ച മിക്ക ജനപ്രിയ പരസ്യങ്ങള്‍ക്കും അദ്ദേഹം ശബ്ദം നല്‍കിയിരുന്നു. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ച ദിനേഷ് പ്രഭാകരനെ കുറിച്ചുള്ള പുതിയൊരറിവാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

സിനിമാ നടന്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നതിലുപരി  ദിനേഷ് മലയാള സിനിമയില്‍ ഒരു കാസ്റ്റിങ് ഡയറക്ടര്‍ കൂടെയാണെന്ന വിവരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാകുന്നത്. തട്ടത്തിന് മറയത്തില്‍ ഇഷാ തല്‍വാര്‍ എന്ന മുംബൈക്കാരിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത് ദിനേഷാണ്. വിനോദിന്റെ ആയിഷയെ മലയാളികളുടെയല്ലാം ആയിഷയാക്കി മാറ്റിയതില്‍ ദിനേഷ് പ്രഭാകരനും ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇഷയെ വിനീത് ശ്രീനിവാസന് നിര്‍ദേശിച്ച് കൊടുത്തത് ഇദ്ദേഹമാണ്.

വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2012ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. സിനിമ കണ്ട ആരും ആയിഷയായി വന്ന ഇഷയെ മറന്നിട്ടുണ്ടാകില്ല. പിന്നീട് നിരവധി മലയാള സിനിമകളില്‍ ഇഷ തല്‍വാര്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ആയിഷയായിരിക്കും.

നടന്‍ എന്ന നിലയില്‍ മാത്രം പ്രേക്ഷകരുടെയിടയില്‍ അറിയപ്പെട്ടുകൊണ്ടിരുന്ന ദിനേഷ് കാസ്റ്റിങ് ഡയറക്ടര്‍ കൂടെയാണെന്നത് പലര്‍ക്കും പുതിയൊരറിവായിരുന്നു. എന്നാല്‍ ഇദ്ദേഹം പല സിനിമകളിലും ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ആളൊരു സിനിമ സംവിധാനം ചെയ്തിട്ടുണ്ടെന്നുമുള്ള കമന്റുകള്‍ പോസ്റ്റിന് താഴെ നിറഞ്ഞു. തിര, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, ലുക്കാ ചുപ്പി എന്നീ സിനിമകളിലും ദിനേഷ് കാസ്റ്റിങ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സ്പായാണ് ദിനേഷിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അഡള്‍ട്ട് കോഡി ഴോണറിലൊരുങ്ങിയ സിനിമയില്‍ ശ്രുതി മേനോന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, പൂജിതാ മേനോന്‍ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിലെത്തിയത്.

Content Highlight:  post is going viral claiming that Dinesh Prabhakar is the casting director of the movie Thattathin Marayathu 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more